കൊച്ചി: വീടുകള്‍ വൃന്ദാവനങ്ങളായപ്പോള് ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷം അതിജീവനത്തിന്റെ സന്ദേശമായി. പീലിത്തിരുമുടിയും പീതാംബരവും അണിഞ്ഞ ആയിരക്കണക്കിന് ഉണ്ണിക്കണ്ണന്മാരുടെ കുസൃതികള്‍, വാദ്യമേളങ്ങളുടെ ശബ്ദഘോഷങ്ങള്‍, രാധാകൃഷ്ണ വേഷമണിഞ്ഞ ബാലികാബാലകന്മാരുടെ നിഷ്കളങ്കത, ഗോപികാനൃത്തം, ഉറിയടി, കൃഷ്ണമന്ത്രങ്ങള് ഉരുവിടുന്ന ഭക്തര്‍, എല്ലാം യമുനാപ്രവാഹം പോലെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിറഞ്ഞു.
കേരളത്തിലെ മൂന്നര ലക്ഷം വീടുകളിലായി 12 ലക്ഷത്തിലധികം വരുന്ന ശ്രീകൃഷ്ണഭക്തര്‍ ബാലഗോകുലം വിഭാവനം ചെയ്ത വിധം ലളിതമായ രീതിയില്‍ ഓരോ വീട്ടിലും ദീപക്കാഴ്ചകളൊരുക്കി വിശ്വശാന്തിക്കായി പ്രാര്‍ത്ഥിച്ചു. കൊറോണ പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിച്ചു. അയ്യായിരത്തിയിരുന്നൂറ് ഗോകുല പ്രദേശങ്ങളിലെ വീടുകളില്‍ കൃഷ്ണകുടീരങ്ങള്‍ ഒരുക്കി. ഉണ്ണിക്കണ്ണന്മാരെ വെണ്ണയൂട്ടി. കൃഷ്ണപ്പൂക്കളമിട്ടു. ഇങ്ങനെ രാവിലെ തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചു.
‘വീടൊരുക്കാം വീണ്ടെടുക്കാം വിശ്വശാന്തിയേകാം’ എന്ന സന്ദേശത്തോടെയാണ് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങള്‍ നടന്നത്. എല്ലാ വര്‍ഷവും ശോഭായാത്രയില്‍ വേഷമിട്ട് അണിചേരുന്ന നടി അനുശ്രീ ശ്യാമമാധവം എന്ന ഫോട്ടോഷൂട്ടിലൂടെയാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായത്.
ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷങ്ങളുടെ സമാപനം കുറിച്ച് ചേര്‍ന്ന സമ്മേളനം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, കേന്ദ്ര മന്ത്രി പ്രഹ്ലാദ് പട്ടേല്‍, ജീവനകലയുടെ ആചാര്യന് ശ്രീശ്രീ രവിശങ്കര്‍, മാത അമൃതാനന്ദമയി, ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ എന്നിവര്‍ സമ്മേളനത്തില്‍ ശ്രീകൃഷ്ണജയന്തി സന്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: