”എനിക്ക് പറയാനും ഉത്തരം നല്‍കാനും ആരുടെയും പിന്‍ബലം വേണ്ട.” കുറച്ചുദിവസം മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിത്. അങ്ങനെയാകണം മുഖ്യമന്ത്രി. അങ്ങനെയായിരിക്കണം മുഖ്യമന്ത്രി. ആരോടും ചോദിക്കാതെ, ആരെയും കേള്‍ക്കാതെ ശരിയായ ഉത്തരം നല്കാന് കഴിയുന്ന മുഖ്യമന്ത്രി ഏത് പാര്‍ട്ടിക്കാരനായാലും മലയാളികള്‍ക്ക് അഭിമാനമേ ഉണ്ടാകൂ. പക്ഷേ, പിണറായി വിജയന് എന്ന മുഖ്യമന്ത്രി വലിയ അഭിമാനമാണോ മലയാളികള്‍ക്കുണ്ടാക്കുന്നത്? ആരോടും ചോദിക്കാതെ ഉത്തരം പറയാന്‍ കഴിയുന്ന മുഖ്യമന്ത്രിക്കെന്തിനാവോ അര ഡസനില്‍ അധികം ഉപദേശികള്‍? പത്രസമ്മേളനത്തില്‍ വായിക്കുന്നതെല്ലാം ഹോംവര്‍ക്ക് ചെയ്തുകൊണ്ട് വന്നതാകുമോ?
സ്പ്രിങ്കളറിന്റെ ആഗമനം എങ്ങനെയുണ്ടായി. അതിനെ ഒഴിവാക്കിയത് എന്തുകൊണ്ടാണ്? പറയുന്നതിന് എന്തെങ്കിലും അര്‍ഥം വേണ്ടേ? മുഖ്യമന്ത്രി പിണറായി വിജയനെ അറിയാന്‍ കേരളത്തില്‍ പ്രത്യേകിച്ച് ചെലവൊന്നും വേണ്ട. അദ്ദേഹം പറഞ്ഞതുപോലെ എല്ലാവര്ക്കും പിണറായിയെ നന്നായി അറിയാം. അതുകൊണ്ട് എത്ര ചെലവിട്ടാലും പ്രയോജനമില്ല. പക്ഷേ കേരളത്തിന് പുറത്തും പരദേശത്തും ചെലവാക്കിയതുകൊണ്ട് പ്രയോജനമുണ്ട്. അത് മുഖ്യമന്ത്രി തിരിച്ചറിഞ്ഞിട്ടുണ്ട്. പാര്‍ശ്വവര്‍ത്തികളും നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ചെലവാക്കുന്നതിന് കയ്യും കണക്കുമില്ല. മുന്നിലെത്തുന്ന കണക്ക് അംഗീകരിച്ചുകൊടുക്കാന്‍ ധനകാര്യവകുപ്പിന് കാലതാമസം ഒട്ടുമില്ല.
പാവപ്പെട്ടവന്റെ ദുഃഖങ്ങളും ദുരിതങ്ങളും ചികിത്സയുമൊക്കെ നീക്കാനുംനടത്താനും പണത്തിന് ചോദിച്ചാല്‍ പഞ്ഞപ്പാട്ട് പാടുന്നതാണ് ധനകാര്യവകുപ്പ്. പക്ഷേ പ്രചാരണ കോലാഹലത്തിന് എത്ര വേണമെങ്കിലും ചെലവാക്കാം. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ വെബ്സൈറ്റിനും സമൂഹ മാധ്യമങ്ങളും പൊലിപ്പിക്കാന്‍ അനുവദിച്ചതുക.
മുഖ്യമന്ത്രിയുടെ വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒരു വര്‍ഷത്തേക്കു പരിപാലിക്കുന്നതിനു ചെലവ് ഒരുകോടി പത്തുലക്ഷം രൂപ. പബ്ലിക്ക് റിലേഷന്‍സ് വകുപ്പ് സി-ഡിറ്റിന് പണം അനുവദിച്ച് ഉത്തരവിറക്കി. സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ പാര്‍ട്ടിക്കാരുടെ ഗൃഹസമ്പര്‍ക്കത്തിന് പൊ
ങ്ങച്ച പുസ്തകം അച്ചടിക്കാന്‍ ചെലവാക്കിയതും സര്‍ക്കാര്‍. വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാര്‍ക്കു ശമ്പള ഇനത്തില്‍ ഒരു വര്‍ഷം നല്‍കുന്നത് 82 ലക്ഷം രൂപ. പ്രതിമാസം ഒരാള്‍ക്കു ചെലവാക്കുന്നത് ശരാശരി അരലക്ഷത്തിലേറെ.
19 മന്ത്രിമാരുടെ വെബ്സൈറ്റുകളുടെ വാര്‍ഷിക പരിപാലന ചെലവ് 18 ലക്ഷം രൂപയാണ്. രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് സൈറ്റുകളുടെ ചുമതല. മുഖ്യമന്ത്രിയുടെ വെബ്സൈറ്റ്, സമൂഹ മാധ്യമ പരിപാലത്തിന് നാല് മാസമായി നല്‍കാനുണ്ടായിരുന്ന കുടിശികയായ 36,07,209 രൂപയും ഈ ഉത്തരവില്‍ അനുവദിച്ചിട്ടുണ്ട്. പണം പോട്ടെ പത്രാസ് വരട്ടെ എന്ന് സര്‍ക്കാര്‍ നിശ്ചയിച്ചാല്‍ എന്തുചെയ്യാനൊക്കും!
മന്ത്രിമാരില്‍ കടകംപള്ളി സുരേന്ദ്രന് രണ്ട് കൊമ്പും നീളമുള്ളൊരു വാലുമുണ്ടെന്ന് തോന്നുന്നു. സര്‍ക്കാരിനെ ആരെങ്കിലും വിമര്‍ശിച്ചാല്‍ അവര്‍ക്ക് നേരെ കൊമ്പിട്ട് കുലുക്കും. മുഖ്യമന്ത്രി കണ്ണുമിഴിച്ചാലാ വാലാട്ടുകയും ചെയ്യും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ചെന്ന് വഴിപാട് നടത്തിയത് പാര്‍ട്ടിക്കകത്ത് വിവാദമായപ്പോള്‍ അത് കണ്ടതാണ്. ഇപ്പോള്‍ കേന്ദ്രമന്ത്രി വി.മുരളീധരന് നേരെയാണ് കൊമ്പ് കുലുക്കല്‍. വി.മുരളീധരന് ഒന്നും അറിയില്ലെന്നാണ് കടകംപള്ളിയുടെ കണ്ടെത്തല്‍. ഒന്നുമറിയാത്ത മുരളീധരന് കേന്ദ്രത്തില്‍ മന്ത്രിയായതെങ്ങനെ എന്നെങ്കിലും ചിന്തിക്കേണ്ടതല്ലേ. കടകംപള്ളി തുടരുന്നു.
ആരാധനാലയങ്ങള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മേയ് 30ന് തീരുമാനിക്കുകയും ശേഷം ജൂണ്‍ നാലിന് തുറന്നാല്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് തുടര്‍ന്ന് വിജ്ഞാപനം എല്ലാം സംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് മുരളീധരന് മനസ്സിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഹാ! കഷ്ടമെന്നു മാത്രമേ അദ്ദേഹത്തിന്റെ അവസ്ഥയെ കുറിച്ച് പറയാനാകൂ.
കേന്ദ്ര മന്ത്രിസഭയിലെ ചര്‍ച്ചകള്‍ക്കൊന്നും ഒരു സഹമന്ത്രിക്ക് പങ്കെടുക്കാന്‍ കഴിയില്ലായിരിക്കും. എന്നാല്‍ അതില്‍ പങ്കെടുക്കുന്നവരോട് എന്താണ് തീരുമാനങ്ങള്‍ എന്ന് അറിയാന്‍ ഒരു ശ്രമം അദ്ദേഹം നടത്തേണ്ടേ. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ അവര്‍ വായിച്ചു മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടേ കേന്ദ്രമന്ത്രിസഭയില്‍ പങ്കെടുക്കേണ്ടതാരൊക്കെ, പങ്കെടുപ്പിക്കേണ്ടത് ആരെയൊക്കെയാണ് എന്ന് കടകംപള്ളിക്ക് നല്ല നിശ്ചയം! നിശ്ചയമില്ലാത്ത കാര്യങ്ങള്‍ അറിയാന്‍ മണിച്ചന്റെ കണക്കുബുക്ക് വായിച്ച് മനസ്സിലാക്കാനും ശ്രമിക്കും. അതാണ് കടകംപള്ളി. എല്ലാം അറിയാം ഈ മന്ത്രിക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: