തൃശൂര്‍: ബിജെപി ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ തീരദേശ പദയാത്ര നടത്തി. ചാവക്കാട് ബ്ലാങ്ങാട് പാറന്‍പടിയില്‍ യുവാക്കളുടെ കണ്മുന്നില് അപകടത്തില്‍പ്പെട്ട സുഹൃത്തുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുങ്ങി മരിച്ച വിഷ്ണു, ജിഷ്ണു, ജഗന്നാഥ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം നല്‍കുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചും ജില്ലയിലെ മന്ത്രിമാര്‍ ഇതുവരെ യുവാക്കളുടെ വീടുകളില്‍ സന്ദര്‍ശനം നടത്താത്തതിലും ഇടതുപക്ഷ സര്‍ക്കാരിന്റെ വിവേചനത്തില്‍ പ്രതിഷേധിച്ചുമായിരുന്നു പദയാത്ര.
നിയോജക മണ്ഡലം പ്രസിഡന്റ് അനില്‍ മഞ്ചറമ്പത്ത് നയിച്ച തീരദേശ പദയാത്ര പെരിയമ്പലത്ത് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ. അനീഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. മണത്തല മുല്ലത്തറയില് പദയാത്രയ്ക്ക് നല്കിയ സ്വീകരണത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി കെ.ആര്. അനീഷ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ദയാനന്ദന് മാമ്പുള്ളി, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സുമേഷ് തേര്‍ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.
നിയോജക മണ്ഡലം സെക്രട്ടറി മോഹനന് ഈച്ചിത്തറ, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.എസ്. അനില്‍കുമാര്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ബാബു തൊഴിയൂര്‍, പട്ടികജാതി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനില്‍ തൂമാട്ട്, ബിജെപി കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഗണേഷ് ശിവജി, ജനറല്‍ സെക്രട്ടറി രാജു ആച്ചി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: