ആലപ്പുഴ: വിവാദ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഇടതുപക്ഷത്തിന്റെ ബോധപൂര്‍വമായ ശ്രമം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയായ ശബരിമല യുവതീ പ്രവേശനം, ഇപ്പോള്‍ സര്‍ക്കാരിനെയും, മുഖ്യമന്ത്രിയേയും പോലും പ്രതിക്കൂട്ടിലാക്കുന്ന സ്വര്‍ണക്കടത്ത് തുടങ്ങിയ വിഷങ്ങളിലാണ് ഇടതുപക്ഷം മൗനം പാലിക്കുന്നത്.
ശബരിമലയില്‍ ആചാരലംഘനത്തിന് സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ എല്ലാവിധ ഒത്താശയും നല്‍കിയത് സിപിഎമ്മും, സിപിഐമായിരുന്നു. ആചാരലംഘകര്‍ക്ക് പിന്തുണപ്രഖ്യാപിച്ച് നടത്തിയ സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് വനിതാ മതിലില്‍ അണിനിരന്ന നിരവധി പേര് ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായുണ്ട്. അക്കാലയവളില്‍ നവോത്ഥാനത്തിന്റെ വക്താക്കളെന്ന് പേരില്‍ തിളങ്ങാന്‍ സമൂഹമാദ്ധ്യമങ്ങളില്‍ മതിലില്‍ കണ്ണികളായതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ അതെല്ലാം നീക്കം ചെയ്തു തുടങ്ങി. ചിലയിടങ്ങളില്‍ ഇടതുവനിതാ സ്ഥാനാര്‍ത്ഥികള്‍ തങ്ങള്‍ വിശ്വാസികളാണെന്ന തെളിയിക്കാന്‍ ചന്ദനക്കുറി പോലും അണിയുന്നു.
കോവിഡ് മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ക്ഷേത്രോത്സവങ്ങള്‍ ചടങ്ങുകള്‍ മാത്രമായാണ് നടക്കുന്നത്. ചിലയിടങ്ങളില്‍ ഉത്സവം നടത്തുന്നതിന് കൂടുതല്‍ ഇളവ് അനുവദിച്ചത് സ്ഥാനാര്‍ത്ഥിയുടെയും, മന്ത്രിയുടെയും ഇടപെടലിനെ തുടര്‍ന്നാണെന്ന് പ്രചരിപ്പിക്കാനും ശ്രമം നടത്തുന്നു. ശബരിമലയിലെ ആചാരലംഘനങ്ങള്‍ക്കെതിരെ നടത്തിയ നാമജപത്തെ തെറിജപമെന്ന് അധിക്ഷേപിച്ച മന്ത്രി തോമസ് ഐസക്കും, ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന് വിശ്വാസികളെ വെല്ലുവിളിക്കുകയും, തന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത മന്ത്രി ജി. സുധാകരനും നയിക്കുന്ന ജില്ലയിലെ ഇടതുപക്ഷത്തിനെതിരെ ശക്തമായ വികാരം ഉയരുമെന്ന് കണ്ടുള്ള തന്ത്രങ്ങളാണ് ഇടതുപക്ഷം പയറ്റുന്നത്. കേന്ദ്രഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച റോഡുകള്‍, പേരുമാറ്റി നടപ്പാക്കിയ കേന്ദ്രപദ്ധതികള്‍ തുടങ്ങിയവ സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടിയുള്ള പ്രചാരണമാണ് ഇടതുപക്ഷം നടത്തുന്നത്.
മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പ്രതിക്കൂട്ടിലായ സ്വര്‍ണക്കടത്ത്, സര്‍ക്കാര്‍ അഭിമാന പദ്ധതികളായി പ്രഖ്യാപിച്ച ലൈഫ്, കെ ഫോണ്‍ തുടങ്ങിയവയിലെ അഴിമതിയും, കമ്മീഷനും, കിഫ്ബി തട്ടിപ്പ്, മകന് മയക്കുമരുന്ന് കേസില്‍ പ്രതിയായതിനെ തുടര്‍ന്നുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ രാജി തുടങ്ങിയ വിഷയങ്ങളില്‍ മൗനം പാലിക്കാനാണ് നേതൃത്വം അണികള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം. ചോദ്യങ്ങള്‍ ഉയരുകയാണെങ്കില്‍ നല്‍കേണ്ട മറുപടികളും ക്യാപ്സൂളുകളായി നേതൃത്വം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: