കൊട്ടാരക്കര: മൈലം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ വിജയം ബിജെപിക്ക് മധുരപ്രതികാരത്തിന്റെതു കൂടിയായി. പതിറ്റാണ്ടുകളായുള്ള ഇടതുമുന്നണി കുത്തക തകര്‍ത്ത് ബിജെപിയുടെ അംബിക ടീച്ചറാണ് ഇവിടെ ഐതിഹാസിക വിജയം നേടിയത്.
2015ലെ തെരഞ്ഞെടുപ്പില്‍ കേവലം 8 വോട്ടിന് നഷ്ടപ്പെട്ട വിജയം ഇത്തവണ 71 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അംബിക ടീച്ചര്‍ നേടിയെടുത്തത്. അംബിക ടീച്ചര്‍ 527 വോട്ട് നേടിയപ്പോള്‍ തൊട്ടുത്ത എല്‍ഡിഎഫ് സ്ഥാനാര്‍ഥി 456 വോട്ടാണ് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥിക്ക് കിട്ടിയതാകട്ടെ 224 വോട്ടും.
മൈലം പഞ്ചായത്തിന്റെ ഹൃദയഭാഗമായ പഞ്ചായത്ത് ഓഫീസ് സ്ഥിതിചെയ്യുന്ന അഞ്ചാംവാര്‍ഡില്‍ താമര വിരിയിക്കാനായതിന്റെ ആഹ്ലാദത്തിലാണ് ബിജെപി. അര നൂറ്റാണ്ടിലേറെയായി ആര്‍എസ്എസ് പ്രവര്‍ത്തനമുള്ള ഈ ഗ്രാമത്തിന്റെ ചിരകാല സ്വപ്നം പൂവണിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് മുഴുവന്‍ സംഘപരിവാര്‍ പ്രവര്‍ത്തകരും. അഴിമതിയും സ്വജനപക്ഷപാതവും കൊടികുത്തി വാണിരുന്ന ഇടത് അധികാരത്തിന്റെ കോട്ടയായിരുന്ന ഇവിടെ ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ തകര്‍ത്താണ് ബിജെപി ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ വെന്നിക്കൊടി നാട്ടിയത്. മൈലം ദേവീവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപികയാണ് അംബിക ടീച്ചര്‍.
വിപുലമായ ശിഷ്യസമ്പത്തും സ്കൂളുമായി ബന്ധപ്പെട്ടു നടത്തിയ അനവധി സേവന പ്രവര്‍ത്തനങ്ങളും ടീച്ചറുടെ വിജയത്തിന് നിദാനമായി. മൈലം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സമര്‍പ്പണം സേവാ സമിതി എന്ന സംഘടനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ് അംബിക ടീച്ചര്‍. സമ്മതിദായകര്‍ തന്നിലര്‍പ്പിച്ച വിശ്വാസവും സ്നേഹവും വാര്‍ഡ് മെമ്പര്‍ എന്ന രീതിയിലുള്ള തന്റെ പ്രവര്‍ത്തനത്തിന് കരുത്തു പകരുമെന്നാണ് ടീച്ചര്‍ കരുതുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: