മുംബൈ: മദ്യരാജാവ് വിജയ്മല്ല്യക്ക് വന്‍തുക വായ്പ നല്കാന് അന്നത്തെ പ്രധാനമന്ത്രി ഡോ. മന്മോഹന് സിങ്ങും ധനമന്ത്രി പി. ചിദംബരവും നിര്‍ദ്ദേശിച്ചതായുള്ള ലണ്ടന്‍ കോടതിയുടെ കണ്ടെത്തലില്‍ വെട്ടിലായത് കോണ്‍ഗ്രസ്.
കോടിക്കണക്കിനു രൂപ വായ്പയെടുത്ത് രാജ്യത്തെ വഞ്ചിച്ച് മല്ല്യ മുങ്ങിയതിന്റെ ഉത്തരവാദിത്വം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്ക്കാണെന്നുറപ്പിക്കുന്ന വെളിപ്പെടുത്തലാണ് കോടതിയുടേത്. രാജ്യം വിടാന്‍ അനുവദിച്ചുവെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കിപ്പോള്‍ മിണ്ടാട്ടമില്ല. 9000 കോടി രൂപയുടെ വായ്പാത്തട്ടിപ്പു കേസില്‍ മല്യയെ ഇന്ത്യക്കു കൈമാറാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്.
മല്ല്യയുടെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയിലെ ജഡ്ജി എമ്മ ആര്‍ബുത്ത് നോട്ട് മന്മോഹനും ചിദംബരത്തിനുമെതിരെ പരാമര്‍ശം നടത്തിയത്. സ്വന്തം നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചാണ് ഇന്ത്യയിലെ ബാങ്കുകള്‍ മല്ല്യയ്ക്ക് വായ്പ നല്‍കിയത്. അന്നത്തെ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും ഉത്തരവ് അവഗണിക്കാന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് എങ്ങനെ കഴിയുമെന്നും ജഡ്ജി ചോദിച്ചിരുന്നു.
ബാങ്കുകള്‍ക്ക് ഇരുവരും കത്തു നല്കിയെന്നു തന്നെയാണ് ജഡ്ജി പറഞ്ഞത്. ബാങ്കുകളുടെ എതിര്‍പ്പു മറികടന്നും മല്ല്യക്കു വായ്പ നല്കാന് മന്മോഹന് സിങ്ങും ചിദംബരവും നിര്‍ദേശിച്ചിരുന്നുവെന്ന് നേരത്തേ തന്നെ ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലാണ് ലണ്ടന്‍ കോടതിയുടെ പരാമര്‍ശം.
മല്ല്യക്കൊപ്പം തന്നെ മന്മോഹന് സിങ്ങും ചിദംബരവും കോടികളുടെ തട്ടിപ്പില്‍ ഉത്തരവാദികളാണെന്ന തരത്തിലാണ് ലണ്ടന്‍ കോടതിയുടെ പരാമര്‍ശം. കരിമ്പട്ടികയില്‍ പെടുത്തിയിരുന്ന മല്ല്യയുടെ കിങ്ഫിഷര്‍ പോലുള്ള കമ്പനികള്‍ക്ക് കോടികള്‍ വായ്പ നല്കാന് മന്മോഹന് സിങ്ങും ചിദംബരവും കത്തു നല്‍കിയതെങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്.
മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പാര്‍ട്ടിക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നു. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയും ധനമന്ത്രിയും തട്ടിപ്പിന് കൂട്ടുനിന്നുവെന്നതില് രാഹുല്‍ നാണിച്ച് തലതാഴ്ത്തണമെന്ന് ഇവര്‍ പറയുന്നു. രാജ്യത്തെ ചട്ടങ്ങളും നിയമങ്ങളും മറികടക്കണമെന്ന് നിര്‍ദേശിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് എങ്ങനെ കഴിഞ്ഞുവെന്ന് പരിശോധിക്കണമെന്നും ആവശ്യമുയര്‍ന്നു.
അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും ഈ പരാമര്‍ശങ്ങള്‍ പ്രതിഫലിക്കും. പാര്‍ട്ടിക്കുള്ളില്‍ വീണ്ടും സ്വാധീനം വര്ധിപ്പിക്കുന്നെന്നു സംശയമുള്ള ചിദംബരത്തിനെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഈ പ്രശ്നം ഉപയോഗിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: