കാഞ്ഞങ്ങാട്: കൊറോണയുടെ പേര് പറഞ്ഞ് ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ ശ്രമം പാവങ്ങളോടുളള ക്രൂരതയാണെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന് പ്രസ്താവിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അടിയന്തിര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സകള്‍ ജില്ലാ ആശുപത്രിയില്‍ നിന്നും ജില്ലയുടെ പല സ്ഥലങ്ങളിലേക്ക് മാറ്റി കൊണ്ട് ആശുപത്രിയെ തകര്‍ക്കുകയാണ് ചെയ്യുന്നത്.
കൊറോണ രോഗികളെ ചികിത്സിക്കാനെന്ന വ്യാജേന ജില്ലാ ആശുപത്രിയെ കൊറോണ ആശുപത്രിയാക്കുകയാണ്. എത്ര കൊറോണാ രോഗികള്‍ വന്നാലും ചികിത്സ സൗകര്യമൊരുക്കുമെന്ന് വീമ്പടിച്ച മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ഇപ്പോള്‍ കൈ കഴുകുകയാണ്. വര്‍ഷങ്ങളുടെ അധ്വാനം കൊണ്ട് പൂര്‍വ്വികര്‍ കെട്ടിപ്പടുത്ത സ്ഥാപനത്തെയാണ് ഇല്ലാതാക്കുന്നത്. പാവപ്പെട്ടവന്റെ അവസാന ആശ്രയമായിരുന്ന ഒരു ആതുരാലയത്തെയാണ് നശിപ്പിക്കുന്നത്.
ധര്മ്മാശുപത്രിയെന്നറിയപ്പെട്ടിരുന്ന സര്‍ക്കാര്‍ ആശുപത്രി നിത്യരോഗികളുടേയും പട്ടിണിക്കാരന്റേയും ചുഷിതന്റേയും മര്ദ്ദകന്റേയും ആശ്രയ കേന്ദ്രമായിരുന്നു.
സര്‍ക്കാര്‍ പുതിയ നീക്കത്തിലൂടെ ജില്ലാ ആശുപത്രിയിലെ സംവിധാനങ്ങള്‍ നീലേശ്വരത്തും പെരിയയിലും അടക്കം പല ഭാഗത്തായി ചിതറിക്കുകയാണ്. കാസര്‍കോട് മെഡിക്കല്‍ കോളേജ് ഉദ്ഘാടനം ചെയ്തുവെന്ന് അവകാശപ്പെടുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആവശ്യത്തിന് ജീവനക്കാരേയോ അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കാതെ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു.
ജില്ലയ്ക്കായി ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ 540 കിടക്കകളുളള അത്യാധുനിക സൗകര്യങ്ങളുള്ള കൊറോണാ ആശുപത്രി സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ട് രോഗികള്‍ക്ക് ഉപയോഗപ്പെടാതെ പോവുകയാണ്. പേര് കേട്ട ഒരു സ്ഥാപനം കേരളത്തിന് നല്കിയ ഔദാര്യം കെടുകാര്യസ്ഥതയും ആത്മാര്‍ത്ഥതയില്ലായ്മയും മൂലം വെറുതെ പോവുകയാണ്. കാഞ്ഞങ്ങാടും പരിസരസങ്ങളിലും കിഴക്കന്‍ മലയോര മേഖലകളിലേയും ആയിര കണക്കിന് രോഗികള്‍ക്ക് ഉപയോഗപ്രദമാവുന്ന ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള ദൃഷ്ട ബുദ്ധി ആരുടേതാണ് ആരേ സഹായിക്കാനാണ്.
കൊറോണാ രോഗികള്‍ക്ക് ആവശ്യമായ സൗകര്യം ടാറ്റാ ആശുപത്രിയിലടക്കം ഏര്‍പ്പാട് ചെയ്ത് ജില്ലാ ആശുപത്രിയെ പാവങ്ങളുടെ ആശുപത്രിയായി നിലനിര്‍ത്തണം. ജില്ലാ ആശുപത്രിയെ തകര്‍ക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറാത്ത പക്ഷം ഭാരതീയ ജനതാ പാര്‍ട്ടി ശക്തമായ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് വേലായുധന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: