സമൂഹത്തിനായി സമര്‍പ്പിക്കപ്പെട്ട ജീവിതം
ആയുര്‍വേദചികിത്സയുടെ അനന്ത സാധ്യതകളെക്കുറിച്ച് എന്നെന്നും വാചാലനാവുകയും ജീവിതായുസ്സ് മുഴുവന്‍ ആ സ്വപ്നസാക്ഷാല്‍ക്കാരത്തിനു വേണ്ടി നിരന്തരമായി പ്രയത്നിക്കുകയും ചെയ്ത അസാമാന്യ വ്യക്തിത്വമായിരുന്നു ശ്രീ കൃഷ്ണകുമാര്‍. പരമ്പരാഗതരീതിയും ആധുനിക പഠനസമ്പ്രദായവും കോര്‍ത്തിണക്കിക്കൊണ്ടുള്ള പാഠ്യപദ്ധതിയുമായി ആയുര്‍വേദ കോളേജ് തുടങ്ങുകയും സര്‍വകലാശാല അംഗീകാരത്തോടെ ഗുരുകുലസമ്പ്രദായത്തില്‍ ഏഴരവര്‍ഷത്തെ സൗജന്യ ആയുര്‍വേദ പഠനകോഴ്സ് ആരംഭിക്കുകയും ചെയ്തത്് ആയൂര്‍വേദ പഠനരംഗത്തിന്റെ ഗതിമാറ്റിയ സംഭവമായിരുന്നു.ശാസ്ത്ര-സാങ്കേതിക-പരിസ്ഥിതി മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഒട്ടേറെ ആയുര്‍വേദാനുബന്ധിയായ ഗവേഷണങ്ങള്‍ക്ക് അദ്ദേഹം വഴിയൊരുക്കി. ആധുനികസംവിധാനങ്ങളോടെ ആയുര്‍വേദ മരുന്നുത്പാദന ഫാക്ടറികള്‍ ആരംഭിക്കുയും മരുന്നുകള്‍ ഉത്പാദിപ്പിക്കുകയും ചെയ്തു.കൃഷ്ണകുമാര്‍ മുന്‍കൈയെടുത്ത് 1982-ല്‍ കോയമ്പത്തൂരില്‍ ആരംഭിച്ച ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദയെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുര്‍വേദ വിഭാഗമായ ആയുഷ് അംഗീകൃത സ്ഥാപനമായി പ്രഖ്യാപിച്ചു.എ.വി.പി. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് (അവതാര്‍) രാജ്യത്തെ ഒന്നാംനിര ആയുര്‍വേദാനുബന്ധ ഗവേഷണകേന്ദ്രമാണ്.കോവിഡ് മഹാമാരിയുടെ ചികിത്സക്ക് ഫലപ്രദമായ മാര്‍ഗങ്ങളുണ്ടെന്ന് പ്രധാനമന്ത്രിയെ ധരിപ്പിച്ചതും കൃഷ്ണകുമാറാണ്
ആയുര്‍വേദ സ്ഥാപനം നടത്തുന്നതില്‍ മാത്രമൊതുങ്ങിയില്ല, നാനാവിധ മണ്ഡലങ്ങളിലേക്കും ആ പ്രതിഭയുടെ കരുത്തുറ്റ കരങ്ങള്‍ കടന്നുചെന്നെത്തി. സാന്നിധ്യം കൊണ്ട് അവിടെയെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ധ്യാത്മിക -ധാര്‍മിക -സാമൂഹ്യ മണ്ഡലങ്ങളിലെല്ലാം എടുത്തു പറയത്തക്ക ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചു.പരമ്പരാഗതകലകളെ പരിപോഷിപ്പിക്കുന്നതിനായി സൗജന്യ കളരി-യോഗ-കഥകളി പഠനസൗകര്യവും ഒരുക്കി. നൂറുകണക്കിന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കുന്നതിന് പ്രേരണയായി.
ആര്യവൈദ്യശാലയുടെ അങ്കണത്തിലെ ധന്വന്തരി മന്ദിര്‍ ക്ഷേത്രത്തിലൂടെ നിത്യവും അന്നദാനവും നടത്തിവരുന്നുണ്ട്.ധര്‍മഗുരുക്കന്മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കു കലവറയില്ലാത്ത പിന്തുണ നല്കി. നാടിന്റെ നന്മക്കുതകുന്ന സംരംഭങ്ങളോടൊപ്പം അദ്ദേഹമുണ്ടായിരുന്നു. ശബരിമലയില്‍ ആദ്യമായി അന്നദാനം ആരംഭിച്ച് അയ്യപ്പ സേവ രംഗത്ത് മാതൃകയായി. അയ്യപ്പസേവാ സമാജത്തിന്റെ ദേശീയ നേതൃത്വം ഏറ്റെടുക്കാനും അദ്ദേഹം മടികാണിച്ചില്ല.
രാജ്യവ്യാപകമായി സമാജത്തിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ അദ്ദേഹം നല്കിയ പിന്തുണ മറക്കാനാവില്ല. ജന്മഭൂമി പത്രത്തിന്റെ വികസനസമിതിയുടെ പ്രധാന ചുമതലയും നിര്‍ണ്ണായക ഘട്ടത്തില്‍ വഹിച്ചു. ആ ദേഹവിയോഗം പൊതു ജീവിതമണ്ഡലത്തില്‍ തീരാനഷ്ടമാണ് വരുത്തിവെച്ചത്. ആ മഹദ് ജീവിതത്തിന് മുന്നില്‍ ആദരാഞ്ജലികള്‍ !
കുമ്മനം രാജശേഖരന്
പകരം വെക്കാനില്ലാത്ത വ്യക്തിത്വം
സെപ്റ്റംബര്‍ 16 നു രാത്രി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങിയ പത്മശ്രീ.പി.ആര്.കൃഷ്ണകുമാര്‍ വാര്യരെ അടുത്തറിയുന്നവര്‍ക്ക് അദ്ദേഹത്തിന്റെ കര്‍ക്കശമായ ചിട്ടകളെയും സ്വഭാവത്തെപറ്റിയും ബോധ്യപ്പെട്ടിരിക്കും. അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുമ്പോഴും അദ്ദേഹത്തിന്റെ ഹൃദയവിശാലതയും, ഈശ്വര ഭക്തിയും, ദീനരോടും പതിതരോടും അദ്ദേഹത്തിനുണ്ടായിരുന്ന അനുകമ്പയും, ആര്‍ക്കും മറക്കാനാവില്ല.
2013 മുതല്‍ 2017 സെപ്റ്റംബര്‍ വരെ ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ അധ്യക്ഷനായിരുന്നു അദ്ദേഹം. ആഴ്ചയില്‍ കുറഞ്ഞത് ഒരു ദിവസമെങ്കിലും അദ്ദേഹവുമായി സംസാരിക്കേണ്ട ആവശ്യങ്ങള്‍ നിറഞ്ഞ ഒരു കാലഘട്ടമായിരുന്നു അത്. അങ്ങിനെ കൂടുതല്‍ അടുത്തിടപഴകാന്‍ സന്ദര്ഭമുണ്ടായപ്പോഴാണ് ആ മനസ്സിലെ മധുരം അനുഭവിച്ചത്.
കുമ്മനം രാജശേഖരന് ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ദേശീയ വൈസ് ചെയര്‍മാനായിരിക്കുമ്പോഴാണ് കുമ്മനത്തെ ഭാരതീയ ജനതാ പാര്‍ട്ടിയുടെ കേരളാ ഘടകത്തിന്റെ അധ്യക്ഷനായി നിയോഗിച്ചത്. അദ്ദേഹത്തിന്റെ സുഗമമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് അനുകൂലമായി ട്രസ്റ്റില്‍ വൈസ് ചെയര്മാന് എന്ന പദവിയില്‍ നിന്നും അദ്ദേഹത്തെ ഉടനെ മുക്തനാക്കുകയാണ് ഉചിതമെന്നു കൃഷ്ണകുമാര്‍ജി അഭിപ്രായപ്പെട്ടു. ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ എന്തെങ്കിലും ചില തീരുമാനങ്ങള്‍ കുമ്മനത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചാലോ എന്ന ആശങ്കയായിരുന്നു കൃഷ്ണകുമാര്‍ജി പങ്കുവെച്ചത്.
രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ സര്‍സംഘചാലകനായിരുന്ന ബാലാസാഹേബ് ദേവരസിന്റെ സഹോദരന് ബാബുറാവ് ദേവരസ് ചികിത്സക്ക് വേണ്ടി കോയമ്പത്തൂര്‍ ആര്യവൈദ്യ ഫാര്‍മസിയില്‍ താമസിച്ചിരുന്നു. അപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രബന്ധകനായി എന്നെ നിയോഗിച്ചിരുന്നു. ആ സമയത്താണ് കൃഷ്ണകുമാര്‍ജിയെ ആദ്യമായി കണ്ടതും പരിചയപ്പെട്ടതും.
അദ്ദേഹത്തിന്റെ സുഹൃദ്വലയത്തില് രാജ്യമെമ്പാടും ഉയര്‍ന്ന പദവികളിലുള്ള ഉന്നതരുണ്ടായിരുന്നു. വ്യക്തിപരമായോ, തന്റെ സ്ഥാപനത്തിന് വേണ്ടിയോ, താന്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ താത്പര്യങ്ങള്‍ക്കു വേണ്ടിയോ അതിലാരെയും അദ്ദേഹം സ്വാധീനിക്കാന്‍ ശ്രമിച്ചില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രീയത്തിലിറങ്ങുന്നതിന് മുമ്പ് കൃഷ്ണകുമാര്ജിക്ക് അദ്ദേഹത്തെ അടുത്ത പരിചയമുണ്ടായിരുന്നു. രണ്ടു പേരും വി.എച്.പി.യില്‍ പ്രവര്‍ത്തിച്ചിരുന്നു.കേന്ദ്ര സര്‍ക്കാരിന്റെ ‘ആയുഷ്’ പദ്ധതികളുമായി അദ്ദേഹം ഏറെ സഹകരിച്ചു പ്രവര്‍ത്തിച്ചു. അലോപ്പതിയെക്കാള്‍ മനുഷ്യ ശരീരത്തിന് ഏറ്റവും അനുയോജ്യമായതും, പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്തതും, രോഗത്തെ അശേഷം നശിപ്പിക്കുന്നതുമാണ് ആയുര്‍വേദം എന്ന് ചികിത്സാ വിദഗ്ദരോടും സാധാരണക്കാരോടും അദ്ദേഹം വിശദീകരിച്ചു.
ഇന്ന് ശബരിമലയിലും, മറ്റു ക്ഷേത്രങ്ങളിലും, ദേവസ്വം ബോര്‍ഡും, വിവിധ സംഘടനകളും, വ്യക്തികളും അന്നദാനം നടത്തുന്നത് സാധാരണമാണ്. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പമ്പയില്‍ അന്നദാനം ആരംഭിക്കാന്‍ കൃഷ്ണകുമാര്‍ജി നേതൃത്വം വഹിച്ചു. കൊയമ്പത്തൂരിലെ വ്യാപാരിയായ സി.ആര്.ഭാസ്കറിനോടൊപ്പമാണ് ഇതിന് മുന്‍കൈയെടുത്തത്.
സനാതന ജീവിത ചര്യകള്‍ മുടക്കം വരാതെ അനുഷ്ഠിക്കുന്ന അദ്ദേഹത്തിന്റെ സുഹൃദ്വലയത്തില് വിവിധ മതസ്ഥരായ പല പ്രമുഖരും, വിവിധ രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെട്ടിരുന്നു. എ.കെ.ജി. കോയമ്പത്തൂരെത്തുമ്പോഴെല്ലാം കൃഷ്ണകുമാര്ജിയും അച്ഛനും താമസിക്കുന്ന രാജമന്ദിരത്തിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ ജനവരി മാസത്തില്‍ കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസിയില്‍ ചേര്‍ന്ന ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ കേന്ദ്രീയ കോര്‍ കമ്മിറ്റിയോഗത്തില്‍ അദ്ദേഹത്തിന്റെ മാര്‍ഗദര്‍ശനമുണ്ടായിരുന്നു. ഈശ്വര ഭക്തി സ്ഫുരിക്കുന്ന നിര്‍മ്മലമായ സ്വഭാവമുള്ള സദാ ചലിച്ചുകൊണ്ടിരിക്കുന്ന ദീനദയാലുവാണ് കൃഷ്ണകുമാര്‍ജി എന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം ബോധ്യം വരുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകളും സാമീപ്യവും.
സമൂഹത്തില്‍ നിലനില്‍ക്കുന്ന ദുരാചാരങ്ങള്‍, അസ്പൃശ്യത, അലംഭാവം, അദ്ദേഹത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. അന്തിത്തിരി തെളിയിക്കാന്‍ കൂടി സാമ്പത്തിക ബുദ്ധിമുട്ടു അനുഭവിക്കുന്ന ക്ഷേത്രങ്ങളെ പറ്റിയും, ജീര്‍ണിച്ച മഹാക്ഷേത്രങ്ങളെ പറ്റിയും അദ്ദേഹം അന്ന് ഏറെ പറഞ്ഞു. പുതിയ തലമുറ വേദങ്ങളിലേക്കു ശ്രദ്ധ തിരിക്കുകയാണെങ്കില്‍ ഇന്ന് സമൂഹത്തിലെ പ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഉപസംഹാരം.
കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്മസിയിലേക്കു ആദ്യമായി വരുന്ന ഏതൊരു വ്യക്തിയിലും താന്‍ വന്നത് ആശുപത്രിയിലേക്കോ അതല്ല കാനന ക്ഷേത്രത്തിലേക്കോ എന്നായിരിക്കും സംശയം. നിത്യവും ഗോപൂജയും മറ്റുള്ള പൂജകളും കേരളരീതിയില്‍ തന്നെ ആചാരാനുഷ്ഠാനങ്ങളോടെ ഭക്തിപൂര്‍വ്വം ആചരിക്കുന്ന ശ്രീ ധന്വന്തരമൂര്‍ത്തിയുടെ ക്ഷേത്രം ഉള്‍പ്പെടെയുള്ള ആര്യ വൈദ്യ ഫാര്‍മസി കോയമ്പത്തൂര്‍ നഗര മധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു വൃന്ദാവനമാണ്.
ആയുര്‍വേദം, സാഹിത്യം, കലകള്‍, ആധ്യാത്മികം, സാമൂഹ്യം, വിദ്യാഭ്യാസം എന്നിങ്ങനെ പല മേഖലകളിലും നിറഞ്ഞു നിന്ന, പകരം വെക്കാനില്ലാത്ത വ്യക്തി ത്വമാണ് നമ്മെ വിട്ടു പിരിഞ്ഞത്.
ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ മുന്‍ ദേശീയ അധ്യക്ഷനും തുടര്‍ന്ന് മാര്ഗ്ഗദര്ശിയുമായിരുന്ന ഡോ. പി.ആര്.കൃഷ്ണകുമാര്‍ജിയുടെ ആത്മ മോക്ഷത്തിനായി സെപ്റ്റംബര്‍ 20ന് വൈകീട്ട് 6 മണിക്ക് ദേശവ്യാപകമായി അയ്യപ്പ സേവാ സമാജം ഗൃഹങ്ങളില്‍ മോക്ഷദീപം തെളിയിക്കും. ആ മഹാത്മാവിന്റെ ഓര്‍മ്മകളില്‍ ശ്രദ്ധാഞ്ജലി.
ഈറോഡ് എന്‍. രാജന്
ദേശീയ ജനറല്‍ സെക്രട്ടറി, അയ്യപ്പ സേവാ സമാജം
പ്രതികരിക്കാൻ ഇവിടെ എഴുതുക: