കണ്ണൂര്‍: വിരമിച്ചിട്ട് മൂന്നുമാസം പിന്നിട്ടിട്ടും പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ നിരവധി കുടുംബങ്ങള്‍ ഓണനാളില്‍ പട്ടിണിയില്‍. കഴിഞ്ഞ മാര്‍ച്ചിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ച സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമാണ് ഓണക്കാലത്ത് പെന്‍ഷനും ആനുകൂല്യങ്ങളും ലഭിക്കാതെ ബുദ്ധിമുട്ടിലായത്.
സാധാരണ ഗതിയില്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ച് ഒരു മാസം തികയും മുമ്പേ സര്‍വ്വീസ് ആനുകൂല്യങ്ങളും പെന്‍ഷനും ലഭിച്ചു തുടങ്ങും. എന്നാല്‍ കഴിഞ്ഞ കുറേ മാസങ്ങളായി കോവിഡ് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങളും പെന്‍ഷനുകളും ലഭിക്കാന്‍ കാലതാമസം നേരിടുകയാണ്.
വിരമിക്കുന്നതിന് തൊട്ടുമുമ്പുളള മാസങ്ങളില്‍ ശബളത്തില്‍ നിന്നും മുപ്പത് ശതമാനം പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് പിടിച്ച സര്‍ക്കാര്‍ തങ്ങള്‍ക്ക് മൂന്നുമാസവും നാലുമാസവുമായി പെന്ഷന് നല്‍കാതെ കടുത്ത ദുരിതമാണ് സമ്മാനിച്ചിരിക്കുന്നത്.
യഥാസമയം ആനുകൂല്യങ്ങള്‍ ലഭിക്കാത്തതിനാല്‍ പണം ബാങ്കില്‍ നിക്ഷേപിച്ചാല്‍ കിട്ടാവുന്ന പലിശയിനത്തിലുളള നല്ലൊരു തുക നഷ്ടമായി.വിരമിച്ച ആനൂകൂല്യം ലഭിക്കുന്ന മുറയ്ക്ക് വീട് മോടി കൂട്ടുന്നതടക്കമുളള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തവര്‍ക്ക് പണം ലഭ്യമാകാതയതോടെ എല്ലാം അവതാളത്തിലായി. ഓണത്തിനെങ്കിലും പെന്ഷന് ഉത്തരവ് ലഭിച്ച് മൂന്ന് മാസത്തെ പണം കയ്യില്ക്കിട്ടുമെന്ന് പ്രതീക്ഷിച്ച വിരമിച്ച ജീവനക്കാരെ ഫലത്തിൽ സർക്കാര്‍ വഞ്ചിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: