ന്യൂദല്‍ഹി: കൊറോണ വൈറസ് പശ്ചാത്തലത്തില്‍ തകര്‍ച്ച നേരിട്ട ബിസിനസ് രംഗം പുത്തനുണര്‍വ് ലക്ഷ്യമിടുമ്പോള്‍, പ്രതീക്ഷ നല്‍കുകയാണ് ഇലക്ട്രോണിക് വിപണി. ആഗസ്റ്റില്‍ മാത്രം ഇലക്ട്രോണിക് വിപണിയിലുണ്ടായത് വന്‍ കുതിച്ചുചാട്ടം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ആഗസ്റ്റ് മാസത്തെ കണക്കെടുത്താല്‍, കൂടുതല്‍ ഇലക്ട്രോണിക് വീട്ടുപകരണങ്ങള്‍ വിറ്റഴിഞ്ഞത് ഇത്തവണ. 25 മുതല്‍ 40 ശതമാനം വരെ വര്‍ധന.
ലോകത്തുടനീളം കൊറോണ വ്യാപനം നിലനില്ക്കുമ്പോള് ഇന്ത്യയില്‍ ഇലക്ട്രോണിക് വിപണിയിലുണ്ടായ ഈ മുന്നേറ്റം അതിശയകരമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ടിവി, ഫ്രിഡ്ജ്, വാഷിങ് മെഷീന്, മിക്സി എന്നിവയ്ക്കാണ് കൂടുതല്‍ വിപണി മൂല്യം. രാജ്യത്തെ പ്രധാന വീട്ടുപകരണ ഇലക്ട്രോണിക് നിര്‍മാതാക്കളായ എല്‍ജി, സാംസങ്, പാനസോണിക്, ബോസ്ക്, ഹെയര്‍ എന്നിവരും വിപണിയിലുണ്ടായ മുന്നേറ്റം സമ്മതിക്കുന്നു. ഗുണമേന്മയും കൂടുതല്‍ വിലയുമുള്ള ഉപകരണങ്ങള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. രാജ്യം സ്വാതന്ത്രദിനം ആഘോഷിച്ച ആഗസ്റ്റ് 15ന് ഓണ്‍ലൈന്‍ സേവനത്തിലൂടെ വലിയ വില്‍പ്പനയാണ് നടന്നത്. ആഗസ്റ്റിന് പുറമെ ജൂണിലും കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ 20 ശതമാനം കൂടുതല്‍ വില്പ്പനയുണ്ടായി.
എല്‍ജിയുടെ വില്‍പ്പനയില്‍ 40 ശതമാനം വര്‍ധനയുണ്ടായെന്നും അടുത്ത മാസങ്ങളിലും ഈ വര്‍ധന പ്രതീക്ഷിക്കുന്നുവെന്നും എല്‍ജി വൈസ് പ്രസിഡന്റ് വിജയ് ബാബു പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണ് ആഗസ്റ്റിലുണ്ടായതെന്ന് ബിഎസ്എച്ച് ഹോം അപ്ലയന്‍സ് സിഇഒ നീരജ് ബാല്‍ പറഞ്ഞു. ഉത്സവ സമയങ്ങളില്‍ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഓണം ആഘോഷിച്ച കേരളത്തില്‍ നിന്ന് പ്രതീക്ഷിച്ച മുന്നേറ്റം തങ്ങള്ക്കുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നൂറ് ലിറ്ററിലധികം ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ഫ്രിഡ്ജുകള്‍ക്കും ആറ് കിലോയിലധികം ഉള്‍ക്കൊള്ളാവുന്ന വാഷിങ് മെഷീനുകള്‍ക്കുമാണ് കൂടുതല്‍ ആവശ്യക്കാര്‍.
വാഹന വിപണിയിലും വലിയ വര്‍ധനയുണ്ടായി. മാരുതി സുസൂക്കി, ഹീറോ മോട്ടോകോര്‍പ്പ്, മഹീന്ദ്ര എന്നീ വാഹന നിര്‍മാതാക്കള്‍ക്ക് നേട്ടമുണ്ടായി. കൊറോണയുടെ പശ്ചാത്തലത്തില്‍ പൊതുവാഹനം ഉപയോഗിക്കുന്നതില്‍ നിന്ന് യാത്രക്കാര്‍ പിന്മാറിയതും സ്വന്തം വാഹനത്തിനായി താത്പര്യം പ്രകടിപ്പിച്ചതുമാണ് നേട്ടത്തിന് കാരണം.
ദീപാവലിക്ക് മുന്നോടിയായി 36,000 ട്രാക്ടറുകള്‍ സജ്ജമാക്കാന്‍ മഹീന്ദ്ര തയാറെടുക്കുകയാണ്. പ്രകൃതിക്ഷോഭം വലിയ തോതിലുണ്ടാകാത്തത് കര്‍ഷകര്‍ക്ക് സാമ്പത്തികനേട്ടം നല്‍കിയെന്നാണ് വിലയിരുത്തല്‍. ഇതും വാഹന വിപണിക്ക് നേട്ടമായി. ഉത്പാദനം വര്‍ധിപ്പിച്ച് ഉത്സവ സീസണുകളില്‍ വിപണി കൂടുതല്‍ മെച്ചപ്പെടുത്താനാണ് ശ്രമമെന്ന് മഹീന്ദ്ര പ്രസിഡന്റ് ഹേമന്ദ് സിഖ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: