കൊച്ചി: കേരള രാഷ്ട്രീയത്തില്‍ പുതിയ സമവാക്യം രൂപപ്പെടുന്നു. അനുദിനം തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് ബദലായി ബിജെപി മാറിക്കഴിഞ്ഞതായും ഇടതു മുന്നണിയും ബിജെപി നയിക്കുന്ന എന്‍ഡിഎയും തമ്മില്‍ നേരിട്ടുള്ള പോരിലേക്കാണ് കാര്യങ്ങള്‍ അതിവേഗം നീങ്ങുന്നതെന്നുമാണ് തദ്ദേശ തെരഞ്ഞെടുപ്പു ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയത് ബിജെപി മാത്രമാണെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. എല്‍ഡിഎഫിനും യുഡിഎഫിനും
സീറ്റുകള്‍ കുറഞ്ഞപ്പോള്‍ മുന്നൂറിലേറെ സീറ്റുകളുടെ വളര്‍ച്ചയാണ് ബിജെപിക്കുണ്ടായത്. നഗരസഭകളില്‍ വലിയ മുന്നേറ്റമാണ് കൈവരിച്ചത്. പല നഗരസഭകളിലും നിര്‍ണായക കക്ഷിയായി. 22 പഞ്ചായത്തുകള്‍ പിടിച്ച പാര്‍ട്ടി അനവധി പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, പല പഞ്ചായത്തുകളിലും മുഖ്യപ്രതിപക്ഷമാണ്. ഏതാനുംവോട്ടുകള്ക്കു മാത്രം വിജയം നഷ്ടപ്പെട്ട പഞ്ചായത്തുകളും ധാരാളം.
പന്തളത്ത് അടക്കം പലയിടങ്ങളിലും എല്‍ഡിഎഫില്‍ നിന്നാണ് ബിജെപി ഭരണം പിടിച്ചത്. മാത്രമല്ല നിരവധി പഞ്ചായത്തുകളില്‍ യുഡിഎഫ്, അഥവാ കോണ്‍ഗ്രസ് മൂന്നാം കക്ഷിയാണ്. പ്രധാന മത്സരം ബിജെപിയും ഇടതുപക്ഷവുമായിട്ടായിരുന്നുവെന്നാണ് ഇത് തെളിയിക്കുന്നത്. കോണ്‍ഗ്രസ് പലയിടത്തും മൂന്നാമതാണെങ്കില്പ്പോലും സീറ്റുകള്‍ വളരെക്കുറവ്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സിപിഎമ്മിന് വോട്ട് മറിച്ചിട്ടും നിലവിലുള്ള സീറ്റ് നില നിര്‍ത്താന്‍ കഴിഞ്ഞത് ബിജെപിയുടെ അടിത്തറ ശക്തമായിക്കഴിഞ്ഞുവെന്നതിന്റെ വ്യക്തമായ സൂചനയാണ്.
ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ക്രിസ്ത്യാനികള്‍, ബിജെപിയോട് അടുത്തു തുടങ്ങിയതായും വിജയങ്ങള്‍ സൂചിപ്പിക്കുന്നു. അതായത്, ബിജെപി വര്‍ഗീയ കക്ഷിയാണെന്ന പ്രചാരണത്തിന് ഇനി വലിയ നില നില്പ്പില്ലെന്നാണ് ഇത് കാണിക്കുന്നത്. ആറു വര്‍ഷം ബിജെപി കേന്ദ്രത്തില്‍ ഭരിച്ചിട്ടും ‘തങ്ങളെ ആരും രാജ്യത്തുനിന്ന് ഓടിച്ചിട്ടില്ല’ എന്ന് പലരും ചൂണ്ടിക്കാട്ടുന്നു.
ബിജെപിയുമായി നേര് പോര് ആയെന്നത് സിപിഎമ്മിനെ വല്ലാത്ത ആശങ്കയിലാഴ്ത്തുന്നു. വെള്ളിയാഴ്ച ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഈ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ബിജെപിയുടെ വളര്‍ച്ച കേരളത്തില്‍ കോണ്‍ഗ്രസിന്റെ വേരിനെ മാ്രതമല്ല ബാധിക്കുകയെന്ന് സിപിഎമ്മിന് നന്നായി അറിയാം. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റത്തില്‍ തകര്‍ന്നു പോയവയില്‍ സിപിഎമ്മുമുണ്ട്. ഒരിക്കല്‍ കോട്ട പോലെ കാത്ത സിപിഎം മേഖലകള്‍ ഇന്ന് ബിജെപിക്കൊപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസും സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ബിജെപിയെ നേരിടാനായിട്ടില്ല. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂലിനെ പുറത്താക്കി ഭരണം പിടിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി.
കേരളത്തിലും ഇത്തരമൊരു അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന് സിപിഎമ്മിന് വ്യക്തമായിട്ടുണ്ട്. നേതാക്കളുടെ പരസ്യ പ്രസ്താവനകളിലും പ്രസംഗങ്ങളിലും ബിജെപിയെ നിസ്സാരവല്‍ക്കരിക്കാനാണ് ശ്രമമെങ്കിലും നേര്‍ക്കു നേര് പോര് വന്നാല്‍ ബിജെപിയോട് പിടിച്ചു നില്‍ക്കാനാകില്ലെന്ന് അവര്‍ക്കറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: