ഭോപ്പാല്‍: മധ്യപ്രദേശിലെ വനിതാ മന്ത്രിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥിനെതിരെ വ്യാപക പ്രതിഷേധം. ശിവരാജ് സിങ്ങ് ചൗഹാന് മന്ത്രിസഭയിലെ ശിശുക്ഷേമ വകുപ്പ് മന്ത്രിയും പട്ടികജാതിക്കാരിയുമായ ഇമ്രതി ദേവിയെ ഐറ്റം എന്നു വിളിച്ചാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റു കൂടിയായ കമല്‍നാഥ് അവഹേളിച്ചത്. ദാബ്ര നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ഇമ്രതി. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെയാണ് കമല്‍നാഥ് ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെ ഐറ്റം, ജിലേബി തുടങ്ങിയ വാക്കുകള്‍ അശ്ലീലച്ചുവയോടെ പ്രയോഗിച്ചത്. ഇതിനെതിരെ മധ്യപ്രദേശില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനും സഹമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള ബിജെപി നേതാക്കളും ഭോപ്പാലില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ രണ്ട് മണിക്കൂറോളം മൗനവ്രത സത്യഗ്രഹമിരുന്നു. കമല്‍നാഥ് ഉപയോഗിച്ച വാക്കുകള്‍ ഇമ്രതി ദേവിക്കു മാത്രമല്ല, മധ്യപ്രദേശിലെ മുഴുവന്‍ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പെണ്‍കുട്ടികള്‍ക്കും അപമാനമാണെന്ന് ചൗഹാന് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ത്രീകളുടെ അഭിമാനം ചവിട്ടി അരയ്ക്കാനുള്ളതാണോ? മധ്യപ്രദേശിലെ ജനങ്ങള്‍ ഈ നീച പ്രയോഗങ്ങളോട് പൊറുക്കില്ല, അദ്ദേഹം പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന ഒരാളെ മുഖ്യമന്ത്രിയാക്കിയതില്‍ മധ്യപ്രദേശിലെ ജനങ്ങള്‍ പരിതപിക്കുന്നുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.ഡി. ശര്‍മ പറഞ്ഞു. കമല്‍നാഥ് ഇമ്രതി ദേവിയോട് മാപ്പപേക്ഷിക്കണമെന്നും ദേശീയ വനിതാ കമ്മീഷനെയും പട്ടികജാതി കമ്മീഷനെയും സമീപിക്കുമെന്നും ശര്‍മ അറിയിച്ചു.
23 വര്‍ഷത്തെ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് മുന്‍ കോണ്‍ഗ്രസ് നേതാവും ബിജെപി എംപിയുമായ ജോതിരാദിത്യ സിന്ധ്യയൊടൊപ്പം ബിജെപിയിലേക്ക് വന്നതാണ് ഇമ്രതി ദേവി. ചെറുപ്പത്തില്‍ ഒരു കര്‍ഷകത്തൊഴിലാളി ആയിരുന്ന അവര്‍ സ്വപ്രയത്നത്താലാണ് ഉന്നത സ്ഥാനമാനങ്ങളിലെത്തിയത്. ഇവരുടെ ഭര്‍ത്താവ് ഇപ്പോഴും കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. കമല്‍നാഥ് മന്ത്രിസഭയിലും അംഗമായിരുന്ന അവര്‍ വനിതാ ശിശുക്ഷേമ വകുപ്പ് തന്നെയാണ് കൈകാര്യം ചെയ്തിരുന്നത്. കമല്‍നാഥിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തോട് പ്രിയങ്ക വാദ്ര ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ദേശീയ നേതാക്കളാരും പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: