തൃശൂര്‍L അന്തിക്കാട് കുന്നത്തങ്ങാടിയില്‍ ക്വാറന്റൈന് സൗകര്യം ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ ഓട്ടോയില്‍ 20 മണിക്കൂര്‍ കാത്തിരിക്കേണ്ടിവന്ന യുവാവിന് ബിജെപി അരിമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി ക്വാറന്റൈന് സൗകര്യമൊരുക്കി. കുന്നത്തങ്ങാടി കണ്ണോത്ത് വീട്ടില്‍ സനൂപ് (24) ആണ് ഓട്ടോയില്‍ ഇരിക്കേണ്ടിവന്നത്.
കുന്നന്നങ്ങാടി സ്വദേശി ആളൂക്കാന് ജോര്‍ജ്ജ് (65) പനി ബാധിച്ച് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പരിശോധനയില്‍ കൊറോണ പോസസിറ്റീവായതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച മകനും നാല് കൂട്ടുകാരും നിരീക്ഷണത്തില്‍ പോകേണ്ടി വന്നു. ബാക്കി മൂന്നുപേരും ഒരു വീട്ടില്‍ ക്വാറന്റൈനിലായെങ്കിലും സ്ഥലക്കുറവുമൂലം സനൂപിന് അവിടെ നിരീക്ഷണത്തിലിരിക്കാനായില്ല. സ്വന്തം വീട്ടിലും സൗകര്യമില്ലായിരുന്നു. തുടര്‍ന്ന് രാത്രി തന്നെ അരിമ്പൂര്‍ പഞ്ചായത്ത് അധികൃതരേയും ആരോഗ്യ വകുപ്പിനെയും വിവരം അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്നാണ് സനൂപിന്റെ പരാതി.
തുടര്‍ന്നാണ് റോഡരികിലെ ഓട്ടോയില്‍ സ്വയം ക്വാറന്റൈനില്‍ ഇരുന്നത്. ഈ സാഹചര്യത്തിലാണ് ബിജെപി അരിമ്പൂര്‍ പഞ്ചായത്ത് കമ്മിറ്റി സനൂപിന് തുണയായി ഒരു വീട്ടില്‍ സൗകര്യമൊരുക്കിയത്. ബിജെപി മണലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് സുധീഷ് മേനോത്തുപറമ്പില്‍ അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. കൃഷ്ണകുമാര്‍, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് കിരണ്‍ കൃഷ്ണ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എം.എസ്. വിഷ്ണു, നിതീഷ് പൂക്കാടന്‍ എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: