ഒറ്റശേഖരമംഗലം: മഹാശിവരാത്രി ദിവസം ശിവക്ഷേത്ര നട തുറക്കാനനുവദിക്കാതെ ഭക്തരെ പോലീസ് തടഞ്ഞ നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രഭൂമി കേസില്‍ ശ്രീരാമദാസ ആശ്രമത്തിനനുകൂലമായി കോടതി ഉത്തരവ്. വാട്ടര്‍ അതോറിറ്റിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കോടതി സ്റ്റേ ചെയ്തു. കേരള സര്‍ക്കാര്‍, തിരുവനന്തപുരം ജില്ലാകളക്ടര്‍, നെടുമങ്ങാട് ആര്‍ടിഒ, വാട്ടര്‍ അതോറിറ്റി, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്, കാട്ടാക്കട സിഐ, നെയ്യാര്‍ഡാം എസ്ഐ എന്നിവരെ എതിര്‍കക്ഷികളാക്കി ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമം നെയ്യാറ്റിന്‍കര അഡീഷണല്‍ മുന്‍സിഫ് കോടതി 2 ല്‍ നല്കിയ ഹര്‍ജിയിലാണ് കോടതി ഇന്ജന്ക്ഷന് ഓര്‍ഡര്‍ അനുവദിച്ച് ഉത്തരാവയത്. എതിര്‍കക്ഷികള്‍ ബലപ്രയോഗത്തിലൂടെ ക്ഷേത്രഭൂമിയില്‍ പ്രവേശിക്കുന്നതും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും തടഞ്ഞുകൊണ്ടാണ് കോടതി ഉത്തരവ്. ശിവരാത്രി പൂജ പോലീസ് തടയാന്‍ ശ്രമിച്ച ശേഷം മാര്‍ച്ച് മാസത്തിലാണ് ആശ്രമം കോടതിയെ സമീപിച്ചത്.
ശിവരാത്രിപൂജ തടഞ്ഞ ശേഷം ക്ഷേത്ര ഭൂമി അളന്നു തിട്ടപ്പെടുത്താനും വേലി കെട്ടിത്തിരിക്കാനും റവന്യു, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പോലീസ് സഹായത്തോടെ നടപടികള്‍ തുടങ്ങിയിരുന്നു. ക്ഷേത്രപൂജ നടത്തിയ വിശ്വാസികളെ വീട്ടില്‍കയറി അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്ത പോലീസ് നടപടിയും വിവാദമായിരുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഭൂമി കേരള വാട്ടര്‍ അതോറിറ്റിയുടേതാണെന്ന വിചിത്ര വാദവുമായെത്തിയ പോലീസിനും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും ശക്തമായ ഭക്തജന പ്രതിഷേധത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. നെയ്യാര്‍ഡാം കുന്നില്‍ ശിവക്ഷേത്രത്തില്‍ നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ നൂറോളം വരുന്ന പോലീസ് സംഘമാണ് ഭക്തരെ ആട്ടിപ്പായിക്കാന്‍ ശ്രമിച്ചത്. പുലര്‍ച്ചെ തന്നെ ശിവരാത്രി വ്രതമെടുത്ത് പൊങ്കാലയിടാനെത്തിയ അമ്മമാരെ തടഞ്ഞു. ഭക്തരെ തിരിച്ചയച്ച് നട തുറക്കാനനുവദിക്കാതെ കാവല്‍ നിന്നു. നട തുറക്കാനെത്തിയ ക്ഷേത്രശാന്തിയെ കൈയ്യേറ്റം ചെയ്യുകയും വലിച്ചിഴയ്ക്കുകയും ചെയ്തു. തുടര്‍ന്ന് നാമജപ പ്രതിഷേധവുമായെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള ഭക്തരെ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. സംഘര്‍ഷത്തിനിടയില്‍ പോലീസ് വലയം ഭേദിച്ച ഭക്തജനങ്ങള്‍ ശിവമന്ത്രങ്ങളുരുവിട്ട് ശ്രീകോവില്‍ നട തുറന്നു അഭിഷേകവും പൂജയും നടത്തി. അമ്മമാരുടെ നേതൃത്വത്തില്‍ ശിവരാത്രി പൊങ്കാലയും അന്നദാനവും നടത്തി.
കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വാഴിച്ചല്‍ വില്ലേജിലുള്‍പ്പെട്ട ക്ഷേത്രഭൂമിയിലെ നാഗത്തറ നേരത്തെ പൊളിച്ചുമാറ്റിയിരുന്നു. വാട്ടര്‍ അതോറിറ്റിക്കു വേണ്ടി പ്ലാന്റ് നിര്‍മാണം നടത്താനായി സ്വകാര്യ കമ്പനിയാണ് ക്ഷേത്രഭൂമി കയ്യേറിയത്. നാട്ടുകാരുടെയും ക്ഷേത്ര വിശ്വാസികളുടെയും എതിര്‍പ്പിനെത്തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ക്ഷേത്രം പൊളിച്ച് അനധികൃത നിര്‍മാണം തുടരാന്‍ സ്വകാര്യ കമ്പനി ചില ലോബികളുടെ സഹായത്തോടെ സമ്മര്‍ദം ശക്തമാക്കുകയാണുണ്ടായത്.
ചേങ്കോട്ടുകോണം ശ്രീരാമദാസ മിഷനു വേണ്ടി സ്വാമി സത്യാനന്ദ സരസ്വതി വിലയ്ക്കു വാങ്ങിയ ഭൂമിയിലാണ് വാട്ടര്‍ അതോറിറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഒറ്റശേഖരമംഗലം സബ് രജിസ്ട്രാര്‍ ഓഫീസിലെ 1993 ലെ 205-ാം നമ്പര്‍ വിലയാധാര പ്രകാരം രജിസ്ട്രേഷന് ചെയ്ത നാല് ഏക്കര്‍ 20 സെന്റ് ഭൂമിയിലാണ് ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നത്. 2002 വരെ ശ്രീരാമദാസ മിഷനു വേണ്ടി കരം തീര്‍ത്തിരുന്ന ഭൂമി ക്ലാമല ഫോറസ്റ്റ് റേഞ്ചില്പ്പെട്ടതാണെന്നും കുത്തകപ്പാട്ടത്തിന് നല്കിയവരില് നിന്നാണ് വിലയ്ക്ക് വാങ്ങിയതെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ആര്‍ഡിഒ ഉത്തരവ്. ആര്‍ഡിഒ ഉത്തരവില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച് സിവില്‍ തര്‍ക്കം കോടതി മുഖേന തീര്‍പ്പുകല്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഹൈക്കോടതിയില്‍ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ അന്തിമവിധി വരുംമുമ്പാണ് ക്ഷേത്രഭൂമി കൈയേറി നിര്‍മാണം നടത്താനുള്ള നീക്കം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: