വടകര(കോഴിക്കോട്): കോവിഡ് കാലത്ത് വിദ്യാഭ്യാസ മേഖലക്ക് ഉചിതമായ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം കൊടുത്തുള്ള കര്‍മ്മ പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പാക്കുമെന്ന് കേന്ദ്ര മാനവ വിഭവശേഷി വകുപ്പുമന്ത്രി ഡോ. രമേശ് കുമാര്‍ പൊക്രിയാല്‍ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘത്തിന്റെ മാതൃ സംഘടനയായ അഖില ഭാരതീയ രാഷ്ട്രീയ ശൈക്ഷിക്ക് മഹാസംഘ്(എബിആര്‍എസ്എം) അഖിലേന്ത്യാ ഭാരവാഹികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി കര്‍മ്മപദ്ധതികള്‍ വ്യക്തമാക്കിയത്.
ഉന്നതവിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് യോഗം മന്ത്രിയെ ധരിപ്പിച്ചു. സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും പുതിയ അക്കാദമിക കലണ്ടര്‍ കൊണ്ടുവരിക, പരീക്ഷകള്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക, പുതിയ അഡ്മിഷന് നടത്തുന്നതിന്റെ പ്രായോഗിക വശങ്ങള് പഠിക്കുക, സുഗമമായ അദ്ധ്യയനം നടത്തല്‍, പുതിയ സാഹചര്യത്തില്‍ അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം പുതുക്കല്‍, റിഫ്രഷര്‍ ഓറിയന്റ്റെഷന്‍ കോഴ്സുകള്‍ ചെയ്ത് തീര്‍ക്കാനുള്ള സമയ പരിധി 2021 ഡിസംബര്‍ 31 വരെ നീട്ടല്‍, സെല്‍ഫ് ഫിനാന്‍സിങ്ങ് കോളെജ് അദ്ധ്യാപകര്‍ക്ക് മാസാവസാനം കൃത്യമായും പൂര്‍ണമായും ശമ്പളം കൊടുക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുകയും, ഇക്കാര്യങ്ങളില്‍ സംഘടനയുടെ അഭിപ്രായം അറിയിക്കുകയും ചെയ്തു. സ്വാശ്രയ അദ്ധ്യാപകരുടെ ശമ്പള പ്രശ്നവും അദ്ധ്യാപകരെ അക്കാദമിക ഇതര ഡ്യൂട്ടികള്‍ക്ക് നിയമിക്കാന്‍ ആലോചിക്കുന്നതിനെകുറിച്ചുള്ള അഭിപ്രായങ്ങളും മന്ത്രിയെ അറിയിച്ചു.
കോവിഡ് 19 ഭീഷണി നീളുന്ന പശ്ചാത്തലത്തില്‍ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ അധ്യയന, ബോധന രീതിയില്‍ കൂടുതല്‍ പരിശീലനം കൊടുക്കേണ്ടതിന്റെ ആവശ്യകത അറിയിച്ചു. ഈ അധ്യയന വര്‍ഷം സിലബസ് പകുതി വെട്ടികുറയ്ക്കാനും കോവിഡ് ഭീഷണി കുറയുന്ന മുറയ്ക്ക് ബ്ലെന്‍ഡഡ് ലേണിംഗ് സംവിധാനത്തിലേക്ക് കോളേജുകളും യൂണിവേഴ്സിറ്റികളും മാറണമെന്നുള്ള നിര്‍ദ്ദേശവും മുന്നോട്ടുവെച്ചു. എച്ച്ആര്‍ഡി മന്ത്രാലയം ഈ വിഷയങള്‍ സഗൗരവം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി. എബിആര്‍എസ്എം അഖിലേന്ത്യാ പ്രസിഡന്റ് ഡോ. ജെ.പി. സിങ്കാള്‍, സംഘടനാ സെക്രട്ടറി മഹേന്ദ്ര കപൂര്‍, അഖിലേന്ത്യ സെക്രട്ടറി ഡോ. ശിവാനന്ദ് സിദ്ദങ്കരെ എന്നിവരും മറ്റ് ദേശീയ ഭാരവാഹികളും പങ്കെടുത്തതായി ഉന്നത വിദ്യാഭ്യാസ അദ്ധ്യാപക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. സി.പി. സതീഷ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: