ആലപ്പുഴ; ഹിന്ദു സംഘടനകള്‍ എതിര്‍ത്തിട്ടും ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകുന്ന ദേവസ്വം ബോര്‍ഡിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ് രാധാകൃഷ്ണന്. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വംബോര്‍ഡ് പിന്മാറണമെന്ന് അദേഹം ആവശ്യപ്പെട്ടു. അമ്പലങ്ങള്‍ ഉടന്‍ തുറക്കേണ്ടതില്ലായെന്ന് തന്ത്രി സമാജം അറിയിച്ചിട്ടും ക്ഷേത്രങ്ങള്‍ തുറക്കണമെന്ന് ബോര്‍ഡു പ്രസിഡന്റുമാരും അംഗങ്ങളും വാശിപിടിക്കുകയാണെന്നും അദേഹം പ്രതികരിച്ചു.
ആരാധനാലയങ്ങള്‍ തുറക്കേണ്ടതില്ലായെന്ന തീരുമാനമെടുത്ത മറ്റുമത മേധാവികളുടെ തീരുമാനത്തിനെ അഭിനന്ദിക്കുന്നു. അവര്‍ക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ക്ക് ഇല്ലാതായതില്‍ അത്ഭുതപ്പെടാനാകില്ലായെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ അദേഹം പ്രതികരിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഈശ്വരനെ ദ്രോഹിക്കരുത്… ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡ് പിന്മാറണം
അമിതമായാല്‍ അമൃത് മാത്രമല്ല മതവും ദൈവാരാധനയും വിഷമായി മാറും. അതുകൊണ്ട് കൊറോണ പടര്‍ന്നു കയറുന്ന ഇന്നത്തെ സാഹചര്യത്തില്‍ അമ്പലങ്ങള്‍ തുറക്കാന്‍ ആര്‍ത്തി കാണിക്കേണ്ടതില്ല.
സര്‍ക്കാര്‍ നിര്‍ബന്ധമായും ആരാധനാലയങ്ങള്‍ തുറക്കണം എന്ന് കല്പിച്ചിട്ടില്ല. വേണമെങ്കില്‍ തുറക്കാമെന്ന അനുവാദമാണ് നല്‍കിയത്. വേണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ഇക്കാര്യത്തില്‍ വിവേക പൂര്‍ണമായ തീരുമാനം ജനങ്ങള്‍ എടുക്കണം.
അമ്പലങ്ങള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന് തന്ത്രിസമാജം പറയുന്നു. തീര്‍ത്ഥവും പ്രസാദവുമില്ലാതെ എന്ത് ക്ഷേത്ര ദര്‍ശനം. ഹിന്ദുക്കള്‍ക്കാണെങ്കില്‍ വീട്ടിലിരുന്നും പ്രാര്‍ത്ഥിക്കാവുന്നതാണ്. എന്നിട്ടും എന്ത് വിലനല്‍കിയും ക്ഷേത്രം തുറക്കണമെന്ന വാശി ക്ഷേത്രവിശ്വാസത്തിലും ആചാരാനുഷ്ഠാനത്തിലും തീരെ വിശ്വസിക്കാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ക്കും അംഗങ്ങള്‍ക്കുമാണുള്ളത്. അവര്‍ക്ക് കാശാണ് പ്രധാനം; ദൈവമോ മനുഷ്യനോ അല്ല.
സര്‍ക്കാര്‍ നല്കിയ ഇളവ് സ്വീകരിക്കേണ്ടതില്ല എന്ന് തീരുമാനിച്ച ഇസ്ലാമിക ക്രൈസ്തവ മത മേധാവികളെ അഭിനന്ദിക്കുന്നു. അവര്‍ക്കുള്ള വിവേകം ധനമോഹം മാത്രമുള്ള ദേവസ്വം ബോര്‍ഡ് മേധാവികള്‍ക്ക് ഇല്ലാതായതില്‍ അത്ഭുതവുമില്ല. തീര്‍ത്ഥവും പ്രസാദവും ഇല്ലെങ്കിലും ഭക്തജനം അമ്പലങ്ങളിലെത്തി കാണിക്ക ഇടട്ടെ എന്നാണ് അവരുടെ പ്രാര്‍ത്ഥന.
കൊറോണ പടരുന്ന കാലത്ത് ശാരീരിക അകലം സുരക്ഷിതമായി പാലിക്കാതെ ഒത്തുകൂടുന്നവര്‍ ജനശത്രുക്കളാണ്. അവര്‍ അവരെയും മറ്റുള്ളവരെയും ഒരുപോലെ ദ്രോഹിക്കുന്നു. ആത്മദ്രോഹവും പരദ്രോഹവും പരിശീലിക്കുന്നവരില്‍ ഈശ്വരാംശം തീരെ കാണില്ല. അവര്‍ മനുഷ്യനും ദൈവത്തിനും എതിരെ തെറ്റ് ചെയ്യുന്നവരാണ്.
കൊറോണ കോപം ശമിക്കുംവരെ കാത്തിരുന്നു പ്രാര്‍ത്ഥിക്കുക. കൊറോണ പടരുമ്പോള്‍ ദേവാലയങ്ങള്‍ തുറക്കാതിരിക്കുന്നതാണ് യഥാര്‍ത്ഥ ഈശ്വര ആരാധന. അതുകൊണ്ട് ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്നും ദേവസ്വം ബോര്‍ഡും മറ്റുള്ളവരും പിന്മാറണം. ഈശ്വരനെ ദ്രോഹിക്കരുത്…
ഡോ. കെ. എസ്. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: