കാസര്‍കോട്: മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീന് എംഎല്‍എ 150 കോടിയോളം രൂപയുടെ ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായതോടെ ലീഗ് നേതൃത്വം പ്രതിരോധത്തില്‍. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന സാഹചര്യത്തിലാണ് എംഎല്‍എ ഉള്‍പ്പെടെ പ്രമുഖരായ രണ്ട് ലീഗ് നേതാക്കള്‍ തട്ടിപ്പ് കേസില്‍ പ്രതികളായതോടെ മുസ്ലിംലീഗ് നേതൃത്വം പ്രതിരോധത്തിലാക്കിയിരിക്കുന്നു.
മുസ്ലിം ലീഗിനും യുഡിഎഫിനും ഓര്‍ക്കാപുറത്ത് കിട്ടിയ പ്രഹരമാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്റെ അറസ്റ്റ്. വഞ്ചിക്കപ്പെട്ട നിക്ഷേപകര്‍ ബഹുഭൂരിപക്ഷവും ലീഗ് പ്രാദേശിക നേതാക്കളും ബന്ധുക്കളും അനുഭാവികളുമാണെന്നതാണ് നേതൃത്വത്തെ കുഴക്കുന്ന പ്രശ്നം.
കേസില്‍ കമറുദ്ദീനൊപ്പം പ്രതിയായ പൂക്കോയ തങ്ങള്‍ ലീഗ് ജില്ലാ ഭാരവാഹിയും ഇ. കെ വിഭാഗം സുന്നി നേതാവാണ്.
കമറുദ്ദീനേയും പൂക്കോയ തങ്ങളേയും മുന്നില്‍ കണ്ടും ഇവരുടെ വാക്കുകള്‍ വിശ്വസിച്ചുമാണ് നിരവധി സാധാരണക്കാര്‍ ഫാഷന്‍ ഗോള്‍ഡില്‍ പണം നിക്ഷേപിച്ചത്. തട്ടിപ്പിന് ഇരയായവരില്‍ ഏറെയും സ്ത്രീകളാണ്. കുടുംബശ്രീ പ്രവര്‍ത്തകര്‍ അടക്കമുള്ള സാധാരണക്കാര്‍ ഇതില്‍പ്പെടും. കല്ലട്ര മാഹിന്‍ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നല്‍കാനുള്ള നീക്കം നേരത്തെ മുസ്ലിംലീഗ് നടത്തിയിരുന്നു. എന്നാല്‍ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചെലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തില്‍ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു.
മലപ്പുറം, കോഴിക്കോട് ജില്ലകള്‍ പോലെ ലീഗിന് വലിയ രാഷ്ട്രീയ സ്വാധീനമുള്ള ജില്ലയാണ് കാസര്‍കോട്. ഇവിടത്തെ ഒരു എം എല്‍ എ തട്ടിപ്പ് കേസില്‍ അറസ്റ്റിലായെന്നത് തിരഞ്ഞെടുപ്പില്‍ പ്രതിരോധിക്കുക യുഡിഎഫിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. ലീഗ് നേതൃത്വം പ്രശ്ന പരിഹാരത്തിനായി നേരത്തെ മധ്യസ്ഥ ശ്രമമെല്ലാം നടത്തിയിരുന്നു. എന്നാല്‍ കല്ലട്ര മാഹിന്‍ ഹാജിയുടെ നേതൃത്വത്തിലുള്ള മധ്യസ്ഥ ശ്രമമെല്ലാം ഇപ്പോള്‍ ഉപേക്ഷിച്ചിരിക്കുകയാണ്. കമറുദ്ദീന്റെ മാത്രം പ്രശ്നമെന്ന നിലയിലേക്ക് തള്ളിവിട്ട് കേസില്‍ നിന്ന് രക്ഷപ്പെടാനാണ് ലീഗ് ശ്രമിക്കുന്നത്. ആരുടേയും പണം നഷ്ടപ്പെടില്ലെന്നും പാര്‍ട്ടികൂടെയുണ്ടാകുമെന്നും നേരത്തെ സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മധ്യസ്ഥ ശ്രമംവരെ ഉപേക്ഷിച്ച് നിക്ഷേപകരെ പാര്‍ട്ടി പൂര്‍ണമായും കൈയ്യൊഴിയുകയായിരുന്നു. നിക്ഷേപകരുടെ ബാധ്യത തീര്‍ക്കുന്ന കാര്യം പാര്‍ട്ടിയേറ്റെടുത്തിട്ടില്ലെന്ന് ലീഗ് നേതൃത്വം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ലീഗ് നേരിട്ട് നടത്തിയ മധ്യസ്ഥത ശ്രമങ്ങള്‍ പരാജയപ്പെട്ടിട്ടു പോലും നിരവധി പേര് ഇതുവരെ പരാതി നല്‍കാതെ മാറി നിന്നിരുന്നു. കമറുദ്ദീന്റെ അറസ്റ്റോടെ ഇവരും ഇനി കൂടുതല്‍ പേര് പരാതിയുമായെത്തിയേക്കും. നിര്‍ണായക പ്രതിസന്ധിയില്‍ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതല്‍ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീന്.
കമറുദ്ദീനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി മുഖം രക്ഷിക്കാനുള്ള അവസാന ശ്രമമാകും ലീഗിന്റെ ഭാഗത്ത് നിന്ന് ഇനി ഉണ്ടാകുക. എന്നാല്‍ ഒരു ഉപതിരഞ്ഞെടുപ്പിലൂടെ എംഎല്‍എയായ കമറുദ്ദീനെതിരെ നേരത്തെ തന്നെ വലിയ എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ട്. അദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ ഒരു വിഭാഗം വലിയ പ്രതിഷേധങ്ങള്‍ രേഖപ്പെടുത്തിയിരുന്നു. കമറുദ്ദീന് സീറ്റ് നല്‍കുന്നതിന് മുന്‍പേ പ്രശ്നങ്ങള്‍ ലീഗ് നേതൃത്വത്തിന് അറിയാമായിരുന്നുവെന്നാണ് ഒരു വിഭാഗം ലീഗ് പ്രവര്‍ത്തകരുടെ തന്നെ ആരോപണം.
കമറുദ്ദീന്റെ ബിസിനസ് സംബന്ധിച്ച ആക്ഷേപങ്ങളും ഇവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് പാര്‍ട്ടി അദ്ദേഹത്തെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ചില നേതാക്കള്‍ക്ക് കമറുദ്ദീനോടുള്ള വലിയ അടുപ്പമാണ് അദ്ദേഹത്തിന് സ്ഥാനാര്‍ഥിത്വം ലഭ്യമാക്കിയത്. പുതിയ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പിന് പുറമെ ജില്ലയിലെ പാര്‍ട്ടി വേദികളിലും നേതൃത്വം മറുപടി പറയേണ്ടി വരുമെന്ന് ഉറപ്പാണ്.
രാഷ്ട്രീയപരമായി എംഎല്‍എയ്ക്ക് പിന്തുണ നല്കിയാല് അത് സ്വന്തം അണികളെ വഞ്ചിക്കുന്നതായി വ്യാഖ്യാനിക്കപ്പെടും, എംഎല്‍എ തള്ളിപ്പറഞ്ഞാല്‍, അത് എംഎല്‍എ ചെയ്ത തെറ്റ് അംഗീകരിക്കുന്നതിനു തുല്യമാവും. വിഷയത്തില്‍, യുഡിഎഫിലെ മുഖ്യ കക്ഷിയായ കോണ്‍ഗ്രസില്‍ മുറുമുറുപ്പ് തുടങ്ങിയിട്ട് ആഴ്ചകളായി. ജില്ലയില്‍ യുഡിഎഫിന് മുഖം നഷ്ടപ്പെടാന്‍ കാരണമാവും മുമ്പ് എംഎല്‍എയെ തള്ളിപ്പറയാന്‍ ലീഗ് നേതൃത്വത്തിന് കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. പ്രശ്നത്തില്‍ മധ്യസ്ഥ സ്ഥാനത്ത് നിന്നും പിന്മാറാന് ലീഗ് തയ്യാറായതിന്റെ മുഖ്യ കാരണം കോണ്‍ഗ്രസില്‍ നിന്നുള്ള സമ്മര്‍ദമാണ്.
കഴിഞ്ഞ ദിവസം കാസര്‍കോട്ടെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത് ഒരു പൊതു പ്രവര്ത്തകന് എന്ന നിലയില്‍ കമറുദ്ദീന് സൂക്ഷ്മത പാലിക്കേണ്ടിയിരുന്നുവെന്നാണ്. തദ്ദേശ തിരഞ്ഞെടുപ്പ് സീറ്റ് വിഭജനം പൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ വിഷയം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ലീഗിന് തള്ളാനാവില്ല. കൂടുതല്‍ പേര് പരാതിയുമായി വരും ദിവസങ്ങളില്‍ കമറുദ്ദീനുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകള്‍ സംസ്ഥാന രാഷ്ട്രീയത്തിലും പ്രധാന ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ഈ സാഹചര്യത്തില്‍ പ്രതിസന്ധി മറികടക്കാന്‍ ലീഗ് നേതൃത്വത്തിന് പൂര്‍ണ്ണമായും കഴിയില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: