മാഡ്രിഡ്: ഈ സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍. നിലവിലെ ചാമ്പ്യന്മാരായ റയല്‍ ബാഴ്സലോണയെ ഒന്നിനെതിരെ മൂന്നു ഗോളിന് കീഴടക്കി. ലാ ലിഗിയില്‍ കാഡിസിനോടും ചാമ്പ്യന്‍സ് ലീഗില്‍ ഷക്തറോടും തോറ്റ ശേഷം റയലിന്റെ ശക്തമായ തിരിച്ചുവരവാണ് എല്‍ ക്ലാസിക്കോയില്‍ കണ്ടത്. ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ്, ഫെഡറിക്കോ വാല്വെര്ദെ, ലൂക്ക മോഡ്രിച്ച് എന്നിവരാണ് റയലിനായി ഗോള്‍ നേടിയത്. ബാഴ്സയുടെ ഏക ഗോള്‍ കൗമാര താരം അന്‍സു ഫാറ്റിയുടെ ബൂട്ടില്‍ നിന്ന്.
ലാ ലിഗയില്‍ ബാഴ്സയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. മുഖ്യപരിശീലകനായി സ്ഥാനമേറ്റ ശേഷമുള്ള എല്‍ ക്ലാസിക്കോയില്‍ ബാഴ്സ പരിശീലകന് റൊണാള്‍ഡ് കൂമന് നിരാശയായി ഫലം. അഞ്ചാം മിനിറ്റില്‍ ഫെഡറിക്കോ വാല്‍വെര്‍ദെയുടെ ഗോളില്‍ റയല്‍ മുന്നിലെത്തി. മൂന്ന് മിനിറ്റുകള്‍ക്കുള്ളില്‍ അന്സുവിലൂടെ ബാഴ്സ ഗോള്‍ മടക്കി. ഇതോടെ എല്‍ ക്ലാസിക്കോയില്‍ ഗോള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫാറ്റി. 63-ാം മിനിറ്റില്‍ സെര്‍ജിയോ റാമോസ് പെനാല്‍റ്റിയിലൂടെ റയലിനെ മുന്നിലെത്തിച്ചു. അവസാന നിമിഷത്തില്‍ ലൂക്ക മോഡ്രിച്ചും ലക്ഷ്യം കണ്ടതോടെ റയല്‍ വിജയം സമ്പൂര്‍ണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: