കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മുതല്‍ പ്രദേശത്ത് ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പാലത്തിന്റെ അടിയിലൂടെയുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കി നടപടികള്‍ കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു.
പാലം പൊളിക്കല്‍ തുടങ്ങി ഗര്‍ഡറുകള്‍ മാറ്റാന്‍ തുടങ്ങിയ അഞ്ചാം ദിവസമാണ് ഗതാഗത നിയന്ത്രണം കൊണ്ടുവന്നിരിക്കുന്നത്. കൊച്ചി ഡിസിപി: ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന ട്രാഫിക് പോലീസ് യോഗത്തിന് ശേഷമാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
പാലത്തിന്റെ അണ്ടര്‍ പാസേജ് അടച്ചു. പാലത്തിന് സമാന്തരമായുള്ള ദേശീയ പാതയില്‍ നിയന്ത്രണമില്ല. സര്‍വീസ് റോഡുകളില്‍ പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഒരാഴ്ച പരീക്ഷണാടിസ്ഥാനത്തിലാണിത്. പ്രശ്നങ്ങള്‍ പഠിച്ച ശേഷം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഡിസിപി പറഞ്ഞു.
രൂപരേഖ പ്രകാരം പാലാരിവട്ടം സിഗ്നലിന് ഇരുവശത്തും ദേശീയ പാതയില്‍ 300 മീറ്റര്‍ സഞ്ചരിച്ചാല്‍ യു ടേണ്‍ എടുക്കാന്‍ സൗകര്യമുണ്ടാകും. സിഗ്നലില്‍ തിരക്കൊഴിവാക്കാന്‍ രണ്ട് വഴികള്‍ കൂടി ട്രാഫിക് പോലീസ് നിര്‍ദേശിക്കുന്നുണ്ട്. കാക്കനാട്ടുനിന്ന് എറണാകുളം ഭാഗത്തേക്ക് സിവില്‍ ലൈന്‍ റോഡ് വഴി എത്തുന്നവര്‍ പടമുകള്‍ ജങ്ഷനില്‍ നിന്നും, സീ പോര്‍ട്- എയര്‍ പോര്‍ട് റോഡ് വഴി എത്തുന്നവര്‍ ഈച്ചമുക്കില്‍ നിന്നും തൂതിയൂര്‍ റോഡിലേക്ക് പ്രവേശിക്കണം. തുടര്‍ന്ന് പുതിയ റോഡ് വഴി ചക്കരപ്പറമ്പിലെത്തി കതൃക്കടവ് വഴി കെകെ റോഡിലെത്തി കലൂര്‍ ഭാഗത്തേക്കെത്താം.
എറണാകുളം ഭാഗത്തുനിന്നും കാക്കനാട് ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ സിവില്‍ ലൈന്‍ റോഡിലേക്ക് പ്രവേശിക്കാതെ പാലാരിവട്ടം- ഇടപ്പള്ളി റോഡ് വഴി ഇടപ്പള്ളിയില്‍ എത്തുകയും ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് മാര്‍ഗം പാടിവട്ടത്തെത്തി സിവില്‍ ലൈന്‍ റോഡില്‍ പ്രവേശിക്കുകയും ചെയ്യണം. നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന സാഹചര്യത്തില്‍ സര്‍വീസ് റോഡുകളില്‍ അടക്കം ഗതാഗത കുരുക്ക് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇത് പരിഹരിക്കാന്‍ കൊച്ചി ട്രാഫിക് പോലീസിന്റെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: