ന്യൂദല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കര്‍ഷക ബില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ വില്‍ക്കാനും വാങ്ങാനും പരിപൂര്‍ണ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ വ്യക്തമാക്കി. സംസ്ഥാനത്തിനുള്ളിലും സംസ്ഥാനങ്ങള്‍ക്കിടയിലുമുള്ള തടസമില്ലാത്ത കാര്‍ഷിക വാണിജ്യത്തെ പുതിയ നിയമം പ്രോത്സാഹിപ്പിക്കും. കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വില്ക്കുമ്പോള് ഒരു വിധത്തിലുമുള്ള സെസോ ലെവിയോ ഈടാക്കില്ല. ഗതാഗതച്ചെലവ് വഹിക്കേണ്ടതുമില്ല. തടസ്സമില്ലാതെയുള്ള വ്യാപാരം ഉറപ്പാക്കുന്നതിന് ഇലക്ട്രോണിക് ട്രേഡിങ് ഇന്‍ ട്രാന്സാക്ഷന് പ്ലാറ്റ്ഫോമും ബില്‍ വിഭാവനം ചെയ്യുന്നു. കര്‍ഷകര്‍ക്ക് ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള വിപണനത്തില്‍ ഏര്‍പ്പെടാനും കഴിയും. പുതിയ സമ്പ്രദായത്തില്‍ ഗ്രാമച്ചന്തകള്‍ തുടരും, തോമര്‍ വിശദീകരിച്ചു.
കാര്‍ഷിക ഉത്പന്ന സംസ്ക്കരണ രംഗത്തുള്ളവര്‍, മൊത്തക്കച്ചവടക്കാര്‍, വലിയ ചില്ലറ വ്യാപാരികള്‍, കയറ്റുമതിക്കാര്‍ എന്നിവരുമായി ഇടപഴകുന്നതിനും വിലപേശലിനും കര്‍ഷകരെ പ്രാപ്തരാക്കുന്നതാണെന്ന് തോമര്‍ പറഞ്ഞു. വിളകള്‍ വിതയ്ക്കുന്നതിന് മുമ്പുതന്നെ കര്‍ഷകര്‍ക്ക് ഉത്പന്നങ്ങളുടെ വില ഉറപ്പാക്കാന്‍ വിലസ്ഥിരതയും കൃഷി സേവനങ്ങളും സംബന്ധിച്ച ബില്‍ സഹായിക്കും. കമ്പോള വില താങ്ങുവിലയ്ക്കും മുകളിലാണെങ്കില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലക്ക് പുറമെ കമ്പോള വിലയും ലഭ്യമാക്കും.
ഉത്പന്നങ്ങളുടെ വില്പന വില നിശ്ചയിക്കുന്നതിനുള്ള പൂര്‍ണ അധികാരം കര്‍ഷകനായിരിക്കും. പരമാവധി മൂന്നു ദിവസത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് പണവും ലഭിക്കും. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുന്നതിനുള്ള പ്രാദേശിക തര്‍ക്ക പരിഹാര സംവിധാനവും ബില്‍ വിഭാവനം ചെയ്യുന്നു. ചെറുകിട കര്‍ഷകരെ സഹകരിപ്പിച്ച് മികച്ച പ്രതിഫലം ലഭിക്കുന്ന രീതിയിലുള്ള വിലനിര്‍ണ്ണയം ഉറപ്പാക്കുന്നതിനായി 10,000 കാര്‍ഷിക ഉല്പാദക സംഘങ്ങളും രാജ്യമെമ്പാടും രൂപീകരിക്കും, മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: