അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനനം സംബന്ധിച്ച് കെഎംഎംഎലിന് ഹൈക്കോടതി നോട്ടീസയച്ചു. പൊഴിമുഖത്തെ ഖനനത്തിനെതിരെ ജനകീയ സമര സമിതി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി നോട്ടീസയച്ചത്. പൊഴിമുഖം വീതി കൂട്ടുന്നതിനൊപ്പം ഇവിടെനിന്ന് കരിമണല്‍ വന്‍തോതില്‍ ഖനനം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ഈ മാസം ഒന്നിന് പുറക്കാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.എം.എംഎലിന് കത്തു കൈമാറിയിരുന്നു.ഇതിനു ശേഷവും കരിമണല്‍ കൊണ്ടുപോയ സാഹചര്യത്തില്‍ ഇത് നിര്‍ത്തിവയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ സമരസമിതി ചെയര്പേഴ്സന് റഹ്മത്ത് ഹാമിദ് അമ്പലപ്പുഴ സി.ഐക്ക് പരാതി നല്‍കിയിട്ടും മണലെടുപ്പ് നിര്‍ത്തിയിരുന്നില്ല. തുടര്‍ന്നാണ് സമര സമിതി ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത് നല്കിയ നോട്ടീസിന്മേല് എന്തു നടപടി സ്വീകരിച്ചുവെന്ന് കെഎംഎംഎലിനോട് കോടതി ആരാഞ്ഞു. കേസില്‍ പരിസ്ഥിതി വകുപ്പിനെ ഉള്‍പ്പെടുത്താനും കോടതി നിര്‍ദേശിച്ചു.കരിമണല്‍ ഖനനത്തിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
കരിമണല്‍ ഖനനത്തിനെതിരായി ആരംഭിച്ച സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം. രണ്ടാംഘട്ട സമരമായി 17ന് രാവിലെ 11ന് ഖനന മേഖലയില്‍ മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ തീരുമാനിച്ചു. മൂന്നാംഘട്ടമായി ഇതിനടുത്ത ദിവസം കരിമണല്‍ കൊണ്ടുപോകുന്ന പാതയില്‍ ജനകീയ ബാരിക്കേഡ് തീര്‍ക്കാനും തീരുമാനിച്ചു. തോട്ടപ്പള്ളി പൊഴി മുറിക്കലിന്റെ മറവില്‍ പൊഴി മുഖത്ത് കരിമണല്‍ ഖനനം ആരംഭിച്ചതിനെതിരെ ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിതകാല റിലേ സത്യഗ്രഹം ഇന്ന് പതിനേഴാം ദിവസത്തിലേക്ക് കടന്നു. സിപിഎം ഒഴികെയുള്ള എല്ലാ കക്ഷികളും പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. എന്നാല്‍ പ്രതിഷേധം കനക്കുമ്പോഴും വന്‍ പോലീസ് കാവലില്‍ പ്രതിദിനം നൂറുകണക്കിന് ലോഡ് കരിമണലാണ് കൊണ്ടു പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: