കൊച്ചി: കൊറോണയെന്ന മഹാമാരിയെ പ്രതിരോധിക്കാന്‍ ലഭിച്ച വിലയേറിയ ഏഴു മാസമാണ് കേരളം പാഴാക്കിയത്. അടുത്ത മാസം കൊറോണ വ്യാപനം കൂടുമെന്നും ജനങ്ങള്‍ നടുറോഡില്‍ മരിച്ചു വീഴുമെന്നൊക്കെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ തന്നെ പറയുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ടീച്ചറമ്മയെന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ശൈലജയും പിണറായി സര്‍ക്കാരുമാണ്.
ചൈന കൊറോണയുടെ നീരാളിപ്പിടിത്തത്തില്‍ ഞെരിഞ്ഞമരുന്ന സമയത്തു തന്നെയാണ് കേരളത്തിലും കൊറോണ പ്രത്യക്ഷപ്പെട്ടത്. ചൈനയിലെ വൂഹാനില്‍ നിന്ന് മടങ്ങിയെത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്ഥിനിക്കാണ രോഗം സ്ഥിരീകരിച്ചത്, അതും ജനുവരി 30ന്. രോഗം ഭേദമായി മാര്‍ച്ച് 11ന് അവര്‍ ആശുപത്രി വിട്ടു. പത്തനംതിട്ട സ്വദേശികള്‍ക്ക് രോഗം ബാധിച്ചതാണ് പിന്നെ വലിയ വാര്‍ത്തയായത്. അത് മാര്‍ച്ച് 20നായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സ കഴിഞ്ഞ് അവര്‍ മടങ്ങി. ചെറിയ തോതില്‍ രോഗം പടര്‍ന്നപ്പോള്‍ തന്നെ ബുദ്ധമുട്ടിയെങ്കിലും രോഗം നിയന്ത്രിക്കാന്‍ അന്ന് കഴിഞ്ഞിരുന്നു. അപ്പോഴാണ് മഹാമാരിയെ പിടിച്ചുകെട്ടിയെന്നു പറഞ്ഞ് സര്‍ക്കാര്‍ വമ്പന്‍ പ്രചാരണം അഴിച്ചുവിട്ടത്. ലോകമെമ്പാടും സര്‍ക്കാരിനെ പ്രശംസിക്കുകയാണെന്നും വാര്‍ത്തകള്‍ പടച്ചുവിട്ടു.
ദല്‍ഹിയിലും മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും ബംഗാളിലും ഗുജറാത്തിലും രോഗം പടര്‍ന്നു കയറിയപ്പോള്‍ കേരള മോഡലിന്റെ അഹങ്കാരം സംസ്ഥാന സര്‍ക്കാര്‍ മറച്ചുവച്ചില്ല. കേരളത്തെ മാതൃകയാക്കൂയെന്നായി പ്രചാരണം. മാധ്യമങ്ങളും ഈ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പു പകര്‍ന്നു.
എല്ലാം വാചകമടി മാത്രം
പക്ഷെ ഏഴു മാസത്തിനിപ്പുറമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാല്‍ അന്നു കാട്ടിക്കൂട്ടിയതെല്ലാം വെറും വാചകമടി മാത്രമാണെന്ന് വ്യക്തമാകും. ഏതാണ്ട് മെയ് മാസം അവസാനം വരെ കേരളം സ്വയം കെട്ടിപ്പൊക്കിയ വലിയ പ്രതിഛായയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയായിരുന്നു. പക്ഷെ ജൂണ്‍ ആയതോടെ ചിത്രം പാടെ മാറി. നിത്യേന രോഗികളുടെയും മരണമടയുന്നവരുടെയും എണ്ണം കൂടി വന്നു. ജൂണ്‍ നാലു വരെ കൊറോണ ബാധിച്ച് കേരളത്തില്‍ പതിനാലു പേര് മാത്രമാണ് മരണമടഞ്ഞിരുന്നത്. ജൂലൈ 31ന് അനൗദ്യോഗിക മരണം നൂറു കടന്നു. പല മരണങ്ങളും കൊറോണയായി സ്ഥിരീകരിക്കാത്തതിനാല്‍ അവയൊന്നും അനൗദ്യോഗിക കണക്കില്‍ പോലും പെട്ടുമില്ല. രണ്ടുമാസം കൊണ്ടാണ് മരണം നൂറു കടന്നത്. ഇപ്പോള്‍ ആഗസ്റ്റ് കടന്ന് സെപത്ംബര്‍ 12. ആഗസ്റ്റ് ഒന്നിന് അനൗദ്യോഗിക കണക്കു പ്രകാരം മരണം 109 ആയിരുന്നു. ആഗസ്ത്31ന് 385 ആയി. സെപ്തംബര്‍ പത്തിലെ അനൗദ്യോഗിക കണക്കു പ്രകാരം മരണം 500 കടന്നു. എന്നാല്‍ സര്‍ക്കാര്‍ കണക്കില്‍ ഇത് 396 ആണ്.
നടപടികള്‍ ഇല്ല; പരിശോധനകള്‍ കുറഞ്ഞു
ഇതുവരെ കേരളത്തില്‍ രോഗം ബാധിച്ചവരുടെ എണ്ണം ഒരു ലക്ഷത്തിനടുത്തെത്തി. ഇപ്പോള്‍ നിത്യേന മൂവായിരത്തിലേറെപ്പേര്ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. നിത്യേന ശരാശരി മരണം 12 ആണ് ഇപ്പോള്‍. അടുത്ത മാസത്തോടെ രോഗവ്യാപനം കൂടുതലാകുമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്.
കടുത്ത നിയന്തണങ്ങള്‍ വേണ്ട സമയത്ത് അലംഭാവം കാണിച്ചതും അനാവശ്യമായ ഇളവുകള്‍ പ്രഖ്യാപിച്ചതും രോഗവ്യാപനം തടയാന്‍ കര്‍ക്കശമായ നടപടികള്‍ എടുക്കാത്തതും പരിശോധന വളരെക്കുറഞ്ഞതുമാണ് പൊടുന്നനെ രോഗം പടര്‍ന്നു കയറാന്‍ കാരണമായതെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.
വേണ്ടത്ര ക്വാറന്റൈന് സൗകര്യം ഒരുക്കാത്തതാണ് മറ്റൊരു പ്രധാനകാരണം. പരിശോധനയും നിരീക്ഷണവും വ്യാപകമാക്കിയും കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയും ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നുവെങ്കില്‍ അവസ്ഥ ഇത്രയേറെ മോശമാകുമായിരുന്നില്ല. ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് രോഗം വളരെ ഭീതിജനകമായ അവസ്ഥയില്‍ എത്തിയത്. അവിടങ്ങളില്‍ പലയിടങ്ങളിലും രോഗം കുറഞ്ഞുവരുന്ന സമയത്താണ് കേരളത്തില്‍ കൂടുന്നത്.
Read More:
- കേരള കൊറോണ പ്രതിരോധം; പരിശോധനകള്‍ പരിതാപകരം
- തീരുമാനങ്ങളില്‍ പാളിച്ചകളേറെ
- ട്രീറ്റ്മെന്റ് സെന്ററുകള്‍ ദുരിത കേന്ദ്രങ്ങള്‍; കെ.കെ. ശൈലജയുടെ വാക്കുകള്‍ മുന്നറിയിപ്പോ മുന്‍കൂര്‍ ജാമ്യമെടുക്കലോ…
- തുടക്കത്തില്‍ മീന്‍, മുട്ട, പഴച്ചാര്‍, ചിക്കന്‍ കറി…; ഇപ്പോള്‍ മൂന്ന് ഇഡ്ഡലി; മിക്ക ക്വാറന്റൈന് കേന്ദ്രങ്ങളിലും ആശുപത്രികളിലും കുടിവെള്ളം പോലുമില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: