തൊടുപുഴ: നഗരത്തില്‍ പ്രദേശത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധ മാനദണ്ഡങ്ങള്‍ നടപ്പിലാക്കുന്നുണ്ടോ എന്നതറിയാന്‍ ആരോഗ്യവകുപ്പ് പരിശോധന നടത്തി.
വ്യാപാര സ്ഥാപനങ്ങള്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണിവരെ മാത്രം പ്രവര്‍ത്തിയ്ക്കുവാന്‍ കര്‍ശന നിര്‍ദ്ദേശവും നല്കി. നഗരത്തിലെ മാര്‍ക്കറ്റിലെ പച്ചക്കറിമൊത്ത വ്യാപാരികള്‍ രാത്രി വൈകിയും തുറന്ന് വെയ്ക്കുന്നതായി വിവരമുണ്ട്. ലോറിയില്‍ എത്തുന്ന പച്ചക്കറികള്‍ ഇറക്കുകയും ചില്ലറ വില്പന നടത്തുകയും ചെയ്യുന്നത് ക്രമാതീതമായ തിക്കും തിരക്കും കൂട്ടുകയാണ്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള സാമൂഹിക അകലം പാലിയ്ക്കല്‍, സാനിറ്റൈസര്‍, മാസ്ക് ശരിയായി ധരിയ്ക്കല്‍ എന്നിവ പാലിയ്ക്കാത്തതായും ചുമട്ടുതൊഴിലാളികളില്‍ നിന്നും വിവരം ലഭിച്ചു.
കൂടാതെ നഗര പ്രദേശത്തെ പച്ചമീന്‍ കടകള്‍ സാധാരണ നിലയില്‍ തുറന്ന് പ്രവര്‍ത്തിയ്ക്കുന്നതായും കാണുകയുണ്ടായി. ഇത്തരം സാഹചര്യം നഗര പ്രദേശത്ത് സാമൂഹിക വ്യാപന സാധ്യത വര്‍ദ്ധിപ്പിയ്ക്കുന്നതാണ്.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിയ്ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുനിസിപ്പാലിറ്റി, പോലീസ് എന്നിവര്‍ക്ക് ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ കുര്യാച്ചന്. സി.ജെ. തൊടുപുഴ മുനിസിപ്പാലിറ്റി ജൂ. എച്ച്ഐ പ്രതീഷ്, തൊടുപുഴ ജില്ലാ ആശുപത്രി ജൂ. എച്ച്ഐ ബിജു പി. താല്കാലിക ജൂ. എച്ച്ഐ കിരണ്‍ കുമാര്‍ എന്നിവരടങ്ങുന്ന ടീമാണ് പരിശോധന നടത്തിയത്.
കടകള്‍ തുറക്കാനും അടക്കാനും കൃത്യം സമയം നല്‍കിയിട്ടുള്ളപ്പോഴും ചില വ്യാപാരികള്‍ ഇത് പാലിക്കാന്‍ തയ്യാറാകുന്നില്ല. രാവിലെ നേരത്തേയും വൈകിട്ട് വൈകിയും അടക്കുന്ന നിരവധി പേര് ഇപ്പോഴും നഗരത്തിലുണ്ട്. മത്സ്യമാര്‍ക്കറ്റ് അടച്ചതോടെ മങ്ങാട്ടുകവലയില്‍ ആണ് ഇപ്പോള്‍ മീന്‍ മൊത്തമായെത്തുന്നത്. രാത്രി സമയങ്ങളില്‍ പോലും ഇവിടെ കച്ചവടക്കാര്‍ കട തുറക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: