ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ബഹുമുഖ വ്യക്തിത്വമായിരുന്നു, അന്തരിച്ച മുന്‍ രാഷ്ട്രപതി പ്രണബ്കുമാര്‍ മുഖര്‍ജി. രാഷ്ട്രപതിസ്ഥാനത്തിന്റെ മഹത്വത്തിന് മാറ്റുകൂട്ടിയ മുഖര്‍ജി, കേന്ദ്രമന്ത്രി എന്ന നിലയിലും മികവ് തെളിയിച്ചിട്ടുണ്ട്. സങ്കുചിതമായ കക്ഷി രാഷ്ട്രീയത്തില്‍ അഭിരമിക്കാതെ രാഷ്ട്ര താല്‍പ്പര്യത്തിനാണ് അദ്ദേഹം എന്നും മുന്‍ഗണന നല്‍കിയത്. അതിന്റെ മികച്ച തെളിവാണ് രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ആസ്ഥാനത്തെത്തി സംഘ പരിപാടിയില്‍ പങ്കെടുത്തത്. രാഷ്ട്രീയ നേതാക്കളും അഭ്യുദയകാംക്ഷികളും നെറ്റി ചുളിക്കുകയും എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കെയാണ് 2018 ജൂണില്‍ മുഖര്‍ജി സംഘത്തിന്റെ നാഗപ്പൂരിലെ ആസ്ഥാനത്തെത്തി സ്വയംസേവകരെ അഭിസംബോധന ചെയ്തത്.
‘ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. കേശവ ബലിറാം ഹെഡ്ഗേവാര്‍ മാതൃഭൂമിയുടെ മഹാനായ പുത്രനാണ്’. ഡോക്ടര്‍ജിയുടെ സ്മാരകത്തിലെ സന്ദര്‍ശക ഡയറിയില്‍ ഇങ്ങനെ കുറിക്കാനും അദ്ദേഹം തയാറായി. ‘ഞാന്‍ എത്തിയത് ആര്‍എസ്എസിനെ നന്നായി മനസിലാക്കിക്കൊണ്ടുതന്നെയാണ്; ഞാന്‍ വിദ്യാഭ്യാസവും അനുഭവസമ്പത്തും ലോകപരിചയവുമുള്ളയാളാണ്; എന്നെ ആരും ഒന്നും പഠിപ്പിക്കണ്ട’ ഡോക്ടര്‍ജി സ്മാരകത്തില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ പ്രണബ് ദാ പറയാതെ പറഞ്ഞത് അതാണ്.
രാജ്യം കണ്ട മഹാനായ മുന്‍ രാഷ്ട്രപതി, ഭരണാധികാരി, പ്രഗത്ഭ രാഷ്ട്രീയ നേതാവ്, സ്റ്റേറ്റ്സ്മാന്… എന്നൊക്കെ നിസ്സംശയം വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം രാജ്യത്തെ ഏറ്റവും വലിയ ദേശീയപ്രസ്ഥാനത്തെ തിരിച്ചറിഞ്ഞ മുഹൂര്‍ത്തത്തിനാണ് അന്ന് നാഗ്പ്പൂര്‍ സാക്ഷ്യം വഹിച്ചത്.
ബംഗാള്‍ കോണ്‍ഗ്രസ്സിലൂടെ ആയിരുന്നു പ്രണബിന്റെ രാഷ്ട്രീയ പ്രവേശം. 1969ലെ തെരഞ്ഞെടുപ്പില്‍ പശ്ചിമ മിഡ്നാപുരില്‍ വി.കെ. കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് ഏജന്റായി പ്രവര്‍ത്തിച്ചു. ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കൃഷ്ണമേനോന് വിജയിച്ചു. പ്രണബിന്റെ കാര്യക്ഷമതയും, പ്രവര്‍ത്തന മനോഭാവവും ഇന്ദിരാഗാന്ധിയുടെ ശ്രദ്ധയില്‍പ്പെടാനിടയായതോടെ അവര്‍ പ്രണബിനെ കോണ്‍ഗ്രസ്സ് ക്യാമ്പിലെത്തിച്ചു. 1973ല്‍ കേന്ദ്ര വ്യവസായ സഹമന്ത്രിയായി. പിന്നീട് ഇന്ദിരയുടെ ക്യാബിനറ്റില്‍ ധനമന്ത്രിയായ അദ്ദേഹം കേന്ദ്രസര്‍ക്കാരില്‍ മാത്രമല്ല, കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നയരൂപവത്കരണ സംവിധാനത്തിലും മുഖ്യസൂത്രധാരനായി. 1975 ലെ അടിയന്തരാവസ്ഥകാലത്ത് ഇന്ദിരയുടെ കൂടെ നിന്നു. ഇടയ്ക്കുവെച്ച് പാര്‍ട്ടിയോട് പിണങ്ങിനിന്ന പ്രണബിനെ പിന്നീട് നരസിംഹറാവു ആസൂത്രണക്കമ്മീഷന് വൈസ്ചെയര്‍മാനായി തിരിച്ചെത്തിച്ചു. ഐഎംഎഫ്, ലോകബാങ്ക്, എഡിബി എന്നിവയുടെയെല്ലാം ഭരണനിര്‍വഹണസമിതിയില്‍ അംഗമായ പ്രണബ് നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയുമായി. വിവിധ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള 33 മന്ത്രിതല സമിതികളെ നയിച്ചിട്ടുണ്ട്.
രാഷ്ട്രപതി പദവി അലങ്കാരത്തിനും വിശ്രമത്തിനുമുള്ള അവസരമാക്കിയ വ്യക്തിത്വമല്ല പ്രണബിന്റേത്. രാജ്യസുരക്ഷ പരമപ്രധാനമായി കണ്ട് ശക്തമായ നടപടി സ്വീകരിച്ചു. മുംബൈ ഭീകരാക്രമണ കേസിലെ കസബ്, പാര്‍ലമെന്റ് ആക്രമണ കേസിലെ അഫ്സല് ഗുരു തുടങ്ങിയ ഭീകരരുടെ കഴുത്തില്‍ കൊലക്കയര്‍ മുറുക്കിയത് പ്രണബ് മുഖര്‍ജി രാഷ്ട്രപതിയായിരിക്കെയാണ്.
ഇന്ദിരയ്ക്കുശേഷം, രാജീവ് ഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ പ്രണബ് നേതൃത്വത്തില്‍ നിന്നു തഴയപ്പെട്ടു. രാഷ്ട്രീയ സമാജ്വാദി കോണ്‍ഗ്രസ്സ് എന്നൊരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. എന്നാല്‍ 1989 ല്‍ രാജീവ് ഗാന്ധിയുമായി ഒത്തു തീര്‍പ്പിലെത്തി, ഈ സംഘടന കോണ്‍ഗ്രസ്സില്‍ ലയിച്ചു. പി.വി. നരസിംഹറാവു പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ 1995ല്‍ ധനകാര്യ മന്ത്രിയുമായി.
സോണിയ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതൃത്വസ്ഥാനത്തേക്ക് എത്തിയതിന്റെ പിന്നിലുള്ള മുഖ്യ സൂത്രധാരന്‍ പ്രണബ് ആയിരുന്നു. 2004 ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ ഐക്യ പുരോഗമന സഖ്യം അധികാരത്തിലെത്തിയ അന്നു മുതല്‍ 2012ല്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിയാകാന്‍ രാജിവെക്കുന്നതുവരെ മന്മോഹന് സിങ് മന്ത്രിസഭയില്‍ രണ്ടാമനായിരുന്നു. വിദേശ കാര്യം, പ്രതിരോധം, ധനകാര്യം എന്നിങ്ങനെ വിവിധ വകുപ്പുകള്‍ കൈകാര്യം ചെയ്തു. കോണ്‍ഗ്രസ്സിന്റെ നാമനിര്‍ദ്ദേശത്തില്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചു. എതിര് സ്ഥാനാര്‍ത്ഥി പി.
എ.സാങ്മയെ പരാജയപ്പെടുത്തി ഇന്ത്യയുടെ പ്രഥമപൗരനായി അധികാരമേറ്റു.
രാഷ്ട്രീയത്തിലെ പ്രവര്‍ത്തന കാലഘട്ടത്തിലും അധികാരസ്ഥാനങ്ങളിലിരിക്കുമ്പോഴും പക്വതയും കുലീനതയും മുഖമുദ്രയാക്കി. എതിര് രാഷ്ട്രീയ കക്ഷികളുടെ ആദരവും അംഗീകാരവും നിസ്സീമമായി നേടിയെടുത്തു. കോണ്‍ഗ്രസ്സും സിപിഎമ്മും രണ്ടു ദിശകളില്‍ കഴിയുമ്പോഴാണ്, മുഖര്‍ജി ബംഗാളില്‍ നിന്നു സിപിഎം പിന്തുണയോടെ രാജ്യസഭയിലെത്തിയത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിക്കാനും പ്രണബ് മടിച്ചിരുന്നില്ല. ‘മോദി യാഥാര്‍ത്ഥ ജനാധിപത്യവാദിയാണ്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മോദിക്ക് തന്റേതായ രീതിയുണ്ട്. കാര്യങ്ങള്‍ പെട്ടെന്ന് പഠിച്ചെടുക്കുന്നയാളാണ്. ദേശീയ നേതാവില്‍ നിന്നു മോദി രാജ്യാന്തര നേതാവായി മാറി’യെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. പ്രണബ് മുഖര്‍ജിയെ സ്വാധിനിച്ച അഞ്ച് പ്രധാനമന്ത്രിമാരില്‍ ഒരാളാണ് മോദി. നെഹ്രു, ഇന്ദിര, മന്മോഹന് സിങ്, വാജ്പേയ് എന്നിവരാണ് മറ്റുള്ളവര്‍. രാഷ്ട്രീയ നേതാക്കള്‍ അവരുടെ ഓഫീസ് ജനക്ഷേമത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. പാ
ര്‍ലമെന്റ് അനാവശ്യമായി തടസ്സപ്പെടുത്തുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. മുഖര്‍ജിയുടെ വിയോഗം രാഷ്ട്രത്തിന് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക: