കൊച്ചി: പെരുമ്പാവൂരില്‍ ജിഷ എന്ന പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ഇതര സംസ്ഥാനക്കാരനെ പിടികൂടിയതിലൂടെ ‘കേരള പോലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍’ തിരുകിയാണ് ലോക്നാഥ് ബെഹ്റ പിണറായി വിജയന്റെ പോലീസ് തലവനായത്. ഇപ്പോള്‍ പെരുമ്പാവൂരില്‍ നിന്ന് ആഗോള ഭീകര സംഘടനയായ അല്‍ഖ്വയ്ദ ഭീകരര്‍ പിടിയിലാകുമ്പോള്‍, ഔദ്യോഗിക കാലാവധി തീരാറായ പോലീസ്തലവന് തലയില്‍ മുണ്ടിട്ടിറങ്ങാം.
പോലീസിനെ രാഷ്ട്രീയക്കാരുടെ കോമാളിക്കൂട്ടമാക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. എല്‍ഡിഎഫ്-യുഡിഎഎഫ് സര്‍ക്കാരുകളും, നയിക്കുന്ന പാര്‍ട്ടികളും അതിന് മത്സരിക്കുന്നു. പക്ഷേ, കഴിവില്ലാത്തവരും കാര്യശേഷി പ്രകടിപ്പിക്കാത്തവരും ഇന്നത്തേപ്പോലെ മുന്‍പുണ്ടായിട്ടില്ല. ഇന്ന് പോലീസ് മതാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘമായി. അത് ബെഹ്റയുടെ തൊപ്പിയിലെ കറുത്ത തൂവല്‍. മനുഷ്യത്വവും മാന്യതയുമുള്ള പോലീസുകാര്‍ സേനയുടെ അപകീര്‍ത്തിയില്‍ ആശങ്കയിലാണ്.
കെ. കരുണാകരനാണ് പോലീസിനെ ഏറ്റവുമധികം ദുര്‍വിനിയോഗിച്ചത്. അടിയന്തരാവസ്ഥയാണ് കാരണം. അന്നത്തെ ക്രൂരതകള്‍ക്ക് കരുണാകരനും ഇന്ദിരയ്ക്കും കിങ്കരനായി നിന്ന ജയറാം പടിക്കല്‍ മികച്ച പരിശീലനം കിട്ടിയ, നക്സല്‍ ഭീകരത ഇല്ലാതാക്കിയ, ഉദ്യോഗസ്ഥന് എന്ന നിലയില്‍നിന്ന് അധഃപതിച്ചു. പില്ക്കാലത്ത് കരുണാകരന്റെ ഡിജിപിയാകാന്‍ മധുസൂദനനും പടിക്കലും തമ്മിലടിച്ചതൊഴിച്ചാല് പോലീസ് സേനയുടെ അന്തസുകളഞ്ഞ മേധാവികളില്ലായിരുന്നു. കമ്യൂണിസ്റ്റ് ഭരണത്തില്‍, പ്രത്യേകിച്ച് പിണറായി ഭരണത്തില്‍ പോലീസ് നേതൃത്വത്തെ വെറും കോമാളിയാക്കി. അവര്‍ സേനയെ പാര്ട്ടിപ്പടയാളികളാക്കി.
കഴിവുള്ള ഉദ്യോഗസ്ഥരെ ഒതുക്കി. ഡോ.ടി.പി. സെന്‍കുമാര്‍, ഡോ. ജേക്കബ് തോമസ്, ഹേമചന്ദ്രന്, ശങ്കര്‍ റെഡ്ഡി തുടങ്ങിയവരെ മൂലയ്ക്കൊതുക്കി, അല്ലെങ്കില്‍ പുറത്താക്കി. ഹേമചന്ദ്രന് കേരളത്തിലെ ഏറ്റവും മികച്ച പോലീസ് ഉദ്യോഗസ്ഥനായിരുന്നു, പക്ഷേ, ഫയര്‍ ആന്‍ഡ് റെസ്ക്യൂവില്‍ സര്‍വീസ് അവസാനിച്ചു. ശങ്കര്‍ റെഡ്ഡി തിരുവനന്തപുരം റൂറല്‍ എസ്പി ആയിരുന്നപ്പോള്‍ മുതല്‍ മികവു കാണിച്ചയാളാണ്. പക്ഷേ പോലീസ് തലവനാകാതെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നോക്കി.
ബെഹ്റ കഴിഞ്ഞാല്‍ ആര് എന്ന ചോദ്യമുണ്ട്. കേന്ദ്ര എസ്പിജി സര്‍വീസിലുള്ള അരുണ്‍കുമാര്‍ സിന്‍ഹയെ പോലുള്ളയാള്‍ കേരളത്തിലേക്കില്ലെന്നു പറഞ്ഞാല്‍ ടോമിന് തച്ചങ്കരി പോലുമാകാം അടുത്തയാള്‍. അഴിമതിക്കേസുകളിലുള്പ്പെടെ കുടുങ്ങി വിവാദത്തിലായ തച്ചങ്കരിക്ക് കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും വഴങ്ങും. ഉമ്മന്‍ ചാണ്ടിയുടെ ഭരണത്തില്‍ വിജിലന്‍സ് കേസുകള്‍ അന്വേഷണത്തിലിരിക്കെ, തച്ചങ്കരിക്ക് എഡിജിപിയായി സ്ഥാനക്കയറ്റം നല്‍കിയത്. അന്ന് തച്ചങ്കരിക്കുവേണ്ടി ഏഴ് ബിഷപ്പുമാര്‍ ശുപാര്‍ശ നടത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
ലോക്നാഥ് ബെഹ്റയുടെ നേതൃത്വത്തില്‍, വലംകൈയായ മനോജ് എബ്രഹാമിന്റെ മേല്‍നോട്ടത്തില്‍, സൈബര്‍ കുറ്റകൃത്യങ്ങളും കുറ്റകൃത്യങ്ങളുടെ സൈബര്മാര്ഗ കണ്ടെത്തലുകളും സംബന്ധിച്ച് ആഗോള സെമിനാറായ ‘കൊക്കൂണ്‍’ നടക്കുമ്പോഴാണ് ദേശീയ അന്വേഷണ ഏജന്‍സി സംസ്ഥാനത്തുനിന്ന് ആഗോള ഭീകര സംഘടനാംഗങ്ങളെ പിടികൂടിയത് എന്നത് ‘കേരള പോലീസിന്റെ തൊപ്പിയിലെ കരിങ്കൊടി’യായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: