ദോഹ: ലക്ഷക്കണക്കിനു പ്രവാസി മലയാളികള്‍ക്ക് തൊഴിലേകിയിരുന്ന ഗള്‍ഫിലെ സ്വകാര്യമേഖലാ വ്യാപാര, വ്യവസായ സ്ഥാപനങ്ങളില്‍ കൂട്ടപ്പിരിച്ചുവിടല്‍. എണ്ണ വിലയിടിവും കൊറോണയും സൃഷ്ടിച്ച സാമ്പത്തിക മാന്ദ്യമാണ് ആറു ജിസിസി രാജ്യങ്ങള്‍ക്കൊപ്പം ഗള്‍ഫ് മലയാളികളേയും കടുത്ത പ്രതിസന്ധിയിലാക്കുന്നത്.
മാസങ്ങള്‍ നീണ്ട അടച്ചിടല്‍ അതിജീവിക്കാന്‍ സൗദി അറേബ്യ, യുഎഇ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ചെങ്കിലും പ്രതിസന്ധിയുടെ ആഘാതം തടുക്കാന്‍ പര്യാപ്തമായില്ല.
ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരുകള്‍ നല്കിയ ധനസഹായം അറബ് വ്യവസായികള്‍ വകമാറ്റിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി. ഉയര്‍ന്ന തസ്തികയിലുള്ള ജീവനക്കാരുടെ ശമ്പളം 30% വെട്ടിക്കുറയ്ക്കുകയാണ് വലിയ കമ്പനികള്‍ ചെയ്തത്. കുറഞ്ഞ വരുമാനക്കാരായ ഭൂരിപക്ഷം ജീവനക്കാര്‍ക്കും വേതനം നല്‍കാതെ ഭക്ഷണവും ചികിത്സാസൗകര്യവും മാത്രം നല്കി. കുറഞ്ഞ മൂലധനത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിഗത സ്ഥാപനങ്ങളാകട്ടെ തൊഴില്‍കരാറുകള്‍ റദ്ദ് ചെയ്ത് തൊഴിലാളികളെ പെരുവഴിയിലാക്കി.
കരാര്‍പ്രകാരം ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ഒന്നും നല്‍കാതെയാണ് പിരിച്ചുവിടല്‍. പ്രതിസന്ധി മറികടക്കാന്‍ കമ്പനികള്‍ക്ക് കരാര്‍കാലാവധി തീരുംമുമ്പ് തൊഴിലാളികളെ പിരിച്ചുവിടാമെന്ന തൊഴില്മന്ത്രാലയങ്ങളുടെ നിലപാട് ആനുകൂല്യങ്ങള്‍ക്കായി അധികൃതരെ സമീപിക്കുന്നതിനു തൊഴിലാളികള്‍ക്കും തടസമായി.
ഇങ്ങനെ തൊഴില്‍രഹിതരായവര്‍ വിവിധ മലയാളി സന്നദ്ധസംഘടനകളുടെ കാരുണ്യത്തില്‍ മടക്കയാത്രയ്ക്ക് അവസരം കാത്തിരിക്കുകയാണിപ്പോള്‍. ഇന്ത്യന്‍ കമ്യൂണിറ്റി ബെനവെലന്റ് ഫോറങ്ങള്‍ നല്കുന്ന സഹായത്തിലാണ് ഇവര്‍ പിടിച്ചു നില്‍ക്കുന്നത്. മൂന്നിലൊന്നു ജീവനക്കാരെയെങ്കിലും ഒഴിവാക്കുക എന്ന നിലപാടിലേക്കാണ് കണ്‍സ്ട്രക്ഷന്‍, ഹോസ്പിറ്റാലിറ്റി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ വന്‍കിട കമ്പനികള്‍ എത്തിയിരിക്കുന്നത്. ഒഴിവാക്കല്‍ പട്ടികയിലുള്ളവരോടു മൂന്നു മുതല്‍ ആറുമാസം വരെ നിര്‍ബന്ധിത അവധി എടുക്കാന്‍ ആവശ്യപ്പെടുകയാണ് തന്ത്രം. ദീര്‍ഘകാലം പിടിച്ചുനില്ക്കാനാവില്ലാത്തതിനാല് ജോലി ഉപേക്ഷിച്ചു നാട്ടിലേക്കുമടങ്ങുകയേ മാര്‍ഗമുള്ളൂ.
കോടതിയുണ്ട്: പക്ഷെ പരാതി നല്‍കാനും വഴിയില്ല
പരാതി നല്കാന് പ്രത്യേക കോടതികളുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്നവര്‍ക്ക് പരാതി നല്‍കാനാവില്ലെന്ന് കമ്പനിയുടമകള്‍ക്ക് ഉറപ്പുണ്ട്. പരാതിക്കാരന് എല്ലാ അവധിക്കും കോടതിയില്‍ ഹാജരായില്ലെങ്കില്‍ കേസില്‍ തിരിച്ചടി നേരിടും. തൊഴിലുടമയ്ക്ക് അങ്ങോട്ടു നഷ്ടപരിഹാരം നല്കേണ്ടതായും വരും. ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എംബസി ഇടപെടല്‍ ആവശ്യപ്പെട്ട് പരാതി നല്‍കുക മാത്രമാണ് പോംവഴി.
ശരിയായ തൊഴില്‍കരാര്‍ ഉള്ളവര്‍ നാട്ടിലേക്കു മടങ്ങിയാലും എംബസി ഇടപെടലില്‍ ആനുകൂല്യങ്ങള്‍ ഈടാക്കാം. അല്ലെങ്കില്‍ തിരിച്ചെത്തി സ്വദേശി അഭിഭാഷകന് മുഖേന കേസ് നല്‍കാം. പക്ഷേ പലതവണ ജോലി മാറിയ തൊഴിലാളികളുടെ പക്കല്‍ പരാതി നല്‍കാനാവശ്യമായ രേഖകള്‍ ഉണ്ടാകാറില്ല. ഇങ്ങനെയെങ്കില്‍ എംബസി ഇടപെടല്‍ പോലും അസാധ്യമാകും.
പ്രവാസി ജനസംഖ്യ പരിമിതപ്പെടുത്തി സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുക എന്ന നിലപാടിലാണ് ജിസിസി സര്‍ക്കാരുകള്‍. ഇത് പൊതുമേഖലയിലും ഭാവിയില്‍ തൊഴില്‍ നഷ്ടമുണ്ടാക്കും. ഖത്തര്‍ എയര്‍വേയ്സ്, എമിറേറ്റ്സ്, ഇത്തിഹാദ് തുടങ്ങി ഗള്‍ഫിലെ പ്രമുഖ വ്യോമയാന കമ്പനികളെല്ലാം 20 ശതമാനത്തില്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു കഴിഞ്ഞു.
രാജ്യാന്തര സര്‍വീസുകള്‍ക്കുള്ള വിലക്ക് നീണ്ടാല്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ പിരിച്ചുവിടല്‍ വരും. ഗള്‍ഫ് തൊഴിലാളികളുടെ മടക്കം പ്രവാസിപ്പണത്തെ വലിയ തോതില്‍ ആശ്രയിക്കുന്ന കേരളത്തിനും വലിയ വരുമാന നഷ്ടമുണ്ടാക്കും. ദീര്‍ഘദൃഷ്ടിയോടെ സംസ്ഥാനം പദ്ധതികള്‍ ആരംഭിക്കുന്നില്ലെങ്കില്‍ ഗള്‍ഫ് മേഖലയേക്കാള്‍ വലിയ പ്രതിസന്ധിയാവും കേരളം നേരിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: