തിരുവനന്തപുരം : യുഡിഎഫുമായി തെറ്റിപ്പിരിഞ്ഞ് നില്ക്കുന്ന കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തെ ഇടത്പക്ഷത്തിലേക്ക് സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ജോസ്പക്ഷത്തെ സ്വാഗതം ചെയ്തിരിക്കുന്നത്.
അയ്യങ്കാളിസ്മരണയാണ് മുഖപ്രസംഗത്തിന്റെ വിഷയമെങ്കിലും കോടിയേരിയുടെ ലേഖനത്തിന്റെ അവസാനഭാഗത്തിലാണ് ജോസ് പക്ഷം സിപിഎമ്മിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന് സൂചന നല്‍കുന്നത്. യുഡിഎഫ് വിട്ട് പുറത്തേയ്ക്ക് വരുന്നവരുടെ രാഷ്ട്രീയ നിലപാട് നോക്കി സ്വീകരിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി മുഖപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നുണ്ട്. ദേശീയമായി കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാള്‍ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോണ്‍ഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ.കെ. ആന്റണി, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന് തുടങ്ങിയവരെല്ലാം.
ഹൈക്കമാന്‍ഡിനു പിന്നില്‍ പാറപോലെ ഉറച്ചുനില്‍ക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകള്‍ക്ക് ഇപ്പോള്‍ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാന്‍ഡ് ‘ലോ’ കമാന്‍ഡ് ആയി. എന്നിട്ടും നെഹ്റുകുടുംബ ചേരിയിലാണ് ഇക്കൂട്ടര്‍. യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എല്‍ഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി.
കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് എംഎല്‍എമാര്‍ യുഡിഎഫില്‍ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട്ചെയ്യാതിരുന്നത്. കേരള കോണ്‍ഗ്രസ് എം ദേശീയതലത്തില്‍ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.
എല്‍ഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയകൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ, അന്തഃച്ഛിദ്രത്തിന്റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്റെ ആഭ്യന്തരകലഹത്തില്‍ എല്‍ഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ല. എന്നാല്‍ യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എല്‍ഡിഎഫ് കൂട്ടായ ചര്‍ച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും.
വരാനിരിക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിയെ കൂടെക്കൂട്ടാന്‍ തന്നെയാണ് സിപിഎം തീരുമാനമെന്നും, അതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും ഈ ലേഖനം ചൂണ്ടിക്കാട്ടുന്നുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തോട് സഹകരിച്ചായിരുക്കും സിപിഎമ്മിന്റെ പ്രവര്‍ത്തനം. അതിനുശേഷമായിരിക്കും ഔദ്യോഗികമായി സിപിഎമ്മിലേക്ക് എത്തുക. എന്നാല്‍ ഘടക കക്ഷിയായ സിപിഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് കോടിയേരിയുടെ ഈ പ്രസ്താവന. സിപിഐ നേതാവ് കാനം രാജേന്ദ്രന് ജോസ് കെ മാണി വിഭാഗത്തെ ഇടത് പക്ഷത്തിന് ഒപ്പം നിര്‍ത്തുന്നതിലുള്ള എതിര്‍പ്പ് നേരത്തെ അറിയിച്ചിട്ടുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: