കൊച്ചി: യുഎഇ കോണ്സുലേറ്റു വഴി ഖുറാനും ഈന്തപ്പഴവും സ്വീകരിച്ച സംഭവത്തില്‍ സംസ്ഥാനത്തിനെതിരേ കസ്റ്റംസ് രണ്ട് കേസെടുത്തു. ചട്ടം ലംഘിച്ച് മന്ത്രി കെ.ടി. ജലീല്‍ സ്വീകരിച്ച വസ്തുക്കളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ നടപടിയിലേക്കാണ് കേസ് നീളുന്നത്. മന്ത്രി കെ.ടി. ജലീലിനെ ഉടന്‍ ചോദ്യം ചെയ്യും. കസ്റ്റംസ് ചട്ടങ്ങള്‍ ലംഘിച്ചതിനാണ് കേസ്. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് ജലീല്‍ പ്രവര്‍ത്തിച്ചെന്ന് ജൂലൈ 17 ന് ജന്മഭൂമിയാണ് ആദ്യം റിപ്പോര്‍ട്ടുചെയ്തത്.
ഖുറാന് ഇറക്കുമതിയാണ് മുഖ്യ കേസ്. കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുറാന് അവര്‍ മന്ത്രിക്ക് സമ്മാനിച്ചുവെന്നാണ് വിശദീകരണം. എന്നാല്‍, വിദേശ രാജ്യത്തുനിന്നോ രാജ്യങ്ങളുടെ ഓഫീസില്‍നിന്നോ സമ്മാനങ്ങള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതി വേണം. സംസ്ഥാന മന്ത്രി എങ്ങനെ ഇത് സ്വീകരിച്ചുവെന്ന വിശദീകരണം മന്ത്രി നല്‍കേണ്ടിവരും.
ഈ നടപടികളെ സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോകോള്‍ വിഭാഗം എതിര്‍ത്തതാണ്. സമ്മാനങ്ങള്‍ സ്വീകരിക്കുകയോ കോണ്‍സുലേറ്റുമായി വ്യക്തിപരമായ ഇടപാടുകള്‍ നടത്തുകയോ ചെയ്യരുതെന്ന് പ്രോട്ടോകോള്‍ വിഭാഗം നിര്‍ദേശവും നല്‍കിയതാണ്.
യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാര്‍ അവരുടെ ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ എന്ന പേരില്‍ 2017 ല്‍ 18,000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്തു. ജീവനക്കാരുടെ ആവശ്യങ്ങള്ക്കായതിനാല് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി. പക്ഷേ, കോണ്‍സുലേറ്റ് ഈ ഈന്തപ്പഴം സംസ്ഥാന സര്‍ക്കാരിന് കൈമാറി. മന്ത്രി കെ.ടി. ജലീലാണ് അത് സ്വീകരിച്ചത്. ഇതാണ് രണ്ടാമത്തെ കേസ്.
ജീവനക്കാരുടെ ആവശ്യങ്ങള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി വാങ്ങിയ വസ്തുക്കള്‍ മറ്റൊരാവശ്യത്തിന് വിനിയോഗിക്കുന്നത് കസ്റ്റംസ് ചട്ടത്തിന് വിരുദ്ധമാണ്. അത് സംസ്ഥാന സര്‍ക്കാരിനു വേണ്ടി മന്ത്രി സ്വീകരിച്ചത് അതിനേക്കാള്‍ ഗുരുതരം. രണ്ടു കേസുകളും അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ കസ്റ്റംസ് ചുമതലപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: