ഹരിപ്പാട്: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തത്ത്വമസി അയ്യപ്പദര്‍ശനം 2020ന് തുടക്കമായി. എല്ലാവീടും സന്നിധാനം എല്ലാവര്ക്കും പൊരുളയ്യപ്പന്‍ എന്ന സന്ദേശവുമായി ലോകത്താകമാനമുള്ള അയ്യപ്പഭക്തര്‍ക്ക് ദര്ശനസായൂജ്യമേകണമെന്ന ലക്ഷ്യത്തോടെ അയ്യപ്പസേവാസമാജവും അയ്യപ്പ ഭക്തജനക്കൂട്ടായ്മയും ചേര്‍ന്ന് ഓണ്‍ലൈനിലാണ് അയ്യപ്പദര്‍ശനത്തിന് തുടക്കം കുറിച്ചത്. ശബരിമല മുന്‍മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭഗവതിസേവയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ശബരിമല ക്ഷേത്രത്തിന്റെ മാതൃകയില്‍ താത്കാലിക ക്ഷേത്രം നിര്‍മിച്ചാണ് ഭക്തരെ അയ്യപ്പ സന്നിധിയിലേക്ക് ആനയിക്കുന്നത്. പ്രധാനപൂജകളും ചടങ്ങുകളും ഇന്ന് രാവിലെ ആറിന് ഗണപതിഹോമത്തോടെ ആരംഭിക്കും. സൂര്യകാലടിമന സൂര്യന് ഭട്ടതിരിപ്പാടാണ് ഗണപതിഹോമത്തിന്റെ മുഖ്യകാര്‍മ്മികന്‍. തുടര്‍ന്ന് 7.30ന് തൃക്കൊടിയേറ്റ്. തുടര്‍ന്ന് ഉഷപ്പൂജയും അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതവും. വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ ചടങ്ങുകള്‍ സമാപിക്കും.
ഇന്നലെ ലോകത്താകമാനമുള്ള അയ്യപ്പഭക്തര്‍ക്ക് സുധീര്‍ നമ്പൂതിരി തത്ത്വമസിയുടെ പൊരുളും ഒരുവര്‍ഷം അയ്യപ്പസേവ ചെയ്തതിന്റെ പുണ്യത്തെക്കുറിച്ചും അനുഭവങ്ങളും വിവരിച്ചു. മലയിറങ്ങിയാലും അയ്യപ്പന്റെ സാമീപ്യവും സാന്നിധ്യവും അനുഭവിച്ചറിയാനുള്ള ഭാഗ്യമാണ് ഒരുവര്‍ഷത്തെ അയ്യപ്പസേവയിലൂടെ ലഭിച്ചെതെന്നും ഗുരുപരമ്പരകളുടേയും പൂര്‍വികരുടേയും അനുഗ്രഹമാണ് ദേവചൈതന്യത്തെ പൂജിക്കുന്നതിലൂടെ ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: