കൊല്ലം: സംസ്ഥാനത്തെ ആദ്യ ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രമായ ആശ്രാമം അഡ്വഞ്ചര്‍പാര്‍ക്കും പരിസരവും കുപ്പത്തൊട്ടിയാക്കി മാറ്റി സാമൂഹ്യവിരുദ്ധര്‍.
അഡ്വഞ്ചര്‍ പാര്‍ക്ക്, റസ്റ്റ് ഹൗസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലിങ്ക് റോഡ്, ഹോക്കി സ്റ്റേഡിയ പരിസരം, തുറമുഖ വകുപ്പ് ഓഫീസ്, ആശ്രാമം മൈതാന പരിസരം എന്നിവിടങ്ങളിലെല്ലാം മാലിന്യം കുന്നുകൂടുകയാണ്. ഒരു ഭാഗത്ത് അധികൃതര്‍ നിയമം കാറ്റില്‍ പറത്തി നിര്‍മാണം കെട്ടിപൊക്കുമ്പോള്‍ മറുഭാഗത്ത് മാലിന്യം നിക്ഷേപിച്ച് സാമൂഹ്യ വിരുദ്ധരും മുന്നേറുകയാണ്. ഇത് ആശ്രാമത്തിന്റെ സ്വാഭാവികസൗന്ദര്യത്തെ നശിപ്പിക്കുന്നു. കാറിലും ബൈക്കിലും തുടങ്ങി പ്രഭാത സവാരിക്കായി എത്തുന്നവര്‍ പോലും മാലിന്യം കൊണ്ട് വലിച്ചെറിയാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മാലിന്യം കുന്നുകൂടിയിട്ടും കോര്പ്പറേഷന് അധികൃതര്‍ക്ക് കുലുക്കമില്ല.
പാര്‍ക്കിനുള്ളില്‍ പ്ലാസ്റ്റിക്കിന് എതിരെയും ശുചിത്വ കേരളം സുന്ദര കേരളമെന്നും ബോര്‍ഡ് വയ്ക്കുന്നവര്‍ ഇതിനു ചുറ്റും വലിച്ചെറിയുന്ന മാലിന്യങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. സംരക്ഷിത മേഖലയില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍, മദ്യകുപ്പികള്‍, ഹോട്ടല്‍ മാലിന്യങ്ങള്‍, ബാര്‍ബര്‍ ഷോപ്പിലെ മുടിശേഖരം എന്നിവയാണ് തള്ളുന്നത്. മാലിന്യ പൊതു സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കും എന്ന് കളക്ടറും, മേയറുമടക്കമുള്ള പറയുമ്പോഴാണ് ഈ വിരോധാഭാസം. കൊറോണ വ്യാപനംമൂലം അഡ്വഞ്ചര്‍ പാര്‍ക്കും ചില്‍ഡ്രസ് പാര്‍ക്കുമെല്ലാം അടച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യവും രൂക്ഷമാണ്. സമീപത്തുള്ള ബിവറേജില്‍ എത്തുന്നവര്‍ ആശ്രാമത്തെ മദ്യപാനകേന്ദ്രവുമാക്കി. ട്രാഫിക്ക് പോലീസ് സ്റ്റേഷന്റെ കണ്ണെത്തും ദൂരത്താണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: