മുംബൈ: ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ അനുരാഗ് കശ്യപ് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന നടി പായല്‍ ഘോഷിന്റെ വെളിപ്പെടുത്തലിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. 2014ലാണ് സംഭവമെന്നും ഇപ്പോള്‍ തെളിവുകളൊന്നും കൈയിലില്ലെന്നും പായല്‍ ഘോഷ് പറഞ്ഞു. ജനശ്രദ്ധ ആകര്‍ഷിക്കാനുള്ള ശ്രമമായി ഇതിനെ കാണരുത്. ബോളിവുഡിന്റെ യത്ഥാര്‍ഥ മുഖം തനിക്കുണ്ടായ അനുഭവത്തിലൂടെ തുറന്നുകാട്ടുകയാണെന്നും അവര്‍ പറയുന്നു.
ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അനുരാഗ് കശ്യപിനെ ആദ്യം കാണുന്നത്. പിന്നീട് വീട്ടിലേക്ക് ക്ഷണിച്ചു. സിനിമാ വിശേഷങ്ങള്‍ ചര്‍ച്ച ചെയ്തു. മോശമായ അനുഭവങ്ങളൊന്നും അന്നുണ്ടായില്ല. ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.
കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വീട്ടിലേക്ക് വിളിച്ചപ്പോഴാണ് ദുരവസ്ഥയുണ്ടായത്. അനുരാഗ് കിടപ്പുമുറിയിലേക്ക് കൂട്ടികൊണ്ടുപോയി മോശമായി പെരുമാറി. പറ്റില്ലെന്ന് പല തവണ പറഞ്ഞപ്പോള്‍ സിനിമയില്‍ ഇത് സാധാരണയാണെന്നും അടുത്ത തവണ വിളിക്കുമ്പോള്‍ തയാറായിരിക്കണമെന്നും പറഞ്ഞു. ഇതിനിടെ, നടിമാരായ ഉമ ഖുറേഷിയും മഹി ഗില്ലും ഒരു ഫോണ്‍ കോളിനകലയാണെന്ന് അനുരാഗ് പറഞ്ഞതായും പായല്‍ ഘോഷ് ആരോപിച്ചു.
ട്വിറ്ററിലൂടെയായിരുന്നു അനുരാഗ് കശ്യപിനെതിരെയുള്ള താരത്തിന്റെ ആദ്യം ആരോപണം. പിന്നീട് ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലും ആവര്‍ത്തിച്ചു. മീടു തരംഗത്തിനിടെ വിഷയം ഉന്നയിക്കാന്‍ തയാറായെങ്കിലും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും എതിര്‍പ്പു മൂലം പിന്മാറി. കരിയര്‍ സംരക്ഷിക്കാനാണ് ഇത്രയും കാലം മിണ്ടാതിരുന്നത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് പിന്നാലെ ബോളിവുഡില്‍ ലഹരിയുപയോഗം ചര്‍ച്ചയായ സാഹചര്യത്തിലാണ് വിഷയം ഉന്നയിക്കാന്‍ തയാറാവുന്നതെന്നും പായല്‍ ഘോഷ് പറഞ്ഞു.
എന്നാല്‍, വിമര്‍ശനങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും തന്റെ വായടപ്പിക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണുന്നുള്ളൂയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സഹപ്രവര്‍ത്തകയെ സംരക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്തമാണെന്ന് കരുതുന്നയാളാണ് ഞാന്‍. ഇത്തരം പ്രവണതകള്‍ എവിടെയുണ്ടായാലും പ്രതികരിക്കും. മോശമായി പെരുമാറിയതിന് തെളിവുണ്ടെങ്കില്‍ പുറത്തുവിടണമെന്നും അനുരാഗ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: