കോട്ടയം: സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ് ശബരിമല വിമാനത്താവളത്തിനായി കോടികള്‍ ചെലവിട്ട് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി. തിരുവല്ല ബിലിവേഴ്സ് ചര്‍ച്ച് കൈവശപ്പെടുത്തിയ എസ്റ്റേറ്റ് തിരിച്ചെടുക്കാനാണ് കോടികള്‍ ചെലവിടാന്‍ തീരുമാനമായത്. കോട്ടയം കളക്ടര്‍ പാലാ സബ് കോടതിയില്‍ നല്കിയ കേസിന് സമാന്തരമായിട്ടാണ് സ്ഥലം ഏറ്റെടുക്കുന്നത്. നഷ്ടപരിഹാര തുക കോടതിയില്‍ കെട്ടിവച്ച് ഏറ്റെടുക്കാനാണ് ഉത്തരവ്. വില കളക്ടര്‍ തീരുമാനിക്കും.ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരമാണ് തുക കെട്ടിവയ്ക്കുന്നത്.
വിവിധ സംഘടനകളുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു. 2263 ഏക്കര്‍ ഭൂമി ഒരു രൂപ പോലും വിലയായി നല്‍കാതെ ഏറ്റെടുക്കണമെന്നാണ് ഭൂഅവകാശ സംരക്ഷണ സമിതി അടക്കമുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്. നിലവില്‍ കൈവശം വച്ചിരിക്കുന്ന ബിലിവേഴ്സ് ചര്‍ച്ചിനോ മുമ്പ് കൈവശമുണ്ടായിരുന്ന ഹാരിസണോ എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖകളില്ലെന്ന വാദം സര്‍ക്കാര്‍ തന്നെയാണ് ഉയര്‍ത്തിയത്.
അങ്ങനെയുള്ളപ്പോള്‍ ഭൂമിയുടെ വില സര്‍ക്കാര്‍ തന്നെ കെട്ടിവയ്ക്കുമ്പോള്‍ ഭൂമി സര്‍ക്കാരിന്റെതാണെന്ന വാദത്തില്‍ നിന്ന് സര്‍ക്കാര്‍ തന്നെ സ്വയം പിന്മാറുകയാണെന്ന സംശയം ജനിപ്പിക്കുമെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ധൃതിപിടിച്ച് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
സ്വാതന്ത്യം കിട്ടും മുമ്പ് ഇംഗ്ലീഷ് കമ്പനികള്‍ പാട്ടത്തിന് നടത്തിയ എസ്റ്റേറ്റുകള്‍ സ്വാതന്ത്രലബ്ദിയോടെ സര്‍ക്കാരില്‍ തിരികെ വന്നെന്നാണ് സര്‍ക്കാര്‍ വാദം. പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാരിന്റെ ഭൂമിയായി മാറുമെന്നതിനാല്‍ ചെറുവള്ളി എസ്റ്റേറ്റ് ബിലിവേഴ്സ് ചര്‍ച്ചിന് കൈമാറിയത് അംഗീകരിച്ചിട്ടില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഹാരിസണുമായിട്ടുളള പോക്കുവരവ് വരെ റദ്ദാക്കിയത്. ഇതിനെതിരെ ഹാരിസണ്‍ കോടതിയില്‍ പോയി.
ഹാരിസണില്‍ നിന്ന് എസ്റ്റേറ്റ് വാങ്ങിയത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബിലിവേഴ്സ് ചര്‍ച്ചും കോടതിയെ സമീപിച്ചു. 2005-ല്‍ ആണ് ബിലിവേഴ്സ് ചര്‍ച്ചിന്റെ നിയന്ത്രണത്തിലുള്ള ഗോസ്പല്‍ ഏഷ്യയ്ക്ക് വിറ്റത്. എസ്റ്റേറ്റുകള്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്യുന്ന എം.ജി.രാജമാണിക്യം കമ്മീഷന് റിപ്പോര്‍ട്ട് കോടതി റദ്ദാക്കിയിരുന്നു.എസ്റ്റേറ്റ് തിരിച്ചെടുക്കാന്‍ സിവില്‍ കേസ് നടത്താനും ഹൈക്കോടതി നിര്‍ദ്ദേശം നല്കി. ഇതനുസരിച്ചാണ് പാലാ സബ് കോടതിയില്‍ കോട്ടയം കളക്ടര്‍ കേസ് കൊടുത്തത്.
വിമാനത്താവളത്തിന് 1500 ഏക്കര്‍,ബാക്കി ഭൂമി എന്തിന് ?
കോട്ടയം : നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിനായി 1500 ഏക്കര്‍ ഭൂമി മതിയാകുമെന്നാണ് കണക്കാക്കുന്നത്. ഇത് സംബന്ധിച്ച് സാധ്യതാ പഠനം നടത്തിയ കണ്‍സള്‍ട്ടന്‍സി ലൂയി ബഗ്ഗര്‍ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു.തുടര്‍ന്ന് വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ചുമതലയും ലൂയി ബഗ്ഗറിന് നല്കി. 2263 ഏക്കര്‍ ഭൂമി പൂര്‍ണ്ണമായും വിമാനത്താവളത്തിന് ആവശ്യമില്ലാത്തതിനാല്‍ ബാക്കി ഭൂമി എന്താവശ്യത്തിന് ഉപയോഗിക്കുമെന്ന ചോദ്യമാണ് ഉയരുന്നത്.
സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കുണമെന്നും ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നാണ് ഭൂരഹിത സംഘടനകള്‍ ആവശ്യപ്പെടുന്നത്. മാത്രമല്ല രേഖകളില്‍ 2263 ഏക്കര്‍ ഭൂമിയാണ് കാണിച്ചിട്ടുണ്ടെങ്കിലും ഏരിയല്‍ സര്‍വ്വേ നടന്നിട്ടില്ലാത്തതിനാല്‍ ഇതിലുമേറെ ഭൂമി ഉണ്ടാകുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. എസ്റ്റേറ്റില്‍ വനഭൂമിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിമാനത്താവളത്തിന് വേണ്ട ഭൂമിക്ക് ശേഷമുള്ള ഭൂമി ഏത് ആവശ്യത്തിന് ഉപയോഗിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: