ചെറുതോണി: ചെറുതോണി പോസ്റ്റ് ഓഫീസ് റോഡ് കോളനിയുടെ പിന്‍ഭാഗത്ത് മഴ വെള്ളം ഒലിച്ചിറങ്ങി മണ്ണിടിഞ്ഞ് അപകടമുണ്ടാകാന്‍ സാധ്യത. ഇടുക്കി പോലീസ് സൊസൈറ്റി ഉടമസ്ഥതയില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറയിലേക്ക് കെഎസ്ഇബി കോളനിയുടെ ഒരു ഭാഗത്ത് നിന്ന് വന്‍ തോതില്‍ മഴ വെള്ളം ഒഴുകിയെത്തുന്നതാണ് അപകട സാധ്യത ഉയര്‍ത്തുന്നത്.
ഇവിടേക്ക് എത്തുന്ന വെള്ളം ചെറുതോണി തോട്ടിലേക്ക് തിരിച്ച് വിടാന്‍ ഓട ഇല്ലാത്തതാണ് കാരണം. പോലീസ് സൊസൈറ്റിയുടെ പുതിയ കെട്ടിട നിര്‍മ്മാണത്തിനായി സമീപകാലത്ത് ഇവിടെ മണ്ണ് മാറ്റിയപ്പോള്‍ വലിയ രീതിയില്‍ മണ്ണിനടിയില്‍ ഒരു ഭാഗത്തേക്ക് ഒരു തുരങ്കം കാണുകയും ഇതേ തുടര്‍ന്ന് കെട്ടിടം പണി തല്ക്കാലം നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് സാമാന്യം ഒരാള്‍ക്ക് ഇറങ്ങി നില്ക്കാന് കഴിയുന്ന തരത്തില്‍ വലുപ്പമുള്ള തുരങ്കം പുരാവസ്തു വകുപ്പ് ഗവേഷകര്‍ എത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. പരിശോധനക്ക് ശേഷം സ്വാഭാവികമായി മണ്ണിനടിയില്‍ രൂപപ്പെട്ട ഗുഹയാണെന്നും, പൗരാണിക കാലത്തെ ശേഷിപ്പുകളോ, മറ്റ് തെളിവുകളോ പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് തുരങ്കം കണ്ട ഭാഗത്ത് കല്ലും, മണ്ണും ഇട്ട് നികത്തിയ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ഉണ്ടായത്.
കെട്ടിട നിര്‍മ്മാണ സമയത്ത് കണ്ടെത്തിയ തുരങ്കം എത്രമാത്രം ആഴത്തില്ലള്ളതാണെന്നോ, ദൈര്ഘ്യമുള്ളതാണെന്നോ തിട്ടപ്പെടുത്തിയിരുന്നില്ല, എന്നാല്‍ താല്കാലികമായി മണ്ണും, കല്ലും ഇട്ട് നികത്തി തറഭാഗം കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ശക്തമായ മഴയില്‍ ഒലിച്ചിറങ്ങുന്ന വെള്ളം മുന്‍പ് കണ്ടെത്തിയ ഗുഹ വഴി ഒലിച്ചിറങ്ങാന്‍ സാധ്യത ഏറെയാണെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ ബന്ധപ്പെട്ടവര്‍ സ്ഥലത്ത് പരിശോധന നടത്തണമെന്നും, വെള്ളം ഒഴുക്കിന്റെ ഗതി മാറ്റി തോട്ടിലേക്ക് തിരിച്ച് വിടണമെന്നും ആവശ്യം ഉയരുന്നണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: