കോഴിക്കോട്: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാലക്ക് നാക് അക്രഡിറ്റേഷന് നഷ്ടമായി. കഴിഞ്ഞ നവംബര്‍ 30 വരെയായിരുന്നു നാക് അക്രഡിറ്റേഷന്റെ കാലാവധി. എന്നാല്‍ പിന്നീട് ഇത് പുതുക്കുവാനുള്ള യാതൊരു ശ്രമവും സര്‍വകലാശാല അധികൃതര്‍ നടത്തിയില്ല. നാക് അക്രഡിറ്റേഷന് ലഭിച്ചതിന് ശേഷം കോടിക്കണക്കിന് രൂപയുടെ റൂസ ഫണ്ട് ലഭിച്ചിരുന്നു. അതെല്ലാം ഇനി നഷ്ടമാവും. ലഭിച്ച ഫണ്ടാകട്ടെ കെട്ടിടങ്ങള്‍ പണിത് ധൂര്‍ത്തടിക്കുകയായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തെ മികവും പ്രവര്‍ത്തനങ്ങളും വികസനങ്ങളും യുജിസിക്ക് മുമ്പില്‍ സമര്‍പ്പിക്കാനോ നാക് അക്രഡിറ്റേഷന് പുതുക്കാനോ അധികൃതര്‍ യാതൊരു ശ്രമവും നടത്തയില്ല. നാക് അക്രഡിറ്റേഷന് നഷ്ടപ്പെട്ടത് ഏറ്റവും കൂടുതല്‍ ബാധിക്കുക വിദ്യാര്‍ത്ഥികളെയാണ്. ആള് ഇന്ത്യാ തലത്തില്‍ യൂണിവേഴ്സിറ്റി റാങ്കിങ്ങില്‍ ഇല്ലാതെ വരുന്നതോടെ ഇവിടുത്തെ സര്‍ട്ടിഫിക്കറ്റിന് വിലയില്ലാതാകും. സംസ്കൃത സര്‍വകലാശാലക്ക് അനുയോജ്യമല്ലാത്ത മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോഴ്സിന് എന്‍സിടിഇയുടെ അംഗീകരാമില്ലാത്തതും നാക് അക്രഡിറ്റേഷന് തടസ്സമാകുമായിരുന്നു. എന്നാല്‍ കോഴ്സ് സംബന്ധിച്ച് അഫിഡഫിറ്റ് നല്കിയാല് ഇത് മറികടക്കാനാവുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊന്നും ചെയ്യാന്‍ ഇവര്‍ തയ്യാറായില്ല.
മുന്‍ വൈസ്ചാന്‍സലര്‍ എം.സി. ദിലീപ്കുമാറിന്റെ കാലത്താണ് യുജിസി സംഘം സര്‍വകലാശാല സന്ദര്‍ശിച്ച് കോഴ്സുകളും സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും വിലയിരുത്തല്‍ നടത്തി നാക് അക്രഡിറ്റേഷനും എപ്ലസും നല്കിയതും. അന്ന് നാക് അക്രഡിറ്റേഷന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് 18 ഓളം കത്തുകള്‍ യുജിസിക്ക് ലഭിച്ചതായി പറയുന്നു. ഇതെല്ലാം മറികടന്നാണ് ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം മൂലം നാക് അക്രഡിറ്റേഷന് ലഭിച്ചത്. എന്നാല്‍ അന്ന് നാക് അക്രഡിറ്റേഷന് ലഭിക്കരുതെന്ന് ആഗ്രഹിച്ചവരാണ് ഇന്ന് ഭരണ നേതൃത്വത്തിലുള്ളതത്രേ. അതോടെ സ്വാഭാവികമായും നാക് അക്രഡിറ്റേഷന് പുതുക്കാനുള്ള സാധ്യതകള്‍ ഇല്ലാതായി.
സംസ്കൃത സര്‍വകലാശാലയുടെ അസ്തിത്വം നശിപ്പിച്ച് ജെഎന്‍യു മോഡലില്‍ രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാക്കുവാന്‍ ഒളിഞ്ഞും തെളിഞ്ഞും കൂറെക്കാലമായി ശ്രമം നടക്കുന്നുണ്ട്. സര്‍വകലാശാല കവാടത്തില്‍ ശ്രീശങ്കരാചാര്യരുടെ പ്രതിമ സ്ഥാപിക്കുന്നതിന് വരെ എതിര്‍പ്പുമായി ഇവര്‍ രംഗത്തെത്തിയിരുന്നു. ഇതേ ശക്തികള്‍ തന്നെയാണ് സര്‍വകലാശാലയുടെ പ്രദേശിക കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുവാനും പടിപടിയായി സര്‍വകലാശാലയെ തര്‍ക്കുവാനും ശ്രമിക്കുന്നത്. ഇതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് നാക് അക്രഡിറ്റേഷന് പുതുക്കാന്‍ ശ്രമം നടത്താതിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: