ചാരുംമൂട് (ആലപ്പുഴ): വയനാട് സ്വദേശിയായ ഫൈസല്‍ (36) മാവേലിക്കര ചുനക്കരയില്‍ വൈശാഖന് പോറ്റിയായി വേഷം മാറി താമസിച്ച സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കുറത്തികാട് പോലീസ് എന്‍ഐഎക്ക് കൈമാറി. ഇന്നലെ ഇ-മെയിലായാണ് എറണാകുളം എന്‍ഐഎ ഓഫീസിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
ചുനക്കര കോമല്ലൂരില്‍ നിന്നും ഇയാള്‍ പിടിയിലായി മണിക്കൂറുകള്‍ക്കുള്ളില്‍ കേന്ദ്ര ഇന്റജിലന്‍സ് ബ്യൂറോ വിശദമായ അന്വേഷണം ആരംഭിച്ചു. ഇവര്‍ കുറത്തികാട് പോലീസില്‍ നിന്നും എഫ്ഐആറിന്റെ കോപ്പി വാങ്ങി മടങ്ങിയതിനു പിന്നാലെയാണ് എന്‍ഐഎ സംഘമെത്തിയത്.
ലോക്കല്‍ പോലീസ് തെളിവെടുപ്പിനു ശേഷം മാവേലിക്കര കോടതിയില്‍ ഹാജരാക്കിയ ഫൈസലിനെ പതിനാലു ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു. ഫൈസലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടു എന്‍ഐഎ കോടതിയെ സമീപിക്കുമെന്നാണ് വിവരം. ചെങ്ങന്നൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ വേഷം മാറി താമസിച്ചു ഫൈസല്‍ പലരില്‍ നിന്നും കബളിപ്പിച്ചു തട്ടിയെടുത്ത വന്‍തുകകള്‍ അജ്ഞാത കേന്ദ്രങ്ങള്‍ക്കാണ് കൈമാറുന്നത്.
ചുനക്കരയില്‍ നിന്നും ജോലി വാഗ്ദാനം നല്കി കൈക്കലാക്കിയ അന്‍പതിനായിരം രൂപയും ഇത്തരത്തില്‍ കൈമാറിയതായി പോലീസിനു കൊടുത്ത മൊഴിയില്‍ പറയുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി പണം സ്വരൂപിക്കുന്ന ഏജന്റ് ആണോ ഇയാളെന്നും സംശയം. ന്യൂനപക്ഷ സമുദായം തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണു ചാരുംമൂടിന്റെ പരിസര പ്രദേശങ്ങള്‍. പത്തു മാസക്കാലം വേഷം മാറി ഒരാള്‍ ഒറ്റയ്ക്കു പരിചയമില്ലാത്ത സ്ഥലത്തു താമസിക്കണമെങ്കില്‍ പ്രദേശവാസികളുടെ സഹായമില്ലാതെ കഴിയില്ല. ഇയാളെ ആരെല്ലാം സഹായിച്ചെന്നും ആരുമായെല്ലാം ബന്ധപ്പെട്ടു എന്നും അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: