തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് അടച്ചിട്ട ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ബാറുകള്‍ കള്ള് ഷാപ്പുകള്‍, ബിയര്‍ വൈന്‍ പാര്‍ലറുകള്‍ എല്ലാം ബുധനാഴ്ച മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഉത്തരവ് നല്‍കിയെങ്കിലും എക്സൈസ് വകുപ്പിന്റെ ഉത്തരവ് കൂടി വേണം. ഇന്ന് ഉത്തരവ് ഇറങ്ങും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം മദ്യ വിപണനശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. ബിവറേജസിന്റെ പ്രവര്‍ത്തനസമയം രാവിലെ 7 മുതല്‍ രാത്രി 9 വരെ എന്നത് രാവിലെ 10 മുതല്‍ രാത്രി 9 വരെയാക്കി. ബവ്കോ , ബിവറേജസ് ഔട്ട് ലെറ്റുകളില്‍ മാത്രമെ ഇനി പാഴ്സല്‍ പാടുള്ളൂ.
തദ്ദേശ തെരഞ്ഞെടുപ്പില്‍ പണം ഒഴുക്കിയതിന് പ്രത്യുപകാരമായാണ് ബാറുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതെന്ന ആരോപണം ഉയര്‍ന്നു കഴിഞ്ഞു. കോടിക്കണക്കിന് രൂപയാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വേണ്ടി ബാറുടമകള്‍ ഒഴുക്കിയത്. പ്രചരണത്തിന് പ്രധാന ചുക്കാന്‍ പിടിച്ചതും ബാര്‍ മുതലാളിമാരായിരുന്നു ഓരോ ബാറുടമയ്ക്കും ഇത്ര വീതം പഞ്ചായത്തുകള്‍ വീതിച്ചു നല്‍കിയായിരുന്നു പണം ഒഴുക്കല്‍.
തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം കൊവിഡ് വ്യാപനം കൂടാന്‍ സാധ്യതയുണ്ടെന്നും രണ്ടാഴ്ച തീവ ജാഗ്രത വേണമെന്നുമുള്ള ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പ്രസ്താവനക്ക് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയന് ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നത്. സംസ്ഥാനത്തും രോഗ വ്യാപനം കൂടുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പല രാജ്യങ്ങളിലും വൈറസ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം ആശങ്ക പരത്തുന്നു. ഇതിനിടയിലാണ് ബാര്‍ മുതലാളിമാര്‍ക്ക് പ്രത്യുപകാരമെന്ന നിലയില്‍ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: