പരവൂര്‍: സഹകരണബാങ്ക് ഉദ്യോഗസ്ഥന് കൂടിയായ സിപിഎം നേതാവ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍. ലോക്കല്‍ കമ്മിറ്റി അംഗവും നെടുങ്ങോലം സഹകരണ ബാങ്ക് ജീവനക്കാരനുമായ കുട്ടന് സുരേഷ് വിഷം കഴിച്ച നിലയില്‍ വാടകവീട്ടില്‍ നാട്ടുകാര്‍ കണ്ടെത്തിയത് ഒന്നാം തീയതിയാണ്. തുടര്‍ന്ന് നാട്ടുകാര്‍ നെടുങ്ങോലം താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.
സിപിഎം ഭരിക്കുന്ന നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ കുട്ടന് സുരേഷ് ബാങ്കില്‍ സെക്രട്ടറിതല ഉദ്യോഗസ്ഥനായിരിക്കെ സാമ്പത്തിക ക്രമക്കേടിന് സസ്പെന്‍ഷനിലായിരുന്നു. കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ സിപിഎം ശക്തികേന്ദ്രം കൂടിയായ മുന്‍സിപ്പാലിറ്റിയിലെ ഒന്നാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി തോറ്റിരുന്നു. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് അവലോകനയോഗത്തില്‍ പങ്കെടുത്ത സിപിഎം ജില്ലാകമ്മിറ്റി അംഗം അടക്കമുള്ളവര്‍ രൂക്ഷമായി കുട്ടന്സുരേഷിനെ വിമര്‍ശിക്കുകയും ലോക്കല്‍ ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ചേരിതിരിഞ്ഞു കുട്ടനെ പ്രതികൂട്ടിലാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അന്ന് രാത്രി ഒന്നിനോടെ സിപിഎം ജില്ലാ നേതാവിനെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശിച്ച് പോസ്റ്റുമിട്ടു.
സിപിഎം ഭരിക്കുന്ന നെടുങ്ങോലം സര്‍വീസ് സഹകരണ ബാങ്കില്‍ കഴിഞ്ഞ വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ ഭരണസമിതിയെ ഒന്നാകെ മാറ്റി പുതിയ ഭരണസമിതിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് സഹകരണവകുപ്പ് നടത്തിയ ഓഡിറ്റിങ്ങില്‍ ഗുരുതരമായ ക്രമകേടുകള്‍ കണ്ടെത്തി. പൂതക്കുളം സര്‍വീസ് സഹകരണബാങ്കില്‍ താത്കാലിക ജീവനക്കാരി ആത്മഹത്യ ചെയ്തതിന് പിന്നാലെ കുട്ടന്‍സുരേഷിന്റെ ആത്മഹത്യ ശ്രമവും സിപിഎമ്മിനെ പ്രതികൂട്ടിലാക്കി.
സമഗ്രഅന്വേഷണം വേണമെന്ന് ബിജെപി
സിപിഎം നേതാവ് കുട്ടന് സുരേഷ് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.പ്രശാന്ത് ആവശ്യപ്പെട്ടു.
ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ശ്രമം. സിപിഎം ഭരിക്കുന്ന ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹം നേതാക്കന്മാര് നടത്തിയ അഴിമതി മറച്ച് വയ്ക്കാന്‍ ബലിയാടായതാണെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: