ശാസ്താംകോട്ട: മാരകായുധങ്ങളുമായി ആക്രമണത്തിന് പോയ ക്വട്ടേഷന്‍ സംഘം യാത്രാമധ്യേ ആട്ടോ ഡ്രൈവറെ കയ്യേറ്റം ചെയ്യുന്നതിനിടെ പോലീസിന്റെ പിടിയിലായി. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ പോരുവഴി ഏഴാംമൈല്‍ തെങ്ങമം റോഡില്‍ കൈരളിവായനശാലയ്ക്ക് സമീപമാണ് സംഭവം.
രണ്ട് ബൈക്കിലായി എത്തിയ ആറംഗസംഘം അടൂര്‍ ഭാഗത്ത് ഒരു ആക്രമണത്തിന് ക്വട്ടേഷന്‍ വാങ്ങി പോകുന്നതിനിടെ സംഘം സഞ്ചരിച്ചിച്ച ബൈക്കുകള്‍ക്ക് ഈ ഭാഗത്തുവച്ച് ഗതാഗത തടസ്സമുണ്ടായി. റോഡ് പണി നടക്കുന്നതിനാല്‍ ഈ ഭാഗത്ത് റോഡ് കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൂടാതെ മാര്‍ഗതടസമായി ഒരു ആട്ടോറിക്ഷയും ബ്രേക്ക് ഡൗണായി റോഡില്‍ കിടന്നു. ഇതേ തുടര്‍ന്ന് മുന്നോട്ട് പോകാന്‍ സാധിക്കാതെ വന്ന സംഘം ആട്ടോ ഡ്രൈവര്‍ പോരുവഴി വടക്കേമുറി വിനീസ് ഭവനത്തില്‍ വിനീസ് കുമാറി(40)നെ റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതിനിടെയാണ് ശൂരനാട് എസ്ഐ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം നൈറ്റ് പെട്രോളിങ്ങിന്റെ ഭാഗമായി അതുവഴി വന്നത്. പോലീസിനെ കണ്ട് കയ്യിലിരുന്ന വടിവാള്‍ വീശിയ ഗുണ്ടാസംഘത്തിലെ പ്രധാനി പവിത്രേശ്വരം മധു ഭവനത്തില്‍ വിഷ്ണു(21)വിനെ പോലീസ് മല്‍പ്പിടുത്തത്തിലൂടെ കീഴ്പ്പെടുത്തി. ഇയാളുടെ കയ്യിലിരുന്ന വടിവാളും പോലീസ് പിടിച്ചു വാങ്ങി. ഇതിനിടെ മറ്റ് അഞ്ച് പ്രതികളും ബൈക്കില്‍ കടന്നു. തുടര്‍ന്ന് പോലീസ് വിഷ്ണുവിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റ് അഞ്ച് പേരെയും രാത്രി തന്നെ എഴുകോണിലുള്ള ഇവരുടെ സങ്കേതമായ പണിതീരാത്ത വീട്ടില്‍ നിന്നും പിടികൂടി. വടിവാള്‍ അടക്കമുള്ള മാരകായുധങ്ങളും ഇവിടെ നിന്നും കണ്ടെടുത്തു.
മൈനാഗപ്പള്ളി വേങ്ങ ഒരിച്ചോലില്‍ സുഭാഷ് (21), കൈതക്കോട് വേലന്‍ പൊയ്ക മിഥുന് ഭവനത്തില്‍ മിഥുന് (24), കിഴക്കേക്കല്ലട ബിനു ഭവന ത്തില്‍ ബിനു (28), ദേവീകൃപയില്‍ ജിഷ്ണു (23), പവിത്രേശ്വരം ചെറുപൊയ്ക കണ്ടച്ചാരുവിളയില് രാജന് കുഞ്ഞ് (43) എന്നിവരാണ് അറസ്റ്റിലായത്. പിടിയിലായ പ്രതികള്‍ പ്രൊഫഷണല്‍ ക്വട്ടേഷന്‍ ടീമാണെന്ന് പോലീസ് പറഞ്ഞു. ഈസ്റ്റ് കല്ലട, എഴുകോണ്‍ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കൊലപാതകശ്രമം അടക്കമുള്ള നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതില്‍ പ്രധാനപ്രതി വിഷ്ണു ഒരു ഗ്രേഡ് എസ്ഐയെ ആക്രമിച്ച കേസില്‍ പ്രതിയാണ്. പണം വാങ്ങി ഏറ്റെടുത്ത ക്വട്ടേഷന്റെ ഭാഗമായി അടൂരിലേക്ക് രാജന് കുഞ്ഞിന്റെ നേതൃത്വത്തില്‍ ഈ സംഘം പോകുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എസ്ഐയെ കൂടാതെ സിഐ എ. ഫിറോസ്, എഎസ്ഐമാരായ ഹരി, മധു, ശിവകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: