കണ്ണൂര്‍: ബാലാവകാശ കമ്മീഷന് ചെയര്മാന് നിയമനത്തിന് യോഗ്യതയായി പരിഗണിച്ചത് മുഖ്യമന്ത്രിയുടെ സ്വന്തക്കാരനെന്ന കാര്യം മാത്രമായതില്‍ സിപിഎമ്മിനകത്തും പാര്‍ട്ടി പോഷകസംഘടനയായ ലോയേഴ്സ് യൂനിയനിലും ഭിന്നത. ലോയേഴ്സ് യൂണിയന് നേതാവ് കൂടിയായ തലശ്ശേരി സ്വദേശി അഡ്വ. മനോജിനെ ബാലാവകാശ കമ്മിഷന് അദ്ധ്യക്ഷനായി നിയമിച്ചതിനെ ചൊല്ലിയാണ് യൂനിയനിലും സിപിഎമ്മിലും ഭിന്നത രൂപം കൊണ്ടിരിക്കുന്നത്. പാര്‍ട്ടിയുടേയും യൂനിയന്റെയും അഭിപ്രായങ്ങള്‍ പരിഗണിക്കാതെ മുഖ്യമന്ത്രി നിയമനം നടത്തിയെന്നാണ് ആരോപണം.
സിപിഎമ്മിന്റ നേതാവും തലശ്ശേരി എംഎല്‍എയുമായ എ.എന്‍. ഷംസീറടക്കമുള്ള ഒരു വിഭാഗം നേതാക്കള്‍ തലശ്ശേരി കോടതിയില്‍ നിന്ന് ഈയിടെ വിരമിച്ച ജില്ലാ ജഡ്ജിയായിരുന്ന വനിതയെ കമ്മീഷന് ചെയര്പെഴ്സണാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ ചരടുവലികള്‍ നടത്തിയിരുന്നു. എംഎല്‍എക്കൊപ്പം ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന സിപിഎം നേതാവും മനോജിനെതിരെ രംഗത്തുണ്ടായിരുന്നു. കൂടാതെ ലോയേഴ്സ് യൂനിയന്‍ നേതാവായ തലശ്ശേരിയിലെ മറ്റൊരു പ്രമുഖ വക്കീലും മറ്റ് ചില പാര്‍ട്ടി അഭിഭാഷകരും ലോയേഴ്സ് യൂനിയനിലെ ഒരു വിഭാഗം അഭിഭാഷകരുടെ പിന്തുണയോടെ ചെയര്മാന് സ്ഥാനത്തെത്താന്‍ അവസാനനിമിഷം വരെ ശ്രമം നടത്തിയിരുന്നു. അതേസമയം, കാസര്‍കോട് ജില്ലയില്‍ ജോലി ചെയ്യുന്ന ഒരു സിറ്റിംഗ് ജഡ്ജിയെ ചെയര്‍മാനാക്കാനായി പാര്‍ട്ടിയുടെയും യൂനിയന്റെയും തിരുവനന്തപുരം ലോബിയും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഏറ്റവും അടുത്ത സുഹൃത്തും തലശ്ശേരിക്കാരനുമായ പാര്‍ട്ടിയുടെ പഴയ കാല നേതാവിന്റെ മകനായ മനോജിനെ പാര്‍ട്ടി പ്രാദേശിക ഘടകത്തിന്റെ അഭിപ്രായത്തെ പോലും മാനിക്കാതെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കുകയായിരുന്നുവെന്ന പരാതി പാര്‍ട്ടിക്കുളളില്‍ തന്നെ ചര്‍ച്ചയായിട്ടുണ്ട്.
പിണറായി വിജയന്റെ സുഹൃത്തിന്റെ മകനെന്ന പരിഗണനയ്ക്കൊപ്പം മുഖ്യമന്ത്രി ധര്‍മ്മടം മണ്ഡലത്തില്‍ മത്സരിച്ചപ്പോള്‍ മുതല്‍ നോമിനേഷന് സമര്‍പ്പണം മുതല്‍ അദ്ദേഹത്തിനു വേണ്ടി പ്രവര്ത്തിച്ചിരന്നയാള് എന്ന പരിഗണനകൂടി മനോജിനുണ്ടായിരുന്നു. തലശ്ശേരി ബ്രണ്ണന്‍ ഹയര്‍സെക്കണ്ടറി സ്ക്കൂളിന്റെ പിടിഎ കമ്മിറ്റിയില്‍ അംഗമായിരുന്നുവെന്ന യോഗ്യത മാത്രമാണോ ബാലവകാശ കമ്മീഷന് ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാനുള്ള യോഗ്യതയെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം ചോദിക്കുന്നു. തലശ്ശേരി മേഖലയിലെ ഒരു വിഭാഗം നേതാക്കള്‍ മനോജിനെ നിയമിച്ചതില്‍ തങ്ങള്‍ക്കുളള അതൃപ്തി ഉന്നത നേതാക്കളുമായി പങ്കുവെച്ചതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: