കോഴിക്കോട്: കോണ്‍ഗ്രസ്സിനെ നിയന്ത്രിക്കുന്ന ശക്തിയായി മുസ്ലിംലീഗ് മാറിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥമാണെങ്കില്‍ സപ്തകക്ഷി മന്ത്രിസഭയിലെ ലീഗിന്റെ പങ്കാളിത്തം മുഖ്യമന്ത്രി തള്ളിപ്പറയണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എന്‍ഡിഎ ജനപ്രതിനിധികളുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ലീഗിന് ആദ്യമായി ഭരണാധികാരം നല്‍കിയത് സിപിഎമ്മാണ്. 1967ലെ തെരഞ്ഞെടുപ്പില്‍ സപ്തകക്ഷി മുന്നണി എന്ന പേരില്‍ സിപിഎം നേതൃത്വം നല്കിയ മുന്നണിയില്‍ ആദ്യമായി ലീഗിന് അംഗത്വം നല്‍കുകയും ലീഗിന് സംസ്ഥാന ഭരണത്തില്‍ പങ്കാളിത്തം നല്‍കുകയും ചെയ്തതിന്റെ ഉത്തരവാദിത്വം സിപിഎമ്മിനാണ്. ലീഗിന്റെ താത്പര്യത്തിന് വഴങ്ങി ഇഎംഎസ് മന്ത്രിസഭയാണ് മലപ്പുറം ജില്ല അനുവദിച്ചത്. തളി ക്ഷേത്ര പുനരുദ്ധാരണത്തിന് കേരളഗാന്ധി കെ. കേളപ്പജിയുടെ നേതൃത്വത്തില്‍ ഭക്തര്‍ ഇറങ്ങിയപ്പോള്‍ അവരെ അറസ്റ്റു ചെയ്തതും ഇഎംഎസ് മന്ത്രിസഭയായിരുന്നു. ലീഗാണ് അന്ന്ഇഎംഎസ് മന്ത്രിസഭയെ നിയന്ത്രിച്ചത്.
ലീഗിനെ ഇന്നത്തെ നിലയില്‍ എത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ സിപിഎമ്മിനും സിപിഎം നേതൃത്വത്തിനും പിണറായി വിജയനും സാധ്യമല്ല. ഫേസ്ബുക്ക് പ്രസ്താവന കൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാം. തെറ്റിദ്ധാരണ പരത്താം. എന്നാല്‍, 50 വര്‍ഷം കൊണ്ട് ഇതെല്ലാം ജനങ്ങള്‍ മറക്കില്ല. മുഖ്യമന്ത്രിയുടെ പ്രസ്താവന ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ സപ്തകക്ഷി മുന്നണിയില്‍ ലീഗിന് സ്ഥാനം നല്കിയ ഇ.എം.എസ്സിന്റെ നടപടി തെറ്റാണെന്ന് പറയാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിലെ ജനവിധി ഇത്തവണ എന്‍ഡിഎക്കും ബിജെപിക്കും അനുകൂലമാണ്. മുസ്ലിംലീഗും കോണ്‍ഗ്രസും സിപിഎമ്മിനെ പിന്തുണച്ചു. അതാണ് അവര്‍ക്ക് ഗുണകരമായത്. ലീഗാണ് യുഡിഎഫിന്റെ നേതൃത്വമെന്ന് താന്‍ തന്നെ നേരത്തെ വ്യക്തമാക്കിയതാണ്. കോണ്‍ഗ്രസ് ഇപ്പോള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന്റെ വളര്‍ച്ചയില്‍ ആശങ്കയുണ്ടെന്നും ലീഗിലെ ചിലര്‍ ഭീകരവാദത്തെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
ഹോട്ടല്‍ യാഷ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ. സജീവന് അദ്ധ്യക്ഷനായി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, സംസ്ഥാന സെക്രട്ടറിമാരായ പി. രഘുനാഥ്, അഡ്വ.കെ.പി. പ്രകാശ്ബാബു, മേഖലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി എം. മോഹനന്, സെക്രട്ടറി ടി. ചക്രായുധന്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: