സര്‍ക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് അവിശ്വാസ പ്രമേയവും ഒപ്പം സ്പീക്കര്‍ക്കെതിരെ പ്രമേയവും കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുകയാണല്ലോ? ഒരുതരത്തില്‍ നോക്കിയാല്‍ ശരിയെന്നു തോന്നാമെങ്കിലും അതിന്റെ ഉള്ളറകളില്‍ ചക്കീ- ചങ്കര കൂട്ടുകെട്ടിന്റെ പ്രതിഫലനം എന്നേ കരുതിക്കൂടൂ. നാളിതുവരെ ഭരണത്തിലേറിയ ഇരുകൂട്ടരും തഴുകിത്തലോടിയവര് തന്നെയാണ് സര്‍വതന്ത്ര സ്വതന്ത്രരായി എല്ലാം വെട്ടിപ്പിടിച്ചത്. അതിന്റെ ഒരു മാതിരിപ്പെട്ട ചിത്രങ്ങള്‍ അനാവൃതമായിക്കഴിഞ്ഞു.
ജനങ്ങളെ വിശ്വാസത്തിലെടുത്തായിരുന്നില്ല ഇരുകക്ഷികളും നിയന്ത്രിക്കുന്ന മുന്നണി കേരളം ഭരിച്ചു കൊണ്ടിരുന്നത്. മലയാളികളെ സംബന്ധിച്ചിടത്തോളം ഓരോ ഭരണമാറ്റവും ഒരു കാലിലുള്ള മന്ത് മറ്റേ കാലിലേക്ക് മാറ്റിവെക്കുന്ന പഴയ കഥയിലെ നാറാണത്തു ഭ്രാന്തന്റെ അവസ്ഥ പോലെയായിരുന്നു എന്നു ചുരുക്കം. കേരളം എന്താണെന്നും എന്തായിത്തീരണമെന്നും ഇരു മുന്നണികള്‍ക്കും രൂപമില്ലായിരുന്നു. ഓരോ ഭരണ കാലയളവിലും ആവുന്നത്ര വെട്ടിപ്പിടിക്കുക, സ്വന്തക്കാര്‍ക്കും ഒത്താശക്കാര്‍ക്കും വേണ്ടതൊക്കെ ചെയ്തു കൊടുക്കുക എന്ന അജണ്ട മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിന്റെ തിക്തഫലമാണ് കേരളത്തെ ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയത്.
ഇപ്പോള്‍ മേനിനടിച്ച് പ്രക്ഷോഭ നാടകങ്ങള്‍ നടത്തുന്ന യുഡിഎഫിന്റെ കാലത്തു നടന്ന തെന്തൊക്കെയായിരുന്നുവെന്ന് അറിയാന്‍ അധികം പിന്നാമ്പുറത്തേക്കു പോവുകയൊന്നും വേണ്ട. അതിനേക്കാള്‍ ഭീകരമായ തരത്തിലുള്ള ഇടപാടുകളും അതുമായി ബന്ധപ്പെട്ടവയുമാണിപ്പോള് അരങ്ങു വാഴുന്നതെന്നുമാത്രം. മഞ്ഞുമലയുടെ തുമ്പ് മാത്രമേ പുറത്തുവന്നിട്ടുള്ളൂ. വിദേശ നയതന്ത്രകാര്യാലയവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിലധികമായി സ്വര്‍ണക്കടത്ത് നടക്കുന്നുവെന്നാണ് അന്വേഷണ ഏജന്‍സിക്കു കിട്ടിയ വിവരം. പരല്‍മീനുകളും കൊമ്പന് സ്രാവുകളും ഉള്‍പ്പെട്ട സംഘത്തെ പൊക്കിയെടുക്കുക അത്ര എളുപ്പമല്ല. ദേശീയ അന്വേഷണ ഏജന്‍സിക്കാണ് ചുമതലയെന്നതിനാല്‍ കാര്യങ്ങളില്‍ ഇടപെടാന്‍ സംസ്ഥാനത്തിന് സാധിക്കില്ലെന്നതാണ് ഏറെ ആശ്വാസമായിട്ടുള്ളത്.
പ്രത്യക്ഷ സമരങ്ങള്‍ നടത്തുന്നതിലുള്ള പ്രായോഗിക പ്രശ്നങ്ങളും മറ്റും ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ്, സമരം സഭയ്ക്കുള്ളില്‍ ഒതുക്കി നിര്‍ത്താന്‍ നോക്കുന്നത്. ഇതു വഴി തങ്ങളുടെ രാഷ്ട്രീയ പോര്‍മുഖം സജീവമായി നിര്‍ത്താമെന്നും ശേഷിക്കുന്ന വിഷയങ്ങളിലേക്കുള്ള പൊതുസമൂഹത്തിന്റെ ശ്രദ്ധ വഴിതിരിച്ചുവിടാമെന്നുമാണ് അവര്‍ കരുതുന്നത്. നിയമസഭയിലെ കണക്കു വെച്ചാണെങ്കില്‍ അവിശ്വാസ പ്രമേയം വിജയിക്കില്ലെന്നുറപ്പാണ്. അതുപോലെ തന്നെയാണ് സ്പീക്കര്‍ക്കെതിരെ കൊണ്ടുവരാന്‍ പോകുന്ന പ്രമേയവും. ഇരു വിഭാഗവും കൈയ് മെയ് മറന്ന് പൂത്താലമൊരുക്കി ഇതുവരെ വരവേറ്റത് കൊടും വിഷം വമിപ്പിക്കുന്ന ക്ഷുദ്രജീവികളെയായിരുന്നുവെന്ന് ജനസാമാന്യത്തിന് തികച്ചും ബോധ്യമായിട്ടുണ്ട്. ജനവിശ്വാസം നഷ്ടപ്പെട്ട കക്ഷികളോട് ‘കടക്കൂ പുറത്ത് ‘ എന്നു പറയാന്‍ മടിക്കാത്ത സമൂഹമാണ് ഇന്ന് അവര്‍ക്ക് മുമ്പിലുള്ളത്. അവരെ അവിശ്വാസ പ്രമേയവും സ്പീക്കര്‍ക്കെതിരായ പ്രമേയവും തുടങ്ങിയ ഉമ്മാക്കികാട്ടി സമാധാനിപ്പിക്കാം എന്നു കരുതരുത്.
യുഡിഎഫിന്റെ രാഷ്ട്രീയ നീക്കങ്ങള്‍ക്കു ശക്തി പകരാനുള്ള അജണ്ടയായി പ്രമേയങ്ങളെ മാറ്റാനുള്ള നീച നീക്കമാണ് നടക്കുന്നത്. ഇന്നത്തെ സര്‍ക്കാര്‍ സ്വര്‍ണം വഴി സ്വീകരിച്ച നയതന്ത്രം മറ്റു പേരില്‍ നടപ്പാക്കിയ മുന്‍ ഭരണക്കാര്‍ ജനകീയ വിശ്വാസം നേടാന്‍ നടത്തുന്നത് വൃഥാ വ്യായാമമാണ്. ആശ്രിത വത്സലരെയും അടുപ്പക്കാരെയും അനര്‍ഹമായി അധികാരത്തിന്റെ ഇടനാഴികളില്‍ സൈ്വരവിഹാരത്തിന് അനുവദിച്ച ഇരുമുന്നണികളും ജനങ്ങളുടെ മുമ്പില്‍ മുട്ടുകുത്തി നിന്ന് ക്ഷമാപണം നടത്തുന്ന കാലമാണ് ജനങ്ങള്‍ കാണുന്നത്. ജനവിശ്വാസം നഷ്ടപ്പെട്ടാല്‍ എന്താവും അവസ്ഥയെന്ന് കോണ്‍ഗ്രസ്സിനെ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലല്ലോ.
ഇടതും വലതും മാറിമാറിയുള്ള നാടകത്തിലെ സ്വാര്‍ഥ താത്പര്യം തിരിച്ചറിഞ്ഞവരാണ് ഇവിടുത്തെ ജനങ്ങള്‍. അവര്‍ക്കു വേണ്ടത് വെറും മാറ്റമല്ല. ജനമനസ്സും രാജ്യതാത്പര്യവും തിരിച്ചറിയാന്‍ കഴിവുള്ളൊരു ഭരണമാണ് അവര്‍ ആഗ്രഹിക്കുന്നത്. അത് നല്കാനാവുമെന്നു തെളിയിച്ചൊരു ഭരണമാണവര്‍ കേന്ദ്രത്തില്‍ കാണുന്നത്. സംസ്ഥാന ഭരണത്തിലെ അവിശ്വാസവും വിശ്വാസവും അവര്‍ തീരുമാനിക്കട്ടെ. തങ്ങളെ ആര് നയിക്കണമെന്നും ഭരിക്കണമെന്നുമുള്ള തീരുമാനവും അവര്‍ക്കു വിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: