കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസ് ചാരപ്രവര്‍ത്തനത്തിലൂടെ ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തി. സ്വപ്ന സുരേഷ് നടത്തിയ ചാരപ്രവര്‍ത്തനത്തിലൂടെ, സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതികളുടെ രഹസ്യ വിവരങ്ങള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ എം. ശിവശങ്കര്‍ വഴി ചോര്‍ത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കറെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. കൂടുതല്‍ അന്വേഷണത്തിന് ശിവശങ്കറിനെ ആറു ദിവസംകൂടി ഇഡി കസ്റ്റഡിയില്‍ വിട്ടു.
അഞ്ചുദിവസത്തെ കസ്റ്റഡി സമയം കഴിഞ്ഞപ്പോള്‍ സ്വര്‍ണക്കടത്ത് കേസിലെ അഞ്ചാംപ്രതി ശിവശങ്കറിനെ ഇ ഡി ഇന്നലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ എത്തിച്ചു. ഏജന്‍സിയുടെ ആവശ്യപ്രകാരം കോടതി നവംബര്‍ 11 വരെ കസ്റ്റഡി നീട്ടി. കസ്റ്റഡി നീട്ടല്‍ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ സ്വപ്നയ്ക്ക് ശിവശങ്കര്‍ ചോര്‍ത്തിയ വിവരം സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണിക്കൃഷ്ണന് സമര്‍പ്പിച്ചത്. സ്വപ്നയ്ക്ക്, യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഹെഡ് ആയിരുന്ന ഖാലിദ് മുഹമ്മദ് അലി ഷൗക്രിയുമായുള്ള സ്വര്ണക്കടത്തിടപാടും സാമ്പത്തിക ബന്ധവും ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് അദ്ദേഹം സ്വയം സമ്മതിച്ചതും ഏജന്‍സി ചൂണ്ടിക്കാട്ടുന്നു.
ശിവശങ്കറില്‍നിന്ന് കിട്ടിയ ഫോണിലെ വിവരങ്ങള്‍ പരിശോധിച്ചപ്പോള്‍ ലൈഫ് മിഷന്, കെ ഫോണ്‍ പദ്ധതികളുടെ സര്‍ക്കാര്‍ രഹസ്യ വിവരങ്ങള്‍ രണ്ടാം പ്രതി സ്വപ്നയുമായി വാട്സാപ്പില്‍ പങ്കുവെച്ചത് കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വിവരങ്ങള്‍, യൂണിടാക് ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ്, ഹൈദരാബാദിലെ പെന്നാര്‍ ഇന്‍ഡസ്ട്രീസ് എന്നീ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് കൈമാറാനായിരുന്നു. സ്വപ്
ന സുരേഷും മറ്റു പ്രതികളും യൂണിടാക് കമ്പനിയില്‍നിന്ന് വന്‍തുക കോഴ വാങ്ങിയതായി സമ്മതിച്ചിട്ടുമുണ്ട്. ശിവശങ്കര്‍ സര്‍ക്കാരിന്റെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയത് ഈ ഇടപാടിന്റെ ഭാഗമായാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പെന്നാര്‍ ഇന്‍ഡസ്ട്രീസ് എംഡിയുടെ വീട്ടിലും ഓഫീസിലും നടത്തിയ തിരച്ചിലില്‍ കിട്ടിയ തെളിവുകള്‍ ശിവശങ്കറുമായി ഒത്തുനോക്കേണ്ടതുണ്ടെന്നും അതിനാല്‍ കസ്റ്റഡിയില്‍ തുടര്‍ന്നും കിട്ടണമെന്നുമായിരുന്നു ഇ ഡിയുടെ ആവശ്യം.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന നിലയില്‍ സ്മാര്‍ട് സിറ്റി, കെ ഫോണ്‍, ലൈഫ് മിഷന് തുടങ്ങിയ സുപ്രധാന പ്രോജക്ടുകളുടെ മേല്‍നോട്ടം ശിവശങ്കറിനാണ്. ഇതുവരെ നടത്തിയ അന്വേഷണത്തില്‍, ഈ പ്രോജക്ടുകളുമായി ഏതെങ്കിലും വിധത്തില്‍ സ്വപ്നക്ക് ബന്ധമുള്ളതിന് രേഖാമൂലം തെളിവുണ്ട്. ഈ വഴിയിലും കൂടുതല്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം, ശിവശങ്കര്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇ ഡി കോടതിയെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: