വടക്കഞ്ചേരി: ശമ്പള കുടിശിക നല്‍കാത്തത് മൂലം നിര്‍ത്തിവച്ച വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാതയുടെ പണികള്‍ ഇന്ന് പുനരാരംഭിക്കും. ശമ്പള കുടിശികയെ തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളികളും കരാര്‍ അടിസ്ഥാനത്തില്‍ ജോലിയെടുക്കുന്ന ഡ്രൈവര്‍മാരും, ഉള്‍പ്പെടെയുള്ളവര്‍ ഡിസംബര്‍ ആദ്യവാരം സമരം ചെയ്തത് ദേശീയപാതാ പണികള്‍ മുടങ്ങാന്‍ കാരണമായിരുന്നു. പിന്നീട് പോലീസുള്‍പ്പെടെ ഇടപെട്ട് ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ച് പണി തുടര്‍ന്നത് ഡിസംബര്‍ 31 നകം കുടിശിക തീര്‍ക്കാം എന്ന വ്യവസ്ഥയിലായിരുന്നു.
എന്നാല്‍ കുടിശിക തീര്‍ക്കാത്തതിനാല്‍ ജനുവരി ഒന്നിന് വീണ്ടും സമരം ചെയ്യുകയും പണികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് ശനിയാഴ്ച്ച കരാര്‍ കമ്പനിയും സമരക്കാരും പോലീസും ചേര്‍ന്ന്് നടത്തിയ ചര്‍ച്ചയില്‍ കൊറോണക്ക് മുന്‍പുള്ള കുടിശ്ശിക ജനുവരി 15 നകം നല്‍കാമെന്നും, ബാക്കി തുക ഫെബ്രുവരി 15 നും മാര്‍ച്ച് 15നും ആയി രണ്ടു തവണകളായി നല്കാമെന്നുമുള്ള വ്യവസ്ഥയില്‍ സമരം ഒത്തുതീര്‍പ്പാവുകയായിരുന്നു.
തുടര്‍ന്ന് ഇന്നലെ മറ്റൊരു വിഭാഗം തൊഴിലാളികള്‍ പണിമുടക്കുകയും ചെയ്തതോടെ വീണ്ടും ആശങ്കയിലായി. എന്നാല്‍ വീണ്ടും പോലീസ് ഇടപെട്ട് ഇവര്‍ക്കായും ചര്‍ച്ച നടത്തുകയും കുടിശ്ശിക തീര്‍ക്കും എന്ന വ്യവസ്ഥയില്‍ ഇന്ന് മുതല്‍ പണി തുടങ്ങും എന്നും ഉറപ്പ് നല്കി. വടക്കഞ്ചേരി സിഐ ബി. സന്തോഷ്, കരാര്‍ കമ്പനി പ്രൊജക്ട് മാനേജര്‍ ബല്‍റാം റെഡ്ഡി, പിആര്‍ഒ അജിത്, സമരപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചര്‍ച്ച നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: