കോഴഞ്ചേരി: സർക്കാർ നിശ്ചയിച്ച മതിയായ യോഗ്യത നേടാത്തവരെ തരംതാഴ്ത്തണമെന്ന കോടതി ഉത്തരവ് വന്നതോടെ ഇടത് അധ്യാപക സംഘടനയായ കെ.എസ്റ്റിഎയിൽ ഭിന്നിപ്പ്.
50 വയസ് കഴിഞ്ഞ അധ്യാപകർ ടെസ്റ്റ് പാസ്സായില്ലെങ്കിലും അവരെ പ്രഥമാധ്യാപകരായി നിയമിക്കുന്നത് ശരിയല്ലന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.ഇതേ തുടർന്ന് അപ്പീൽ പോയെങ്കിലും ഡിവിഷൻ ബഞ്ചും ഉത്തരവ് ശരിവെച്ചു. അധ്യാപകരായി നിയമനം ലഭിച്ചവർ പ്രമോഷനായി യോഗ്യത നേടണമെങ്കിൽ അതിനുള്ള ഡിപ്പാർട്ടുമെന്റ് ടെസ്റ്റ് പാസ്റ്റാവണം.
എന്നാൽ ഉഴപ്പരായ അധ്യാപകർ അൻപത് വയസ്സു കഴിഞ്ഞ് പ്രഥമാധ്യാപകർ ചമയാനുള്ള നീക്കമാണ് ഹൈക്കോടതി പൊളിച്ചത്. ഹൈക്കോടതിയുടെ നിലവിലെ ഉത്തരവു പ്രകാരം അൻപതു കഴിഞ്ഞ യോഗ്യത നേടാത്ത മുഴുവൻ പ്രഥമാധ്യാപകരും തരംതാഴ്ത്തലിന് വിധേയരാവും. ഇതിൽ തൊണ്ണൂറു ശതമാനം പേരും ഇടത് അധ്യാപക സംഘടനയിൽപ്പെട്ടവരായതിനാലാണ് കെഎസ്ടിഎ നേതാവായ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ – ഓർഡിനേറ്ററായ എസ്. രാജേഷ് അൻപതു വയസ് കഴിഞ്ഞ അധ്യാപകർക്കായി സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയത്.
ഇതിനെ തള്ളിയാണ് ഇടത് അധ്യാപക സംഘടനയിലെ ഭൂരിഭാഗവും പ്രതികരിച്ചത്. കെഎസ്റ്റിഎ സംസ്ഥാന പ്രസിഡൻറ് കെ.ജെ. ഹരികുമാർ പോലും ഇതിനെ ചോദ്യം ചെയ്ത് മറുപടി നൽകിയിട്ടുണ്ട്. യോഗ്യതയില്ലാത്തവരെ സ്കൂളുകളിൽ നിലനിർത്താനുള്ള കെഎസ്ടിഎ നേതാക്കൾക്കെതിരെ ശക്തമായ നിലപാടാണ് ഭൂരിപക്ഷം അധ്യാപകരും സ്വീകരിച്ചിരിക്കുന്നത്. എന്തായാലും ഈ വിവാദം വരും ദിവസങ്ങളിലും കത്തിനിൽക്കും എന്നതിന് സംശയവുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: