എല്ലാവരെയും എല്ലാക്കാലവും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന് പറയാറുണ്ടല്ലോ. മതന്യൂനപക്ഷങ്ങളുടെ മനോഭാവത്തില്‍ വന്നുകൊണ്ടിരിക്കുന്ന മാറ്റം കാണുമ്പോള്‍ ഓര്മ വരുന്നതും ഈ ചൊല്ലാണ്. മതന്യൂനപക്ഷ വിഭാഗങ്ങള്‍ സംഘടിതരാണ് എന്ന കാരണത്താല്‍ അവരുള്‍പ്പെടുന്ന വോട്ടുബാങ്കിന്റെ പിന്തുണയാര്ജിക്കുന്നതിനുവേണ്ടി തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനും കുപ്രചാരണങ്ങള്‍ നടത്താനും കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും കാലങ്ങളായി പരസ്പരം മത്സരിക്കുകയായിരുന്നു. ഹിന്ദുത്വ- ദേശീയ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള ഈ വിഭാഗീയ രാഷ്ട്രീയം യഥാര്‍ത്ഥത്തില്‍ മതന്യൂനപക്ഷങ്ങളുടെ ഉത്തമ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതായിരുന്നില്ല. കേരളത്തിലെ മുന്നണി രാഷ്ട്രീയം ഇതിന്റെ ഒരു പരീക്ഷണശാല തന്നെയായിരുന്നു. പ്രാദേശികവും ദേശീയവും ആഗോളവുമായ പ്രശ്നങ്ങളെ മുന്‍നിര്‍ത്തി മതന്യൂനപക്ഷങ്ങളില്‍ ഒരേസമയം അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അമര്‍ഷം നിറയ്ക്കുകയും ചെയ്തിട്ടുള്ളതിന്റെ നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. കേരളത്തിന്റെ കാര്യമെടുത്താല്‍ 1972 ലെ തലശ്ശേരി കലാപത്തെക്കുറിച്ച് അന്വേഷിച്ച വിതയത്തില്‍ കമ്മീഷന് റിപ്പോര്‍ട്ടിലൂടെ കണ്ണോടിക്കുന്നവര്‍ക്ക് ഒരു വസ്തുത ബോധ്യമാവും. പലപ്പോഴും ന്യൂനപക്ഷ സംരക്ഷകര്‍ ചമയുന്ന ഇടതുപാര്‍ട്ടികള്‍ അവരെ മതപരമായിത്തന്നെ ദ്രോഹിക്കുന്നു. തലശ്ശേരി കലാപം ഇത് കാട്ടിത്തരുന്നുണ്ട്.
ദേശീയതലത്തില്‍ മുസ്ലിങ്ങളെ മാത്രമല്ല, മതന്യൂനപക്ഷങ്ങളെ ഒന്നടങ്കം വഴിതെറ്റിക്കാന്‍ ഉപയോഗിച്ച ഒന്നാണ് രാമജന്മഭൂമി പ്രശ്നം. ആ പ്രശ്നം രമ്യമായി പരിഹരിക്കാനാണ് ഹിന്ദുത്വ-ദേശീയ സംഘടനകള്‍ തുടക്കം മുതല്‍ ആഗ്രഹിച്ചതും ശ്രമിച്ചതും. മുസ്ലിങ്ങളിലെ വിവേകമതികളായ ഒരു വിഭാഗവും ഇങ്ങനെ ചിന്തിച്ചവരാണ്. പക്ഷേ ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരമുണ്ടായാല്‍ സാമുദായിക മൈത്രി ശക്തിപ്പെടുമെന്നും, ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള അവസരം നഷ്ടമാകുമെന്നും ചിന്തിച്ച ‘ന്യൂനപക്ഷ പ്രേമികള്‍’ വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിച്ച് സമുദായങ്ങള്‍ക്കിടയില്‍ മതിലുകള്‍ കെട്ടിപ്പൊക്കുകയായിരുന്നു. കോടതിക്കു പുറത്ത് വിജയത്തിലേക്കു നീങ്ങേണ്ടിയിരുന്ന സംഭാഷണങ്ങളും മധ്യസ്ഥ ശ്രമങ്ങളും ഇക്കൂട്ടര്‍ തുടക്കത്തിലെ അട്ടിമറിച്ചു. ഒടുവില്‍ കോടതിയില്‍നിന്നുപോലും രമ്യമായ പരിഹാരമുണ്ടാവുന്നത് തടയാന്‍ ശ്രമം നടന്നു. വൈകിയാണെങ്കിലും പരമോന്നത നീതിപീഠം വിധി പറഞ്ഞപ്പോള്‍ സമൂഹം അത് തുറന്ന മനസ്സോടെ സ്വീകരിക്കുകയും ചെയ്തു. ചില അയല്‍രാജ്യങ്ങളില്‍നിന്ന് മതപരമായ പീഡനം മൂലം പലായനം ചെയ്യുന്നവര്‍ക്ക് പൗരത്വം നല്കുന്ന നിയമഭേദഗതിക്കെതിരായ പ്രക്ഷോഭവും അങ്ങേയറ്റം തെറ്റിദ്ധാരണാജനകമായിരുന്നു. ഭാരതത്തിലെ ഒരൊറ്റയാളുടെ പോലും പൗരത്വം നഷ്ടപ്പെടുത്തുന്നതല്ലാതിരുന്നിട്ടും ഈ നിയമം മുസ്ലിം വിരുദ്ധമായി ചിത്രീകരിക്കപ്പെട്ടു. ചില ശിഥിലീകരണ ശക്തികള്‍ മതപരമായ ധ്രുവീകരണത്തിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. എല്ലാവര്ക്കും നീതി, ആരോടുമില്ല പ്രീണനം എന്ന തത്വത്തില്‍ വിശ്വസിക്കുന്നതാണ് ബിജെപിയുടെ പാരമ്പര്യം. മതത്തിന്റെ പേരിലുള്ള വിഘടനവാദത്തെയും, എല്ലാത്തരം മതാധിപത്യങ്ങളെയും ഈ പാര്‍ട്ടി എതിര്‍ക്കുകയും ചെയ്യുന്നു.
ഹിന്ദുത്വ-ദേശീയ പ്രസ്ഥാനങ്ങളെക്കുറിച്ച് രാഷ്ട്രീയ പ്രതിയോഗികള്‍ ബോധപൂര്‍വം സൃഷ്ടിച്ച മുന്‍വിധികള്‍ മതന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ കയ്യൊഴിയുകയാണ്. സര്‍വാശ്ലേഷിയായ സനാതന ധര്‍മത്തിന്റെ മഹത്വത്തെക്കുറിച്ചും, സമകാലിക വിഷയങ്ങളില്‍ അതിന്റെ പ്രസക്തിയെക്കുറിച്ചും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് ഹൃദയത്തിന്റെ ഭാഷയില്‍ ആവര്‍ത്തിച്ച് സംസാരിക്കുന്നത് ഇതിലേക്ക് നയിച്ച ഘടകങ്ങളിലൊന്നാണ്. സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമീപനം സാര്‍ത്ഥകമാക്കുന്ന ഭരണം വന്‍തോതില്‍ മതന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടിയിരിക്കുന്നു. ജനസംഖ്യയില്‍ മുസ്ലിങ്ങള്‍ ഗണ്യമായ സംസ്ഥാനങ്ങളില്‍ ബിജെപി നേടുന്ന തെരഞ്ഞെടുപ്പു വിജയങ്ങള്‍ ഇതിന് തെളിവാണ്. ഗോവയിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ക്രൈസ്തവ ജനവിഭാഗങ്ങള്‍ ബിജെപിക്കൊപ്പമാണ്. സംസ്കാരത്തിന്റെയും ജനക്ഷേമത്തിന്റെയും സാമൂഹ്യ നീതിയുടെയും സുഗന്ധമുള്ള ഈ കാറ്റ് കേരളത്തിലും വീശിത്തുടങ്ങിയിരിക്കുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്‍ 400 ലേറെ പേര് മതന്യൂനപക്ഷങ്ങളില്‍പ്പെടുന്നവരാണ്. ഇതില്‍തന്നെ 117 പേര് മുസ്ലിങ്ങളും 12 പേര് മുസ്ലിം വനിതകളുമാകുമ്പോള് ചിത്രം വ്യക്തമാണ്. മതം ഭിന്നിപ്പിക്കാനുള്ളതല്ല, ഒന്നിപ്പിക്കുന്നതിനാവണം. ഈ സത്യം മനസ്സിലാക്കുന്നവര്‍ ദേശീയ മുഖ്യധാരയുമായി ഐക്യം പ്രഖ്യാപിക്കുന്നത് സ്വാഭാവികം. ഇതിന്റെ സദ്ഫലങ്ങള്‍ക്കുവേണ്ടി നമുക്ക് കാത്തിരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: