തൃശൂര്‍: വിവാഹാഭ്യാര്‍ത്ഥന നിരസിച്ചതിന് എഞ്ചിനീയറിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ ചിയ്യാരം വല്‍സാലയത്തില്‍ കൃഷ്ണരാജ് മകള്‍ നീതു (21) വിനെ കുത്തിപരിക്കേല്പിച്ച ശേഷം പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വടക്കേക്കാട് കല്ലൂര്‍കാട്ടയില്‍ വീട്ടില്‍ നിധീഷ് (27) കുറ്റക്കാരനെന്ന് തൃശ്ശൂര്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി. ശിക്ഷ് 23 ന് പ്രഖ്യാപിക്കും.
2019 ഏപ്രില്‍ 4ന് രാവിലെ 6.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിധീഷ് നീതുവിനോട് നടത്തിയ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യം മൂലം നിധീഷ് നീതുവിനെ കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട നീതുവിന്റെ മാതാവ് വളരെ മുമ്പു തന്നെ മരണപ്പെട്ടപോവുകയും, പിതാവ് മറ്റൊരു വിവാഹം കഴിച്ച് പുറമെ താമസിച്ചു വരികയുമാണ്. തുടര്‍ന്ന് ചിയ്യാരത്തുള്ള അമ്മാവന്റെ വീട്ടില്‍ താമസിച്ചാണ് നീതു പഠനം നടത്തിയിരുന്നത്.
കാക്കനാടുള്ള ഐ.ടി കമ്പനിയില്‍ ജീവനക്കാരനായ നിധീഷ് കളമശ്ശേരിയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. കളമശ്ശേരിയില്‍ നിന്ന് കത്തിയും, വിഷവും നായരങ്ങാടിയിലെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോളും വാങ്ങിയാണ് പ്രതി സംഭവസ്ഥലത്തെത്തിയത്. രാവിലെ 6.45ന് മോട്ടോര്‍ സൈക്കിളില്‍ നീതുവിന്റെ വിടിന്റെ പിന്‍വശത്ത് എത്തിയ പ്രതി മോട്ടോര്‍ സൈക്കിള്‍ റോഡരികില്‍ വെച്ചതിനു ശേഷം പുറകിലെ വാതിലിലൂടെ വീട്ടിലേക്ക് കയറി ബാത്റൂമില്‍ അതിക്രമിച്ചു കയറി നീതുവിനെ കഴുത്തിലും, നെഞ്ചിലും, വയറിലും മറ്റും മാരകമായി കുത്തി പരിക്കേല്പിച്ച്, അരിശം തീരാതെ പെട്രോളൊഴിച്ച് കത്തിച്ചതിനെ തുടര്‍ന്ന് നീതു കൊല്ലപ്പെടുകയായിരുന്നു. തുടര്‍ന്ന് നിലവിളി കേട്ട് ഓടിയെത്തിയ നീതുവിന്റെ അമ്മാവന്മാരും, അയല്‍വാസികളും കൂടി, വീട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി നിധീഷിനെ പിടികൂടി നെടുപുഴ പോലീസിലേല്പിക്കുകയായിരുന്നു.
67സാക്ഷികള്‍ ഉണ്ടായിരുന്ന കേസില്‍ കേസില്‍ മരണപ്പെട്ട നീതുവിന്റെ മുത്തശ്ശിയും, അമ്മാവന്മാരും അയല്പക്കക്കാരും ഉള്‍പ്പെടെ 38 പേരെ പ്രോസിക്യൂഷനു വേണ്ടി വിസ്തരിച്ചു. 5 സാക്ഷികളെ പ്രോസിക്യൂഷന് ഭാഗത്തു നിന്നും ഹര്‍ജി നല്കി കൂടുതലായി ചേര്‍ത്താണ് വിസ്തരിച്ചത്. കേസില്‍ 58 രേഖകളും, 31 തൊണ്ടിമുതലുകളും പ്രോസിക്യൂഷന് ഭാഗത്തു നിന്നും ഹാജരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: