ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ പടയ്ക്കൊരുങ്ങുന്ന ശത്രുക്കള്‍ക്ക് കനത്ത മുന്നറിയിപ്പു നല്കി ഇന്ത്യ ഹൈപ്പര്‍ സോണിക് മിസൈല്‍ സാങ്കേതികത സ്വന്തമാക്കി. ശബ്ദത്തേക്കാള്‍ ആറിരട്ടി വേഗത്തില്‍ (മാക് 6) മിസൈല്‍ പായിക്കാനുള്ള ശേഷിയാണ് പൂര്‍ണമായും തദ്ദേശീയമായി ആര്‍ജിച്ചത്. ഹൈപ്പര്‍ സോണിക് മിസൈല്‍ സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ഹൈപ്പര്‍സോണിക് മിസൈല്‍ സാങ്കേതികത ഇന്ത്യയുടെ പ്രതിരോധ ഗവേഷണ, വികസന സംഘടനയാണ് (ഡിആര്‍ഡിഒ) വികസിപ്പിച്ചത്. ഒഡീഷയിലെ വീലര്‍ ദ്വീപിലുള്ള ഡോ. എപിജെ അബ്ദുള്‍ കലാം സെന്ററില്‍ ഇന്നലെ രാവിലെ 11.03നു നടത്തിയ പരീക്ഷണം വിജയകരമായിരുന്നെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വീറ്റ് ചെയ്തു. മഹത്തായ നേട്ടം എന്നാണ് പരീക്ഷണ വിജയത്തെ രാജ്നാഥ് വിശേഷിപ്പിച്ചത്. അമേരിക്കയ്ക്കും റഷ്യക്കും ചൈനയ്ക്കുമൊപ്പം ഹൈപ്പര്‍ സോണിക് എലീറ്റ് ക്ലബ്ബില്‍ ഇനി ഇന്ത്യയും. ശബ്ദത്തിന്റെ വേഗതയെ മറികടക്കുന്ന വേഗത്തില്‍ മിസൈലുകള്‍ പായിക്കുന്നതിനു സഹായിക്കുന്നതാണ് ഹൈപ്പര്‍ സോണിക് ടെക്നോളജി ഡെമണ്‍സ്ട്രേറ്റര്‍ വെഹിക്കിള്‍ (എച്ച്എസ്ടിഡിവി) സാങ്കേതികതയെന്ന് ഡിആര്‍ഡിഒ വിശദീകരിച്ചു. അഗ്നി മിസൈല്‍ ബൂസ്റ്ററാണ് വെഹിക്കിളിനെ ഉയരങ്ങളിലെത്തിക്കാന്‍ ഉപയോഗിച്ചത്. അഞ്ചു മിനിറ്റ് പരീക്ഷണത്തിന്റെ വീഡിയോയും പുറത്തുവിട്ടു.
സൂപ്പര്‍ സോണിക് വേഗം സാധ്യമാക്കുന്ന സ്ക്രാംജെറ്റ് എഞ്ചിന് ഉപയോഗിച്ച് അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഹൈപ്പര്‍ സോണിക് മിസൈല്‍ വികസിപ്പിച്ചെടുക്കാന്‍ പുതിയ സാങ്കേതികത സഹായിക്കും. അഗ്നി മിസൈല്‍ ബൂസ്റ്ററില്‍ മുപ്പതു കിലോമീറ്റര്‍ ഉയരത്തിലേക്ക് ഹൈപ്പര്‍സോണിക് വെഹിക്കിളിനെ എത്തിച്ചായിരുന്നു പരീക്ഷണത്തിന്റെ തുടക്കം. പിന്നീട് വെഹിക്കിള്‍ മിസൈലില്‍നിന്നു വേര്‍പെട്ടു. തുടര്‍ന്ന് വെഹിക്കിളിലെ സ്ക്രാംജെറ്റ് എഞ്ചിന് വിജയകരമായി പരീക്ഷിച്ചു. എഞ്ചിനില്‍ 20 സെക്കന്‍ഡ് നേരത്തേക്ക് ജ്വലനം സംഭവിക്കുകയും മാക് 6 വേഗം കൈവരിക്കുകയും ചെയ്തു. പരീക്ഷണത്തിന് നേതൃത്വം നല്കിയ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും അഭിനന്ദിച്ചു. ആത്മനിര്‍ഭര്‍ ഭാരത് നയത്തിലെ ഏറ്റവും നാഴികക്കല്ലായ നേട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.
സ്ക്രാംജെറ്റ് എഞ്ചിന് പൂര്‍ണമായും തദ്ദേശീയ സാങ്കേതികതയിലാണു തയാറാക്കിയതെന്നും എല്ലാ സംവിധാനങ്ങളും പരീക്ഷണത്തില്‍ വിജയകരമായിരുന്നെന്നും ഡിആര്‍ഡിഒ ചെയര്മാന് ഡോ.ജി. സതീഷ് റെഡ്ഡി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: