അബുദാബി: ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍സ്റ്റോക്സ് ഐപിഎല്ലില്‍ ചരിത്രം കുറിച്ചു. രണ്ട് വിജയകരമായ റണ്‍ ചേസുകളില്‍ സെഞ്ചുറി നേടുന്ന ആദ്യ ബാറ്റ്സ്മാനായി. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ സെഞ്ചുറി കുറിച്ചതോടെയാണ് ബെന്‍ സ്റ്റോക്സ് ചരിത്രമെഴുതിയത്.
മുംബൈ ഇന്ത്യന്‍സ് മുന്നോട്ടുവച്ച 196 വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന് റോയല്‍സ്, ബെന്‍സ്റ്റോക്സിന്റെ സെഞ്ചുറിയുടെ മികവില്‍ 18.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. ബെന്‍സ്റ്റോക്സ് 60 പന്തില്‍ 14 ഫോറും മൂന്ന് സിക്സറും സഹിതം 107 റണ്‍സുമായി കീഴടങ്ങാതെ നിന്നു. ബെന്‍ ആണ് കളിയിലെ താരം.
ഐപിഎല്ലില്‍ അരങ്ങേറിയ 2017ലും ബെന്‍സ്റ്റോക്സ് ചേസ് ചെയ്യുമ്പോള്‍ സെഞ്ചുറി നേടി ടീമിന് വിജയം സമ്മാനിച്ചിരുന്നു. റൈസിങ് പൂനെ സൂപ്പര്‍ ജയ്ന്റ്സിനെയാണ് അന്ന് ചേസ് ചെയ്യുമ്പോള്‍ സെഞ്ചുറി നേടി ബെന്‍സ്റ്റോക്സ് വിജയത്തിലേക്ക് നയിച്ചത്. 162 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പൂനെ സൂപ്പര്‍ ജയന്റ്സിനായി ബെന്‍സ്റ്റോക്സ് വേഗത്തില്‍ 103 റണ്‍സ് അടിച്ചെടുത്തു.
2017ല്‍ 14.5 കോടി രൂപയ്ക്കാണ് ബെന്‍സ്റ്റോക്സിനെ പൂനെ ടീമിലെത്തിച്ചത്. ആ സീസണില്‍ 12 മത്സരങ്ങള്‍ കളിച്ച ബെന്‍സ്റ്റോക്സ് 312 റണ്‍സും 12 വിക്കറ്റും നേടി. അബുദാബിയിലെ ഷേക്ക് സയ്യദ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്റ്റോക്സിന്റെ സെഞ്ചുറിയുടെ മികവില്‍ എട്ട് വിക്കറ്റിനാണ് രാജസ്ഥാന് മുംബൈയെ തോല്‍പ്പിച്ചത്. സ്കോര്‍: മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 195, രാജസ്ഥാന് റോയല്‍സ് 18.2 ഓവറില്‍ രണ്ടിന് 196.
മലയാളി താരം സഞ്ജു സാംസണും രാജസ്ഥാന്റെ വിജയത്തിന് നിര്‍ണായക പങ്കുവഹിച്ചു. അഭേദ്യമായ മൂന്നാം വിക്കറ്റില്‍ ബെന്സ്റ്റോക്സിനൊപ്പം സഞ്ജു 152 റണ്‍സ് അടിച്ചുകൂട്ടി. സഞ്ജു 31 പന്തില്‍ 4 ഫോറും 3 സിക്സറും അടക്കം 54 റണ്‍സുമായി പുറത്താകാതെ നിന്നു.
ഈ വിജയത്തോടെ രാജസ്ഥാന് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി. 12 മത്സരങ്ങളില്‍ 10 പോയിന്റുള്ള രാജസ്ഥാന് ആറാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: