കൊച്ചി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സ്വര്‍ണക്കടത്തുകേസില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ ഭരണഘടനാ ലംഘനക്കുറ്റം മുഖ്യമന്ത്രി പിണറായി വിജയനും ബാധകമാകുന്നു. മുഖ്യമന്ത്രി, മന്ത്രി പദങ്ങളിലിരിക്കുന്നവര്‍ക്ക് ആവശ്യത്തിലേറെ ഔദ്യോഗിക ഉപദേശകരുണ്ടായിട്ടും ഭരണഘടനാ ലംഘനം നടത്തിയതാണ് കുറ്റം.
ഇന്ത്യന്‍ ഭരണഘടനയുടെ 18 ാം അനുച്ഛേദ പ്രകാരം നാലുനിയന്ത്രണങ്ങളുണ്ട്. അതില്‍ നാലാമത്തെ വ്യവസ്ഥ ഇങ്ങനെയാണ്: രാഷ്ട്രത്തിന്‍കീഴില്‍ ആദായകരമോ വിശ്വാസാധിഷ്ഠിതമോ ആയ ഏതെങ്കിലും ഉദ്യോഗം വഹിക്കുന്ന ആരും രാഷ്ട്രപതിയുടെ സമ്മതം കൂടാതെ ഏതെങ്കിലും വിദേശ രാഷ്ട്രത്തില്‍നിന്ന് അല്ലെങ്കില്‍ അതിന്റെ കീഴിലുള്ള ഏതെങ്കിലും ഓഫീസില്‍നിന്ന് സമ്മാനമോ ശമ്പളമോ ഏതെങ്കിലും തരത്തിലുള്ള ഉദ്യോഗമോ സ്വീകരിക്കാന്‍ പാടില്ല.”
ന്യൂനപക്ഷ ക്ഷേമ ചുമതലയുമുള്ള ഉന്നത വിദ്യാഭ്യാസ വകുപ്പുമന്ത്രി കെ.ടി. ജലീല്‍, യുഎഇ കോണ്‍സുലേറ്റുവഴി വിദേശ രാജ്യവുമായി ഇടപെട്ടതും വിദേശ രാജ്യത്തിന്റെ സമ്മാനം സ്വീകരിച്ചതും ആ രാജ്യത്തിനു വേണ്ടി ഇവിടെ പ്രവര്‍ത്തിച്ചതുമാണ് കുറ്റം. ചോദ്യം ചെയ്യലിനിടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യോട് ഇതു സംബന്ധിച്ച് മന്ത്രി ജലീല്‍ പറഞ്ഞത്, ‘അറിയില്ലായിരുന്നു, ഉദ്യോഗസ്ഥര്‍ ഇതു സംബന്ധിച്ച് പറഞ്ഞില്ലായിരുന്നു’ എന്നാണ്. നിയമം അറിയില്ലായിരുന്നു എന്നത് സാധാരണക്കാരന്റെ കാര്യത്തില്‍ പോലും കുറ്റകൃത്യത്തില്‍നിന്നുള്ള രക്ഷപ്പെടലിന് ന്യായമല്ല. അപ്പോള്‍ ഔദ്യോഗിക ഉപദേശകരും സഹായികളും ഏറെയുള്ള മന്ത്രിയുടെ വാദം അതിനാല്‍ തീരെ സ്വീകാര്യമല്ല.
മന്ത്രി ജലീല്‍ നേരിട്ട് യുഎഇ കോണ്‍സുലേറ്റ് വഴി വിദേശ രാജ്യവുമായി ഇടപെട്ടു. ജലീല്‍ കോണ്‍സുലേറ്റിന്റെ സമ്മാനം സ്വീകരിച്ചു. ഖുറാനും പ്രളയ സഹായവും ആയിരുന്നുവെന്നും ‘സക്കാത്താ’യിരുന്നു എന്നും ന്യായം പറഞ്ഞു. യുഎഇ രാജ്യത്തിന്റെ പ്രചാരണ മുദ്രയുള്ള വസ്തുക്കളാണ് വിതരണം ചെയ്തത്. മാത്രമല്ല, ആദ്യമായല്ല ഇങ്ങനെ ചെയ്യുന്നതെന്നും പ്രഖ്യാപിച്ചിരുന്നു. നിയമ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയവരോട് അതിന്റെ പേരില്‍ തൂക്കിക്കൊന്നാലും പേടിക്കില്ലെന്നു വീരം പറഞ്ഞതേ ഉള്ളു.
മന്ത്രി ജലീലിന്റെ പ്രവൃത്തിയെ നിയമസഭയിലും പുറത്തും ന്യായീകരിച്ചാണ് മുഖ്യമന്ത്രിയും കുറ്റക്കാരനാകുന്നത്. ഭരണഘടനാ ലംഘനമല്ലേ എന്ന ചോദ്യങ്ങള്‍ക്ക് ”എന്റെയറിവില്‍ ഒരു ലംഘനവുമല്ല” എന്നാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. നിയമസഭയില്‍ വിശദീകരിക്കുമ്പോഴും മുഖ്യമന്ത്രി ഇത് ആവര്‍ത്തിച്ചു.
മുഖ്യമന്ത്രിയുടെ അറിവല്ല, ഭരണഘടനയാണ് ഇക്കാര്യത്തില്‍ അടിസ്ഥാനം. ഭരണഘടനാ ലംഘനം രാജ്യദ്രോഹമായതിനാല്‍ മന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ഐഎ തുടര്‍നടപടി എടുക്കും. അപ്പോള്‍, നിയമോപദേശതിനുള്‍പ്പെടെ ഔദ്യോഗികവും അനൗദ്യോഗകവുമായി ഒട്ടേറെ ഉപദേശകരുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണവും വിഷയമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: