തിരുവനന്തപുരം: വിക്ടേഴ്സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന ‘ഫസ്റ്റ്ബെല്‍’ രണ്ടാംഘട്ട ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ഇപ്പോഴും നല്ലൊരു വിഭാഗം വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിന് പുറത്ത്. നിലവില്‍ ട്രയലാണെന്നും അടുത്തയാഴ്ച കഴിഞ്ഞാകും ശരിക്കുള്ള ക്ലാസുകളെന്നും അതിനിടയ്ക്ക് എല്ലാവര്ക്കും ഓണ്‍ലൈന്‍ സൗകര്യം ലഭ്യമാക്കുമെന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതിനു ശേഷമാണ് ഈ നിലപാട് മാറ്റം.
ശരിക്കുള്ള ക്ലാസുകള്‍ ആരംഭിച്ചാല്‍ പോലും എത്രപേര്‍ക്ക് ഓണ്‍ലൈന്‍ പഠനമെത്തിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഓണ്‍ലൈന്‍ സൗകര്യം ലഭ്യമല്ലാത്തവരുടെ കൃത്യമായ കണക്കുകള്‍ പോലും ഇനിയും പൂര്‍ണമല്ല. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും പഠന സൗകര്യം ലഭ്യമാക്കുന്നതിന് ‘ഹൈടെക് സ്കൂള്‍ ഹൈടെക് ലാബ്’ പദ്ധതികളുടെ ഭാഗമായി വിന്യസിച്ച ഐടി ഉപകരണങ്ങള്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും ഇതുവരെ ഓണ്‍ലൈന്‍ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കിയിട്ടില്ല. ഇനിയും 25 ശതമാനത്തോളം പൂര്‍ത്തിയാക്കാനുണ്ട്. പുതുതായി പ്രവേശനം നേടിയ കുട്ടികളുടെ നമ്പരുകള്‍ പലേടത്തും ഇനിയും ലഭ്യമല്ല.
സര്‍ക്കാരിന്റെ കണക്കനുസരിച്ച് രണ്ടര ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്തത്. എന്നാല്‍, ഇത് ഏതാണ്ട് അഞ്ചു മുതല്‍ പത്തു ലക്ഷം വരെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. നിലവില്‍ ആരംഭിച്ച വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഏതാണ്ട് 60 ശതമാനം വിദ്യാര്‍ഥികള്‍ മാത്രമെ ഭാഗമായിട്ടുള്ളൂ. മൂല്യനിര്‍ണയം കഴിഞ്ഞ് അധ്യാപകര്‍ സ്കൂളുകളില്‍ എത്തിത്തുടങ്ങിയിട്ടില്ല.
പുതിയ ക്ലാസുകളിലെത്തുന്ന കുട്ടികളെ അധ്യാപകരില്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ തന്നെ പല വിദ്യാര്‍ഥികളും വാട്സ്ആപ്പ് ഗ്രൂപ്പുകളുടെ ഭാഗമല്ല. ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവര്‍ക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹായത്തോടെ ബദല്‍ സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കൊറോണ പ്രതിരോധ കാലഘട്ടത്തില്‍ കമ്മ്യൂണിറ്റി കിച്ചണുകള്‍ നടത്തി സാമ്പത്തികമായി തളര്‍ന്നു. പത്തു ലക്ഷത്തോളം വരുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണം ലഭ്യമാക്കാന്‍ സന്നദ്ധ സംഘടനകള്‍ക്ക് എത്രമാത്രം കഴിയുമെന്നതും പ്രശ്നം.
ഓണ്‍ലൈന്‍ പഠനത്തിന് ഉപകരണങ്ങള്‍ ലഭ്യമാകാത്ത കുട്ടികള്‍ക്ക് സ്കൂളുകളില്‍ നിന്നുള്ള ഹൈടെക് ഉപകരണങ്ങള്‍ ഉപയോഗിക്കാമെന്ന നിര്‍ദേശവും ഇന്റര്‍നെറ്റ് സംവിധാനം എങ്ങനെ ലഭ്യമാക്കുമെന്നകാര്യവും എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തന്നെ പ്രായോഗികമായ തീരുമാനം കൈക്കൊണ്ടില്ലെങ്കില്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിന് പുറത്താകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: